പത്തനംതിട്ടയിൽ രണ്ടിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമെന്നായിരുന്നു ഇന്നലത്തെ വാർത്ത. അടൂർ പഴകുളത്ത് കാറിലെത്തിയ സ്ത്രീയും പുരുഷനും ഒൻപത് വയസുള്ള രണ്ട് പെൺകുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു ഒരു വാർത്ത. കൊടുമൺ അങ്ങാടിക്കലിൽ അഞ്ചാംക്ലാസുകാരനെ കാറിൽ കയറ്റാനും ശ്രമിച്ചെന്നും വാർത്ത പരുന്നു. ഇതോടെ ആകെ ആശയകുഴപ്പവും ആശങ്കയും നിറഞ്ഞു. ഒരുപകൽ ഇരുട്ടിവെളുത്തപ്പോഴും ആശങ്കമാറി. കുട്ടികളെ സഹായിക്കാൻ ലിഫ്റ്റ് ചോദിച്ച സംഭവമാണ് തട്ടികൊണ്ടുപോകലായി ചിത്രീകരിക്കപ്പെട്ടത്.
പഴകുളത്തെ കാടുപിടിച്ച കനാൽ റോഡിലാണ് സംഭവം നടന്നത്. കാറിലുണ്ടായിരുന്നത് നവദമ്പതിമാരായിരുന്നു. യുവതിയുടെ വീട്ടിൽ പോയി മടങ്ങി വരികയായിരുന്നു ഇവർ. കുട്ടികൾ ചെളി വെള്ളത്തിലൂടെ നടക്കുന്നത് കണ്ട് അപ്പുറത്ത് വിടണോ എന്ന് ചോദിച്ച് യുവതിയാണ് ഡോർ തുറന്നു നൽകിയത്. എന്നാൽ പുറത്തുനിന്നുള്ളവർ അധികം സഞ്ചരിക്കാത്ത വഴിയിലെ സംഭവം കണ്ട അയൽക്കാരി വിഷയം പൊതുപ്രവർത്തകരുടെയും പഞ്ചായത്തംഗത്തിന്റെയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് തട്ടികൊണ്ടുപോകൽ കഥയായത്. പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് ഇടപെട്ട് കാറുടമയെ കണ്ടെത്തി മൊഴിയെടുക്കുകയായിരുന്നു.
കൊടുമണ്ണിൽ സംഭവിച്ചതും സമാനമായിരുന്നു. മഴയായിരുന്ന ദിവസം കുട്ടികളോട് സ്കൂളിൽ വിടണോ എന്ന് സഹായം ചോദിച്ചതാണ് പ്രശ്നമായത്. വാഹനത്തിൽ ഉണ്ടായിരുന്നത് കൂടൽ സ്വദേശികളായ അമ്മയും മകനുമായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളും വാഹന ഉടമകളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് ലിഫ്റ്റ് നൽകാനുള്ള ശ്രമമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. ഇരുവരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം മൊഴിയെടുത്തു. രണ്ടു സംഭവത്തിലും തട്ടികൊണ്ടുപോകൽ ശ്രമല്ലെന്ന് ബോധ്യമായതോടെ കേസ് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.