harshina-surgery-protest

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിനെ ഏറെ പ്രതിസന്ധിയിലാക്കിയ സംഭവമായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ ഹർഷീന എന്ന യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്. പിന്നീട് ഹർഷീന നടത്തിയ പ്രതിഷേധവും വലിയ ചർച്ചയായി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികളായ ഡോക്ടർമാർക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, കഴിഞ്ഞ സർക്കാരിന് ഹർഷീനയ്ക്ക് നീതി ഉറപ്പാക്കാനായില്ല.

ഹർഷീനയുടെ പ്രതിഷേധത്തിൽ അന്നത്തെ പ്രതിപക്ഷവും ശക്തമായി പങ്കെടുത്തിരുന്നു. എന്നാൽ, അധികാരത്തിലേറിയശേഷം ‘സർക്കാർ മറന്നോ ഹർഷീനയെ’ എന്ന തരത്തിലുള്ള ചോദ്യങ്ങളുമായി ഒട്ടേറെ വാർത്തകൾ പുറത്തുവന്നു. ധനസഹായം ലഭിച്ചില്ലെന്നും വാഗ്ദാനം പാഴായെന്നും ചൂണ്ടിക്കാട്ടിയുള്ള നിരവധി പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ, ഇത്തരം പ്രചാരണങ്ങൾക്കെതിരെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ് ഹർഷീന.

തന്റെ പേരുപയോഗിച്ച് ചിലർ വിലകുറഞ്ഞ മുതലെടുപ്പ് നടത്തുകയാണെന്നും അവരോട് ചില കാര്യങ്ങൾ വ്യക്തമാക്കാനുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ഹർഷീന ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. ചിലർ തന്റെ പേരുപയോഗിച്ച് രാഷ്ട്രീയനാടകം കളിക്കുകയാണെന്ന് ഹർഷീന ആരോപിക്കുന്നു. തനിക്ക് കഷ്ടപ്പാടുകളും സാമ്പത്തിക ബുദ്ധിമുട്ടുകളുമുണ്ടെന്നത് ശരിയാണ്. എന്നാൽ, ദുഷ്പ്രചാരണങ്ങൾക്കു പിന്നിലുള്ളവരുടെ ഉദ്ദേശ്യം തനിക്കറിയാമെന്നും അവർ പറയുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തെരുവിൽ കിടന്ന് സമരം ചെയ്തതാണ്. അന്ന് തിരിഞ്ഞുനോക്കാത്തവരാണ് ഇന്ന് മുതലക്കണ്ണീരൊഴുക്കുന്നത്. ‘എവിടെയായിരുന്നു നിങ്ങളുടെയൊക്കെ സ്നേഹം?’ എന്നും ഹർഷീന ചോദിക്കുന്നു.

പുതിയ സർക്കാർ അധികാരത്തിലേറി 20 ദിവസത്തിനുള്ളിൽ മെഡിക്കൽ കോളജിൽ ഓഫിസ് അസിസ്റ്റന്റായി സ്ഥിരനിയമനം ലഭിച്ചെന്നും ഇത് തന്റെ ജീവിതത്തിന് സുരക്ഷിതത്വം നൽകിയെന്നും ഹർഷീന കുറിച്ചു.

തനിക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ചും ഹർഷീന കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ മാസം 26ന് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് സംസാരിച്ചെന്നും അദ്ദേഹം നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്നും ഹർഷീന വ്യക്തമാക്കി. ആരോഗ്യമന്ത്രി കെ. മുരളീധരനും ഉറപ്പുനൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നു പറയുന്നത് ഒരു വിവരം പങ്കുവയ്ക്കൽ മാത്രമാണ്. ഇതിന്റെ പേരിൽ രാഷ്ട്രീയവിമർശനം നടത്താൻ തന്റെ പേര് ഉപയോഗിക്കരുതെന്നും ഹർഷീന ആവശ്യപ്പെട്ടു. ‘എന്റെ ജീവിതം വച്ച് ആരും കുളത്തിൽ മീൻ പിടിക്കാൻ വരേണ്ട!’ എന്ന വാക്കുകളോടെയാണ് ഹർഷീന കുറിപ്പ് അവസാനിപ്പിക്കുന്നത്.

ENGLISH SUMMARY:

Harsheena medical negligence case has recently sparked discussions as she criticized those using her name for political gains regarding the Kozhikode Medical College scissors incident. She clarified her current employment status and her ongoing expectations for rightful compensation from the government.