cheranalloor-car-scooter-accident
  • ചേരാനല്ലൂരിൽ തട്ടുകട ഉടമ കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി നിർദേശപ്രകാരം പ്രതിയായ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് രാത്രി വൈകി പരിശോധന നടത്തുകയും ആഡംബര ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ചേരാനല്ലൂർ വാഹനാപകട കേസിൽ പതിനേഴുകാരന്റെ പിതാവും, പ്രതിയുമായ ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച സംഘം ഡിജിറ്റൽ ഉപകരണങ്ങളടക്കം കസ്റ്റഡിയിലെടുത്തു. പതിനേഴുകാരൻ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ആഡംബര ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ അടക്കമുള്ളവരിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു. രാത്രി ഒൻപത് മണിയോടെ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്നരയ്ക്ക് ശേഷമാണ് പൂർത്തിയായത്. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമായിരുന്നു പരിശോധന. ജഡ്ജിയുടെ അറസ്റ്റിനായി ഹൈക്കോടതിയുടെ അനുമതി കാത്തിരിക്കുകയാണ് അന്വേഷണസംഘം.. 

വഴിയില്‍ സഞ്ചാരിക്കുന്ന ഒരാളുടെ ജീവനൊടുക്കാന്‍ 17കാരന് ധൈര്യമുണ്ടായതെങ്ങനെ?

പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബം  ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ജ‍ഡ്ജിക്കെതിരെ വകുപ്പുതല നടപടി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജഡ്ജിയെ സര്‍വീസില്‍നിന്ന് നീക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ജില്ലാ കോടതിയെയും സമീപിക്കും. 

ഇന്നലെ രാത്രി ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ ജയബാലകൃഷ്ണന്‍റെ മക്കള്‍ ഉന്നത പൊലീസ് ഉദ്യാഗസ്ഥരുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി. പൊലീസ് സ്വീകരിച്ച നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. തുടര്‍നടപടികള്‍ക്കായി ഹൈക്കോടതി തീരുമാനം കാത്തിരിക്കുകയാണെന്ന് രേഖകള്‍ കാണിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

കേസിൽ കുട്ടിയുടെ പിതാവും കാറുടമയുമായ അഡിഷനൽ ജഡ്ജിയിൽ നിന്ന് പൊലീസ് വിശദാംശങ്ങൾ തേടിയിരുന്നു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം ചേർന്ന് ജഡ്ജിക്കെതിരായ നടപടി ഉടൻ തീരുമാനിക്കും. കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തിയതിനാൽ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കുട്ടി സ്ഥിരമായി അമിത വേഗതയിൽ വാഹനം ഓടിക്കാറുണ്ടെന്ന് പൊലീസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. 

ഇയാൾ 25 വയസുവരെ ലൈസൻസ് എടുക്കുന്നത് വിലക്കാൻ മോട്ടർ വാഹന വകുപ്പ് നീക്കമാരംഭിച്ചു. അപകടമുണ്ടാക്കിയ കാറിന്റെ RC സസ്പെൻഡ് ചെയ്യും. കേസ് അന്വേഷണം ജില്ല ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. അതിനിടെ അപകടത്തിന് മുൻപ് കാറുമായി ഫ്ലാറ്റിൽ നിന്നും 17 കാരൻ പുറത്തിറങ്ങുന്നതിന്റെ നിർണായ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു

ENGLISH SUMMARY:

The Crime Branch conducted an extensive six-and-a-half-hour overnight search at the residence of the High Court judge whose minor son was involved in the fatal Cheranallur hit-and-run case. Following High Court directives, law enforcement officers also seized a luxury two-wheeler from the flat as part of their investigation. The victim's grieving family is set to move the High Court demanding departmental action and the removal of the judge from service, alongside filing a petition in the District Court to cancel the 17-year-old's bail. Meanwhile, police have approached the magistrate court highlighting the minor's history of reckless driving, while the Motor Vehicles Department moves to block his driver's license until age 25 and suspend the car's registration.