valarmathi

പി.എസ്.സി നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. എല്‍.പി.എസ്.ടി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സമരസമിതി കണ്‍വീനര്‍ വളര്‍മതിയാണ് തല മുണ്ഡനം ചെയ്തത്. ഉടന്‍ തന്നെ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നും അവര്‍ അറിയിച്ചു. സമരം തുടങ്ങി 113 ദിവസം പിന്നിടുകയാണ്. 

മുഖ്യമന്ത്രിയെ ഒരുപാട് തവണ കാണാൻ ശ്രമിച്ചുവെന്നും കാണാൻ സാധിച്ചില്ലെന്നും വളർമതി പ്രതികരിച്ചു. 'സഭ നടക്കുന്ന സമയമായിരുന്നു. പിന്നീട് അവധി ദിവസങ്ങളും. അതുകൊണ്ടുതന്നെ കാണാൻ പറ്റിയില്ല. പിന്നെ നമ്മളെ ഇങ്ങനെ കുറെ ദിവസം ഓരോന്ന് പറഞ്ഞ് ഇരുത്തുക എന്നുള്ളതായിരുന്നു അവരുടെ അജണ്ട. നാല്പത്തിയഞ്ച് ദിവസം സമയം ചോദിച്ചത് സമരം പൊളിക്കാനുള്ള ഒരു നടപടിയായി മാത്രമേ കാണാൻ കഴിയൂ'- വളർമതി പറഞ്ഞു.

'വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് ഈ വിദ്യാഭ്യാസ വകുപ്പിന് അറിയാഞ്ഞിട്ടല്ല. എയ്ഡഡ് അധ്യാപകർ ഇവിടെ വന്ന് സമരം നടത്തിയിട്ടോ നിരാഹാരം കിടന്നിട്ടോ തലമുണ്ഡനം ചെയ്തിട്ടോ ഒന്നുമല്ല അവർക്ക് സർക്കുലർ ഇറക്കി കൊടുത്തത്. ഇത് പണക്കൊഴുപ്പിന്റെ അഹങ്കാരം തന്നെയാണ്. കൃത്യമായിട്ടുള്ള ഒരു കോഴ മന്ത്രിക്കും, മുഖ്യമന്ത്രിക്കും ആ വഴി പോകുന്നുണ്ടാവും. അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്', വളർമതി ആരോപിച്ചു. 

മരണം വരെ നിരാഹാരം എന്ന തീരുമാനത്തിലേക്ക് തന്നെയാണ് പോകുന്നതെന്നും വളർമതി പറഞ്ഞു. 'പതിമൂന്ന് ദിവസം ഒരു സ്ത്രീയെ നിരാഹാരം കിടത്തിയതിനു ശേഷം ചർച്ചയ്ക്ക് വിളിച്ച് പറയുകയാണ് അനുഭാവപൂർവ്വം പരിഗണിച്ചു എന്ന്. പതിമൂന്ന് ദിവസം ഒരു വ്യക്തിയെ ജീവൻ വെച്ച് കളിച്ചിരിക്കുകയാണ്. ഒരാൾക്ക് കഴിയുമോ പതിമൂന്ന് ദിവസം നിരാഹാരം കിടക്കാൻ? അതും ഒരു സ്ത്രീകൾക്ക് അവരുടെ ശാരീരിക ബുദ്ധിമുട്ടുകൾ ഒക്കെ വെച്ചുകൊണ്ട് കഴിയുമോ?', വളർമതി ചോദിച്ചു. 

'മുഖ്യമന്ത്രിയെ സമരസമിതിയിലുള്ള ആളുകൾ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും. അദ്ദേഹത്തെ ഈ ഒരു ആവശ്യം ഒന്നുകൂടെ അറിയിക്കും. കാരണം നമ്മൾ അത്രയും നിർധനരായിട്ടുള്ള ഒന്നിനും കഴിവില്ലാത്ത ആളുകളാണ്. വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മാത്രം അറിയുന്ന കുറച്ചുപേർ'- കണ്ണീരോടെ വളർമതി പ്രതികരിച്ചു. 

 

ENGLISH SUMMARY:

the ongoing protests by LPST rank holders in Kerala as candidates resort to head tonsuring over delayed PSC appointments. The agitation highlights the struggles of job seekers demanding immediate government action and intervention from the Chief Minister.