ചേരാനല്ലൂരിൽ ആഡംബര കാറിടിച്ച് പറവൂർ സ്വദേശിയായ ജയബാലകൃഷ്ണൻ മരിച്ച കേസിൽ കാറോടിച്ച, ജഡ്ജിയുടെ മകനായ പതിനേഴുകാരന് ജാമ്യം. ഇന്നലെ രാത്രിയില്‍ കസ്റ്റഡിയിലെടുത്ത പതിനേഴുകാരന് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡാണ് ജാമ്യം അനുവദിച്ചത്. അതേസമയം, കാറിന്റെ ഉടമയായ അഡീഷണൽ ജഡ്ജ് റിനോ ഫ്രാൻസിസിനെതിരെ കേസെടുക്കുന്നതിൽ പൊലീസ് ഹൈക്കോടതിയുടെ അനുമതി തേടും. നീതി ലഭിക്കുന്നവരെ നിയമപോരാട്ടം തുടരുമെന്ന് ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.
അതിനിടെ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം നൽകിയ പോലീസ് വീഴ്ച എഡിജിപി പി.വിജയൻ അന്വേഷിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോലീസ് നടപടിയിൽ അതൃപ്തി അറിയിച്ചതോടെയാണ് അന്വേഷണത്തിന് ഡിജിപി നിർദ്ദേശിച്ചത്. കൃത്യമായ വകുപ്പുകൾ ചുമത്തുന്നതിലും പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോർഡിനു മുന്നിലും ഹാജരാക്കുന്നതിൽ പൊലീസിന് മനഃപൂർവ്വമായ വീഴ്ച ഉണ്ടായോ എന്നാണ് പരിശോധിക്കുന്നത്. അപകടത്തിന് കാരണമായ വാഹനത്തിന്റെ ഉടമയായ ജഡ്ജിക്കെതിരെ കേസെടുക്കുന്നത് വൈകിയതും അന്വേഷിക്കും. പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടതില്‍ വൻ പ്രതിഷേധം ഉയർന്നിരുന്നു.
ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ നിന്നും എടുത്തുകൊണ്ടുപോയ കാര്‍ പതിനേഴുകാരന് അമിത വേഗതയില്‍ ഓടിച്ചുവെന്നും ഇതിന്റെ ദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പൊലീസ് സ്ഥിരീകരിച്ചു. മണിക്കൂറില്‍ 104 കിലോമീറ്റര്‍ വേഗതയിലാണ് പതിനേഴുകാരന് കാര്‍ 'പറത്തി' അപകടമുണ്ടാക്കിയത്. ഈ ദൃശ്യങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തയാൾ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും അമിതവേഗതയ്ക്കും പ്രതിക്കെതിരെ പൊലീസ് പ്രത്യേകം കേസെടുത്തിട്ടുണ്ട്.