കേരളത്തെയും മുസ്ലിംകളെയും അപമാനിച്ച് വിഡിയോ പോസ്റ്റിട്ട ഉത്തരേന്ത്യന്‍ വ്ലോഗര്‍ അമൃത് സിങ് ഡാരനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണങ്ങൾ നടത്തി വർഗീയ സംശയവും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഫെയ്സ് ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വ്ലോഗര്‍ക്കെതിരെ ആഭ്യന്തരമന്ത്രി രംഗത്തെത്തിയത്.
ആവിഷ്കാര സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കേണ്ടതാണെന്നും അത് സമൂഹത്തിൽ ഭിന്നതയും വർഗീയ വിദ്വേഷവും പടർത്താനുള്ള ഉപാധിയാകരുതെന്നും ചെന്നിത്തല പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ആഭ്യന്തര വകുപ്പ് സ്വീകരിക്കുമെന്നും വിഷയത്തിൽ വ്ലോഗർ അമൃത് സിങ് ഡാരനെതിരെ ഫോർട്ട് കൊച്ചി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കൊച്ചി അമരാവതി സ്വദേശിയായ ജൂഡ് വിപിന്റെ പരാതിയിന്മേല് ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തിരുന്നു. ഫോർട്ട് കൊച്ചിയിൽ മുസ്ലിം ആധിപത്യമാണെന്നും കേരളത്തിൽ മതം പ്രചരിപ്പിക്കാൻ സർക്കാർ ഗൾഫ് പണം വാങ്ങുന്നുവെന്നും അമൃത് സിങ് ഡാരന്‍ ആരോപിച്ചിരുന്നു. ഇത്തരം പരാമർശങ്ങൾ മതവിഭാഗങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും വിദ്വേഷവും വളർത്താനും പൊതുസമാധാനത്തിന് ഭംഗം വരുത്താനും ഇടയാക്കുമെന്നാരോപിച്ചാണ് പൊലീസിൽ പരാതി ലഭിച്ചത്. തുടർന്നാണ് വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തി, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്.
അതിനിടെ വിദ്വേഷ പ്രചരണം നടത്തിയ യൂട്യൂബറെ പിന്തുണച്ച ഇന്‍ഫ്ലുവന്‍സര്‍ ദിയ കൃഷ്ണയ്ക്ക്നേരെയുള്ള വിമര്‍ശനം കടുക്കുകയാണ്. താന്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് ദിയ അറിയിച്ചു. ലിറ്റി ഛോക്ക എന്ന ഹാന്‍ഡിലില്‍ നിന്ന് അമൃത് സിങ് ഡാരന്‍ നടത്തിയ ഫോര്‍ട്ട് കൊച്ചിയെ കുറിച്ചുള്ള വിദ്വേഷ പരാമര്‍ശ വിഡിയോയ്ക്ക് താഴെ ‘സങ്കടകരമായ യാഥാര്‍ഥ്യം’ (Sad Reality) എന്നാണ് ദിയ കൃഷ്ണ കമന്റിട്ടത്. ഇതിന് പിന്നാലെ കമന്റിന്റെ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ ദിയയെ എയറിലാക്കി.