Image: KSDMA

സംസ്ഥാനത്ത് മഴ തുടരവേ റെഡ്– ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് (25/10/2026) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ഇന്ന് വൈകുന്നേരം 03.00 നും 03.30 നും ഇടയില്‍ സൈറണ്‍ മുഴങ്ങും.

അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഈ ജില്ലകളില്‍ വൈകീട്ട് 04.00 നും 04.30 നും ഇടയിലും സൈറണ്‍ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ അറിയിച്ചു.അതേസമയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് ആയതിനാലും അതിതീവ്ര മഴയ്ക്ക് സാധ്യത ഉള്ളതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് സെൽ ബ്രോഡ്കാസ്റ്റ് മെസ്സേജുകളും നൽകുന്നതാണ്.

സംസ്ഥാനത്ത് തുലാവര്‍ഷം കനത്തതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനമൊട്ടുക്ക് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മത്സ്യ ബന്ധനവും വിലക്കിയിട്ടുണ്ട്. 27 വരെ കനത്ത മഴ തുടരും. തമിഴ്നാട്ടിലും മഴ ശക്തമായി തുടരുകയാണ്. ALSO READ: പെരുമഴ വരുന്നു; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്; 10 ജില്ലകളില്‍ ഓറ​ഞ്ച് അലര്‍ട്ട് ...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

റെഡ് അലർട്ട് (അതിതീവ്രമായ മഴയ്ക്കുള്ള സാധ്യത)

  • 25/10/2026: മലപ്പുറം, കോഴിക്കോട്, വയനാട്

ഓറഞ്ച് അലർട്ട് (ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത)

  • 25/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ
  • 26/10/2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

യെലോ അലർട്ട് (ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത)

  • 25/10/2026: കാസര്‍കോട്
  • 26/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്
  • 27/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റ്, ഫെയ്സ്‌ബുക്ക്, എക്സ് പേജുകളും പരിശോധിക്കുക. പുറപ്പെടുവിച്ച സമയം - 01.00 PM, 25/10/2026

ENGLISH SUMMARY:

With heavy northeast monsoon rains pounding Kerala, the State Disaster Management Authority has issued critical red and orange alerts across multiple districts, activating the KaWaCHaM early warning siren network. The India Meteorological Department has placed Malappuram, Kozhikode, and Wayanad under a red alert for October 25, 2026, triggering automated sirens alongside direct emergency cell broadcast alerts to mobile phones. Ten other districts are under an orange alert, where warning sirens will sound between 4:00 PM and 4:30 PM to urge public preparedness against potential flash floods and landslides. Authorities have enforced a complete ban on fishing activities and advised extreme caution state-wide as heavy rainfall is forecasted to persist until October 27.