hibi-eden-condemns-amrit-singh-daren

ഫോർട്ടുകൊച്ചിയെക്കുറിച്ച് വർഗീയ പരാമർശം നടത്തിയ ഇൻഫ്ലുവൻസർ അമൃത് സിങ് ഡാരനെതിരെ ഹൈബി ഈഡൻ എം.പി. അമൃത് സിങ് ഡാരന്‍റെ പരാമർശം കേരളത്തിന് എതിരായ വടക്കേന്ത്യൻ ലോബിയുടെ പ്രചാരണത്തിന്‍റെ ഭാഗമാണെന്നും ഫോർട്ടുകൊച്ചി മതസൗഹാർദത്തിന്‍റെ ഇടമാണെന്നും ഹൈബി ഈഡൻ പറഞ്ഞു. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും വിവിധ സമുദായങ്ങൾ ഒന്നിച്ചുജീവിക്കുന്ന സാംസ്കാരിക സൗഹാർദ കേന്ദ്രങ്ങളാണ്. ബീഫിന്റെയും ജിന്നയുടെ ചിത്രത്തിന്റെയും പേരിൽ വിദ്വേഷം പടർത്താനുള്ള നീക്കത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഹൈബി വ്യക്തമാക്കി.

ലോകത്തിൽ കണ്ടിരിക്കേണ്ട 50 നഗരങ്ങളുടെ പട്ടികയിലാണ് കൊച്ചി. ഇത് തകർക്കാനുള്ള ശ്രമമാണ്. അമൃത് സിങ്ങിന് തന്‍റെ സുരക്ഷയിൽ ആശങ്ക വേണ്ട. ജിന്നയുടെ ചിത്രം ഉൾപ്പെടുത്തിയത് ആർട്ട് വർക്കിന്‍റെ ഭാഗമാണെന്നും ഹൈബി പ്രതികരിച്ചു. യുപിയിൽ നിന്നുള്ള ബീഫ് കയറ്റുമതിയും ഭക്ഷണ ശീലങ്ങളിലെ വ്യക്തിസ്വാതന്ത്ര്യവും ഓർമിപ്പിച്ചായിരുന്നു ഹൈബിയുടെ പ്രതികരണം.

ഹൈബിയുടെ വാക്കുകള്‍: ‘അമൃത് സിങ് ഡാരൻ എന്ന യൂട്യൂബര്‍ നടത്തിയ വിദ്വേഷം തുപ്പുന്ന, വർഗീയത തുളുമ്പുന്ന വാക്കുകൾ മലയാളികളുടെ ആത്മാഭിമാനത്തിന് ക്ഷതമുണ്ടാക്കിയിരിക്കുകയാണ്. യഥാർഥത്തിൽ കേരളത്തിന് നേരെയുള്ള വളരെ ആസൂത്രിതമായ ആക്രമണമാണിത്. കാരണം ലോകത്തിൽ കണ്ടിരിക്കേണ്ട 50 നഗരങ്ങളുടെ പട്ടികയിലാണ് കൊച്ചി. ആ കൊച്ചി മാത്രമല്ല, കേരളത്തിന്‍റെ ടൂറിസം രംഗത്തെ തന്നെ തകർക്കാൻ വേണ്ടിയിട്ടുള്ള ആസൂത്രിതമായ നീക്കത്തിന്‍റെ ഭാഗമാണ് ഈ വിഡിയോ. വടക്കേയിന്ത്യൻ ലോബിയാണ് ഇതിന് പിന്നില്‍.

ഈ വിഡിയോ കേവലം ഒരു പരാമർശമായോ ഒറ്റപ്പെട്ട സംഭവമായോ കാണാൻ പറ്റില്ല. അദ്ദേഹത്തിന്‍റെ വിഡിയോകളുടെ പാറ്റേണ്‍ പരിശോധിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും. അദ്ദേഹം ആർട്ടിസ്റ്റ്, ആക്ടർ, വ്ലോഗർ എന്നിങ്ങനെയാണ് പ്രൊഫൈലിൽ ചേർത്തിരിക്കുന്നത്. അതിന്‍റെ കൂടെ സംഘി എന്ന് കൂടി പ്രൊഫൈലില്‍ എഴുതിച്ചേർക്കേണ്ടതാണ്. കാരണം നിരന്തരമായി ഇന്ത്യയിൽ വിദ്വേഷം തുളുമ്പുന്ന, വർഗീയത പടർത്തുന്നതാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങള്‍.

അദ്ദേഹം കേരളത്തിൽ വന്നു എന്ന് പറഞ്ഞു. ഫോർട്ട് കൊച്ചിയിലാണ് താമസിച്ചതും ഭക്ഷണം കഴിച്ചതും എന്ന് പറഞ്ഞു. ഫോർട്ട് കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും സവിശേഷത എന്ന് പറയുന്നത് 16 ചതുരശ്ര കിലോമീറ്ററില്‍ ജൂതന്‍മാരുള്‍പ്പെടെയുള്ള മുപ്പതിലധികം കമ്മ്യൂണിറ്റികള്‍, ഗുജറാത്തികള്‍ മറാത്തികള്‍ ഒന്നിച്ച് സൗഹൃദത്തോടെ ജീവിക്കുന്നതാണ്. എന്തിനേറെ പറയുന്നു ചരിത്രപരമായ വ്യാപാരങ്ങളും വാണിജ്യങ്ങളും കേന്ദ്രീകരിച്ചയിടം, ഒരുപക്ഷേ കേരളത്തിൽ ഏറ്റവും നല്ല വടക്കേന്ത്യന്‍ ഭക്ഷണം ലഭിക്കുന്ന ഒരു സ്ഥലവും കൂടിയാണ് ഫോർട്ട് കൊച്ചി– മട്ടാഞ്ചേരി എന്ന് പറയുന്നത്.

അങ്ങനെ സാമുദായിക സൗഹാർദം വലിയ ചിഹ്നമായുള്ള, ലോകത്തിലെ മുഴുവൻ കലാകാരന്‍മാര്‍ വരുന്ന മുസിരിസ് ബിനാലെ നഗരമായ കൊച്ചി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി അത് കേവലം ബീഫിന്‍റെയും ജിന്നയുടെയും പേരിൽ വർഗീയവൽക്കരിച്ച് ആളുകളെ തമ്മിൽ തല്ലിപ്പിക്കാൻ വേണ്ടിയിട്ടുള്ള ഈ വ്ലോഗറിന്‍റെ ശ്രമം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് കേസ് എടുത്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

വർക്കലയെക്കുറിച്ചും ഇയാള്‍ വർഗീയ പരാമർശങ്ങൾ അദ്ദേഹം നടത്തി എന്ന് പറയപ്പെടുന്നു. കേരളത്തിന്‍റെ പ്രകൃതിഭംഗി, ഇന്‍ഫ്രാസ്ട്രക്ചര്‍, വൃത്തി എല്ലാം അയാള്‍ കാണണം. കൊച്ചി മെട്രോ റെയിലും വാട്ടര്‍ മെട്രോയിലുമെല്ലാം അദ്ദേഹം യാത്ര ചെയ്യണം. അദ്ദേഹം ഹൈക്കോടതിയിൽ നിന്ന് ഒരു ടിക്കറ്റ് എടുത്ത് വാട്ടര്‍ മെട്രോയില്‍ ഫോർട്ട് കൊച്ചിയിൽ പോയാൽ അദ്ദേഹത്തിന് ഒരിക്കലും ഇങ്ങനെ ഒരു പരാമർശം നടത്താൻ സാധിക്കില്ല. അപ്പോൾ ഇത് വളരെ ആസൂത്രിതമാണ്. യാദൃശ്ചികമായി വന്ന ഒന്നല്ല.

കേസ് എടുക്കണം എന്ന് മാത്രമല്ല കേരളം ഒന്നാകെ ഇതിനെതിരെ വലിയ പ്രതിരോധവും പ്രതിഷേധവും സൃഷ്ടിക്കാൻ സാധിക്കണം. അദ്ദേഹം യുപി സ്വദേശിയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ശ്രീ അമൃത് സിങ് ഡാരനോട് പറയാനുള്ളത് നിങ്ങൾ യോഗി ആദിത്യനാഥിന്റെ മുഖത്ത് നോക്കി പറയണം. ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്ന് ബീഫ് കയറ്റുമതി ചെയ്യുന്നത് യുപിയാണ്. അപ്പോൾ യുപി സംസ്ഥാനത്തിന്‍റെ സാമ്പത്തികാവസ്ഥയുടെ പ്രധാന ഘടകം ബീഫ് കയറ്റുമതിയിലാണ്. ആ ബീഫ് കയറ്റുമതി അടിയന്തരമായി നിർത്തിവെക്കാൻ പറയണം. ഇത്രയും വലിയ ധർമ്മം പരിപോഷിപ്പിക്കുന്ന, പരിപാലിക്കുന്ന, പ്രചരിപ്പിക്കുന്ന ഒരു വ്യക്തി അതിന് തയ്യാറാകണം എന്ന് ഞാൻ വിനീതമായി അഭ്യർഥിക്കുകയാണ്.

പിന്നെ അദ്ദേഹത്തിന്‍റെ വിഡിയോ ആരംഭിക്കുന്നത്... എനിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ കേരളത്തിലുള്ളവരാണ് ഉത്തരവാദികൾ എന്ന് പറഞ്ഞാണ്. അതിഥി ദേവോ ഭവ എന്ന് പറയുന്നതുപോലെ ദൈവത്തിന്‍റെ സ്വന്തം നാട്ടിലാണ് നിങ്ങള്‍. ഇവിടെ നിങ്ങളെ ആരെയും ആക്രമിക്കില്ല. ഏറ്റവും ബഹുമാനത്തോടുകൂടിയേ കേരളത്തിൽ നിങ്ങളെ ട്രീറ്റ് ചെയ്യുള്ളൂ. കേരളത്തിൽ നിങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക ഞങ്ങളുടെ ഉത്തരവാദിത്തമാണ്.

അതുമാത്രമല്ല അദ്ദേഹം കാശിയിൽ പോയി... ആർട്ട് കഫേയിൽ ആർട്ട് ആണല്ലോ പ്രചരിപ്പിക്കുന്നത്. ആർട്ട് എക്സിബിഷനുകൾ ആണല്ലോ നടക്കുന്നത്. ആർട്ടിസ്റ്റുകളുടെ പ്രചരിപ്പിക്കുന്ന ചിത്രങ്ങളും വര്‍‌ക്കുകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. പിന്നെ അദ്ദേഹം മെനുവിൽ ബീഫ് കണ്ടതൊക്കെ പറഞ്ഞു. നിങ്ങൾ എനിക്ക് തോന്നുന്നു ഫോർട്ട് കൊച്ചിയിൽ മാത്രമാണ് പോയത്. തൃപ്പൂണിത്തുറ പേട്ടയിൽ പോയാൽ ശ്രീ മുരുക കഫെയിൽ നിന്ന് നല്ല പഴംപൊരിയും ബീഫും കൂടി ആസ്വദിച്ചിട്ട് പോകാൻ സാധിക്കും. അത് ശ്രീ മുരുകന്‍റെ പേരിലുള്ള കഫേയാണ്. അപ്പോൾ ഇതുപോലുള്ള വിഡ്ഢിത്തം വിളമ്പാൻ വേണ്ടി ദൈവത്തെയോർത്ത് കേരളത്തിലേക്ക് വരരുത്. ഞങ്ങൾക്ക് നിങ്ങളോട് പറയാനുള്ളത് കേരളത്തിൻറെ പ്രകൃതിഭംഗിയും സൗന്ദര്യവും എല്ലാം ആസ്വദിക്കാൻ വീണ്ടും പഠിച്ചിട്ട് വരണം. അല്ലാതെ വിഡ്ഢിത്തം പറയാൻ വേണ്ടി ദൈവത്തെയോർത്ത് ദൈവത്തിൻറെ സ്വന്തം നാട്ടിലേക്ക് വരരുത് എന്ന് വിനീതമായി അമൃത് സിങ് ചാരനോട് ഞങ്ങൾ അപേക്ഷിക്കുകയാണ്.’

ENGLISH SUMMARY:

Hibi Eden MP strongly condemned North Indian vlogger Amrit Singh Daran for making hate-filled and communally divisive remarks targeting Fort Kochi and Kerala's secular culture. Speaking to the media, the MP stated that the controversy is part of a planned campaign by a North Indian lobby aimed at ruining Kerala's thriving tourism sector. Addressing the vlogger's objections to beef consumption, Hibi Eden pointedly reminded him that his home state of Uttar Pradesh leads the nation in beef exports. He emphasized that Fort Kochi remains a beacon of communal harmony accommodating over 30 diverse communities, and assured the vlogger that he faces no safety threats in "God's Own Country."