high-court

പിഎസ്‌സി പരീക്ഷാക്രമക്കേട് കേസിൽ സർക്കാരിന് മെല്ലെപ്പോക്കെന്ന രൂക്ഷവിമർശനവുമായി ഹൈക്കോടതി. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി, എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് ചോദിച്ചു. അന്വേഷണം തടയാൻ കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും സർക്കാരിന് അന്വേഷണം തുടരാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

പ്രതികളെ പിടികൂടുന്നില്ലെങ്കിൽ അന്വേഷണം നടക്കുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടതെന്നായിരുന്നു ജസ്റ്റിസ് എ.ബദറുദ്ദിന്‍റെ വിമർശനം. പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്? പ്രതികളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കോടതി നടപടികൾ തടസ്സമല്ലെന്നും സിംഗിൾ ബെഞ്ച്. അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാരിന്‍റെ മറുപടി. എന്നാൽ എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് കോടതിയുടെ മറുചോദ്യം. പ്രധാന പ്രതികളെ ചോദ്യം ചെയ്യാതെ ഒഴിവാക്കുകയാണ്. പ്രതികളെ ചോദ്യം ചെയ്യാൻ പോലും കഴിയുന്നില്ലെങ്കിൽ പിന്നെ എന്താണ് അന്വേഷണമെന്നായിരുന്നു കോടതിയുടെ വിമർശനം.

പി.എസ്‌.സി ഹർജി ഫയൽ ചെയ്തതുകൊണ്ട് അന്വേഷണം തടസ്സപ്പെടില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം തടയുന്ന ഉത്തരവൊന്നും കോടതി പുറപ്പെടുവിച്ചിട്ടില്ല. സർക്കാരിന് അന്വേഷണം നടത്താൻ സ്വാതന്ത്ര്യമുണ്ട്. എന്നിട്ടും സർക്കാർ അന്വേഷണം നടത്തുന്നില്ല. കോടതി പറഞ്ഞാൽ മാത്രമേ നടപടി സ്വീകരിക്കൂ എന്ന നിലപാടാണോ സർക്കാരിന്‍റേതെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ ചോദിച്ചു. കോടതി നടപടികളെ അന്വേഷണം തടയാനുള്ള ആയുധമായി ഉപയോഗിക്കുകയാണെന്നും, അന്വേഷണം മന്ദഗതിയിലാക്കുകയാണെന്നും കോടതി വിമർശിച്ചു. സർക്കാരും പ്രതിപക്ഷവും ഒത്തുകളിച്ചാൽ ജനങ്ങൾക്ക് മനസ്സിലാകും. ജനങ്ങളുടെ വികാരം മനസ്സിലാക്കണമെന്നും കോടതി ഓർമിപ്പിച്ചു. 

Kerala High Court Slams Government Over PSC Exam Malpractice Probe: