pinarayi-vijayan

സിഎംആര്‍എല്‍ ഇടപാടിലെ വിജിലന്‍സ് എഫ്‌ഐആറിനെതിരായ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ശനിയാഴ്ച പരിഗണിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് പിണറായി വിജയന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. അപ്പീലിനെ ശക്തമായി എതിർക്കാനാണ് ഇ.ഡി തീരുമാനം.

സമയമൊട്ടും കളയാതെയാണ് പിണറായി അടക്കമുള്ളവരുടെ നീക്കങ്ങൾ. ഇന്ന് രാവിലെ കോടതിസമയം ആരംഭിച്ചപ്പോൾ തന്നെ സുപ്രീംകോടതി ഉത്തരവ് പിണറായി വിജയൻ അടക്കമുള്ളവർ ഹൈക്കോടതിയിൽ ഹാജരാക്കി. നേരത്തെ അപ്പീലും, അപ്പീൽ അനുമതി അപേക്ഷയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അപ്പീലുകൾ നമ്പറിട്ട് ലിസ്റ്റ് ചെയ്യും. ഇത് ശനിയാഴ്ച പരിഗണിച്ചേക്കുമെന്നാണ് വിവരം. 

സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ പിണറായിക്ക് വേണ്ടി ഹാജരാകും. ജസ്റ്റിസുമാരായ കെ.നടരാജൻ, ജോൺസൻ ജോൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ അനുമതി അപേക്ഷ തള്ളിയത്. ഈ ബെഞ്ച് തന്നെയാകുമോ അപ്പീൽ വീണ്ടും പരിഗണിക്കുക എന്നതിൽ ഉടൻ തീരുമാനമുണ്ടാകും. വിജിലൻസ് എഫ്ഐആറിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പത്തുദിവസത്തേക്കാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുള്ളത്. ഇത് നീട്ടണമെന്ന് ശനിയാഴ്ച പിണറായി അടക്കമുള്ളവർ ആവശ്യപ്പെട്ടേക്കും. ഇഡിയുടെ അന്വേഷണം സുപ്രീംകോടതി തടഞ്ഞിട്ടില്ല. 

എന്നാൽ ഇ.ഡി നടപടികൾക്കെതിരെ തിടുക്കപ്പെട്ട് കോടതിയെ സമീപിക്കേണ്ടതില്ലെന്നാണ് ഹർജിക്കാരുടെ നിലപാട്. അതിനിടെ എൻഫോഴ്മെന്റ് ഡയറക്ട്രേറ്റിന്റെ ഉന്നതതല യോഗം കൊച്ചിയിൽ തുടരുകയാണ്. ഇഡി സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം. നിലവിൽ ഇഡി കൊച്ചി യൂണിറ്റ് അന്വേഷിക്കുന്ന വിവിധ കേസുകളുടെ അവലോകനമാണ് പുരോഗമിക്കുന്നത്. പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യവും യോഗം ചർച്ച ചെയ്തു. അപ്പീലിനെ ശക്തമായി എതിർക്കാൻ തന്നെയാണ് ഇഡി തീരുമാനം.