സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. നേരത്തെ അപ്പീൽ അനുമതി അപേക്ഷ തള്ളിയ ജസ്റ്റിസ് കെ.നടരാജൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തന്നെയാണ് അപ്പീലിൽ വാദം കേൾക്കുക. പിണറായി വിജയന് വീണ്ടും സമൻസ് അയക്കുന്നതിൽ ഇഡി ഉടൻ തീരുമാനമെടുക്കും.

അതിവേഗത്തിലാണ് പിണറായി വിജയൻ അടക്കമുള്ളവരുടെ ഹൈക്കോടതിയിലെ നീക്കങ്ങൾ. ഇന്നലെ സുപ്രീം കോടതി ഉത്തരവ് ഹാജരാക്കിയതിന് പിന്നാലെ ഇന്ന് തന്നെ അപ്പീൽ വിഷയം ഡിവിഷൻ ബെഞ്ചിൽ ഉന്നയിച്ചു. ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുന്നിലാണ് അടിയന്തരമായി അപ്പീലുകൾ പരിഗണിക്കണമെന്ന് പിണറായി അടക്കമുള്ളവർ ആവശ്യമുന്നയിച്ചത്. കേസ് അന്വേഷണം 10 ദിവസത്തേക്കാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുള്ളതൊന്നും പിണറായി ചൂണ്ടിക്കാട്ടി.

എന്നാൽ സമയമുണ്ടല്ലോ, എന്നും തിങ്കളാഴ്ച റെഗുലർ ബെഞ്ച് അപ്പീൽ പരിഗണിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതോടെ, നേരത്തെ അപ്പീൽ അനുമതി അപേക്ഷ തള്ളിയ ജസ്റ്റിസ് കെ.നടരാജൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തന്നെയാകും അപ്പീൽ പരിഗണിക്കുക എന്നുറപ്പായി. പിണറായിയെ കൂടാതെ ടി.വീണ, മുഹമ്മദ് റിയാസ്, വാരിസ് എന്നിവരുടേതടക്കം നാല് സെറ്റ് അപ്പീലുകളാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുക. 

കൈക്കൂലി കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ പിണറായി വിജയന് വീണ്ടും സമൻസ് അയക്കുന്നതിൽ ഇഡി ഉടൻ തീരുമാനമെടുക്കും. നിയമസഭാ സമ്മേളനത്തിന് ശേഷം ഹാജരാകാൻ നിർദേശിക്കാനാണ് സാധ്യത. ഇന്ന് ഹാജരാകാനായിരുന്നു പിണറായിക്ക് ഇഡി ആദ്യം സമൻസ് അയച്ചത്. എന്നാൽ ഹാജരാകാൻ സാധിക്കില്ലെന്ന് കാണിച്ച് പിണറായി ഇന്നലെ മറുപടി നൽകി. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരായ തൻ്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവടക്കം ചൂണ്ടിക്കാണിച്ചാണ് സമൻസിന് പിണറായി മറുപടി നൽകിയത്. നിയമസഭാ സമ്മേളനം നടക്കുന്നതും പിണറായി പരാമർശിച്ചിരുന്നു. എന്തായാലും തിടുക്കപ്പെട്ട നടപടികളിലേക്ക് കടക്കേണ്ട എന്ന നിലപാടിലാണ് നിലവിൽ ഇഡി.

ENGLISH SUMMARY:

CMRL bribe case appeals involving Pinarayi Vijayan will be considered by the Kerala High Court division bench on Monday. The Enforcement Directorate is reviewing its decision on issuing a fresh summons after taking the ongoing assembly session into account.