File image
മുന്‍മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ വീണ്ടും ട്വിസ്റ്റ്. കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് എസ്ഐ ദീപ്തി. തന്റെ പേരില്‍ കള്ളമൊഴി എഴുതിച്ചേര്‍ത്തുവെന്നും ദീപ്തി. എസ്ഐ ദീപ്തിക്കായിരുന്നു മന്ത്രിയുടെ സുരക്ഷാച്ചുമതല.
വീണാ ജോർജിനെ പ്രതിരോധത്തിലാക്കി ഗൺമാൻ അഭിലാഷിന്റെ മൊഴിയും നേരത്തെ പുറത്തുവന്നിരുന്നു. സമരക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് താന്‍ മൊഴി നല്‍കിയത് വീണാ ജോർജ് ആവശ്യപ്പെട്ടതുകൊണ്ടാണെന്ന് അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കെഎസ്‌യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും അഭിലാഷ് എസ്ഐടിയെ അറിയിച്ചു. സമരക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയത്.
Also read: അതും ചീറ്റി! സമരക്കാര്‍ ആയുധമുപയോഗിച്ചെന്ന് പറഞ്ഞത് വീണാ ജോര്‍ജ് ആവശ്യപ്പെട്ടിട്ടെന്ന് ഗണ്‍മാന്‍
ഫെബ്രുവരി 25ന് ആണ് വീണാ ജോർജിനെതിരെ പ്രതിഷേധമുണ്ടായത്. ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു എഫ്ഐആർ. എന്നാൽ ആയുധം കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. മന്ത്രിയുടെ ഗൺമാന്റെ പരാതിയിലാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. കെഎസ‌്‌യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ, വി.വി.അക്ഷയ്, സി.എച്ച്.മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവർ രണ്ടാഴ്ച റിമാൻഡില്‍ കഴിഞ്ഞു.
പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുമാണ് കഴുത്തിന് പരുക്കേറ്റതെന്നു മന്ത്രി വീണാ ജോർജ് പിന്നീടു മൊഴി നൽകി. സംഭവസമയത്ത് മന്ത്രിക്ക് സുരക്ഷയൊരുക്കാൻ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന, കണ്ണൂർ ടൗൺ എസ്ഐ അനൂപ്, ഗ്രേഡ് എസ്ഐ പ്രകാശ്, സിപിഒ അഖിൽ എന്നിവരും ആയുധം കൊണ്ടുള്ള ആക്രമണം നടന്നിട്ടില്ലെന്നാണ് മൊഴി നൽകിയിരുന്നത്.