സിഎംആര്എല്– എക്സാലോജിക് കൈക്കൂലി കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ഇഡി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയിൽ ഇന്നും തുടരും. ഇഡി സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം. പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യവും യോഗം ചർച്ച ചെയ്തു. അപ്പീലിനെ ശക്തമായി എതിർക്കാൻ തന്നെയാണ് ഇഡി തീരുമാനം. അതേസമയം, അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കില്ല.
പിണറായി വിജയന് എതിരെയുളള വിജിലൻസ് കേസിന്റെ അന്വേഷണം സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന നിലപാടിലാണ് ഇ.ഡി. വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട് മാത്രമാണ് കോടതി പരാമർശമെന്ന് ഇ.ഡി സ്പെഷൽ ഡയറക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതല യോഗത്തിൽ വിലയിരുത്തി. 23ന് പിണറായി ഹാജരായില്ലെങ്കിൽ തുടർനടപടിയിലേക്ക് കടക്കാനും ഇഡി തീരുമാനിച്ചു.
,
ഇ.ഡി കേസിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞതാണ് പിണറായിക്ക് എതിരെയുള്ള കള്ളപ്പണ കേസുമായി മുന്നോട്ട് പോകാൻ വഴിയൊരുക്കുന്നത്. മറ്റന്നാൾ പിണറായി വിജയൻ ഹാജരായില്ലെങ്കിൽ നിയമോപദേശത്തിന് ശേഷം തുടർനടപടി സ്വീകരിക്കും. നിലവിലത്തെ സാഹചര്യത്തിൽ നിയമ സഭ സമ്മേളനമടക്കം ചൂണ്ടിക്കാട്ടി പിണറായി ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ വരാനിരിക്കുന്ന നിയമനടപടികളും നിരീക്ഷിച്ചാവും ഇഡിയുടെ തുടർ നീക്കങ്ങൾ. സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി ഡിവിഷൻ ബഞ്ചിനെ സമീപിക്കുമ്പോൾ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കാര്യങ്ങൾ ഇഡിക്ക് പ്രതികൂലമാകാനുള്ള സാധ്യതയുമുണ്ട്. ഇ ഡി സ്പെഷ്യൽ ഡയറക്ടർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതല യോഗത്തിൽ സുപ്രീം കോടതി ഉത്തരവ് വിശദമായി ചർച്ച ചെയ്തു. പ്രോസിക്യൂട്ടർമാരുടെ യോഗത്തിലും പിണറായിക്ക് എതിരെയുള്ള കേസും തുടർനടപടികളും ചർച്ച ചെയ്യും