പ്രതിപക്ഷനേതാവ് പിണറായി വിജയന് സുപ്രീംകോടതിയില്‍നിന്ന് ഇടക്കാല ആശ്വാസം. വിജിലന്‍സ് റജിസ്റ്റര്‍ ചെയ്ത സി.എം.ആര്.എല്‍ കൈക്കൂലി കേസില്‍ അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. പിണറായിക്ക് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ വീണ്ടും സമീപീക്കാം. ഹൈക്കോടതി സ്വതന്ത്രമായി വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സിംഗിള്‍ ബെഞ്ച് വിധിയില്‍ വൈരുധ്യമെമെന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി വേണമെന്ന് നിര്‍ദേശിച്ചു. പ്രാഥമിക അന്വേഷണം നടത്തണമായിരുന്നു. എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്യാം, പക്ഷെ അന്വേഷിക്കാനാവില്ല. മനസ്സര്‍പ്പിച്ച് ഹൈക്കോടതി തീരുമാനമെടുക്കണം. പിണറായിക്ക് ഡിവിഷന് ബെഞ്ചിനെ വീണ്ടും സമീപിക്കാം. ഹൈക്കോടതി സ്വതന്ത്രമായി അപ്പീല്‍ പരിഗണിക്കണം. ആരോപണവിധേയരെ കേള്‍ക്കാതെ എന്തിനാണ് തള്ളിയതെന്നും സുപ്രീംകോടതി ചോദിച്ചു.
അപ്പീല്‍ പരിഗണിക്കുന്നതിനിടെ സര്‍ക്കാരിനേയും ഇഡിയേയും കോടതി വിമര്‍ശിച്ചു. അതിവേഗം എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനെ കോടതി പരിഹസിച്ചു. സര്‍ക്കാരിന്റെ വേഗത്തെ അഭിനന്ദിക്കുന്നു. എഫ്.ഐ.ആറിന് മുന്‍പ് പ്രതിഭാഗത്തെ കേള്‍ക്കണമെന്ന് പറഞ്ഞ കോടതി ഇഡിയുടെ വാദവും തള്ളി. എന്നാല്‍ ഇഡി നടപടികള്‍ക്ക് സ്റ്റേ ഇല്ല.
സുപ്രീംകോടതി നടപടി തിരിച്ചടിയല്ലെന്നാണ് ഇ.ഡി വിലയിരുത്തല്‍. ECIRല്‍ സുപ്രീംകോടതി ഇടപെട്ടിട്ടില്ല. വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട് മാത്രമാണ് സുപ്രീംകോടതി ഉത്തരവ്. 23ന് പിണറായി ഹാജരായില്ലെങ്കില്‍ നിയമോപദേശം തേടിയ ശേഷം തുടര്‍നടപടിയുമായി ഇ.ഡി മുന്നോട്ട് പോകും.
അതേസമയം, പിണറായിയുടെ അപ്പീലിലെ സുപ്രീംകോടതി ഉത്തരവിലൂടെ സര്‍ക്കാര്‍ നിലപാട് ശരിയെന്ന് തെളിഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രാഥമിക അന്വേഷണം നടത്താനായിരുന്നു തീരുമാനം. എഫ്ഐആര്‍ ഇട്ടത് ഹൈക്കോടതി പറഞ്ഞിട്ടെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു. പ്രാഥമിക അന്വേഷണ നീക്കത്തില്‍ മാത്യു കുഴല്നാടന് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു
CMRL - എക്സാലോജിക് കേസിലെ സുപ്രിംകോടതി ഉത്തരവിനെ സിപിഎം നേതൃത്വം സ്വാഗതം ചെയ്തു. സി.പി.എം പറഞ്ഞത് കോടതി അംഗീകരിച്ചു. നിയമവാഴ്ച ഉയര്‍ത്തിയ ഉത്തരവെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മാധ്യമങ്ങളോടു പറഞ്ഞു.
സുപ്രീംകോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ. പ്രതിഭാഗത്തെ കേള്‍ക്കാതിരുന്നത് സര്‍ക്കാരല്ല. ഹൈക്കോടതി തീരുമാനത്തിലാണ് സുപ്രീംകോടതി ഇടപെട്ടതെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
പിണറായി വിജയനെതിരെയുളള കേസില്‍ കോടതിയുടെ ഉത്തരവ് പൂര്‍ണമായി പഠിച്ചതശേഷം പ്രതികരിക്കാമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ ഇൗ വിഷയം അവധാനതയോട് കൂടിയാണ് കൈകാര്യം ചെയ്തത്. ഇതുവരെ സര്‍ക്കാരിനെതിരെ യാതൊരു വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇതിനിടെ സിഎംആര്‍എല്‍ കേസില്‍ പിണറായി കോണ്‍ഗ്രസ് ഡീലെന്ന ആലോപണവുമായി ബിെജപി നേതാവ് ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. പിണറായിയെ രക്ഷപെടുത്താന്‍ രാഹുല്‍ഗാന്ധി ഇടപെട്ടുവെന്നും ,ഇന്ത്യ മുന്നണിയില്‍ വിള്ളലുണ്ടാവാതിരിക്കാനാണ് ഈ ഡീലെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.