സീമാറ്റിൽ ഭാര്യ ഷാനി ഷഫീറിന് ജോലി ലഭിച്ചതിൽ നിയമപരമായി തെറ്റില്ലെങ്കിലും ധാർമികമായി പിഴവുണ്ടായെന്ന് കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷഫീർ.

ധാർമികമായി ശരിയല്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ജോലി രാജിവയ്ക്കാൻ ഭാര്യയോട് പറഞ്ഞതെന്നും വിവാദത്തിൽ കുടുംബം കടുത്ത മാനസിക സംഘർഷത്തിലാണെന്നും ഷഫീർ മനോരമ ന്യൂസിനോട് പറഞ്ഞു. ഇത് ആദ്യമായാണ് വിവാദത്തിൽ കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ബിആർഎം ഷഫീർ പ്രതികരിക്കുന്നത്. 

നിയമനത്തിനും വിജ്ഞാപനത്തിനും പരസ്യവും അഭിമുഖവും ഒക്കെ നിശ്ചയിക്കേണ്ടത് സീമാറ്റാണ്. അത് അവർ ചെയ്യാത്തതിന് തന്നെ ക്രൂശിച്ചിട്ട് കാര്യമില്ലെന്നും ഷഫീർ പറഞ്ഞു. 2016 ൽ സ്ഥാപിച്ച സീമാറ്റിൽ ഇതുവരെ സ്റ്റാഫ് പാറ്റേണും സർവീസ് റൂളും നടപ്പാക്കിയിട്ടില്ല. 2017ൽ ഇടതു സർക്കാർ കാലത്ത് റിസർച്ച് ഓഫീസർമാരെ ക്ഷണിച്ചു കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പിഎച്ച്ഡി ആയിരുന്നു യോഗ്യത. 

എന്നാൽ പാർട്ടിക്കാർക്ക് കയറിക്കൂടാൻ കഴിയാതെ വന്നതോടെ 2018 ഫെബ്രുവരിയിൽ പിഎച്ച്ഡി േവണമെന്ന ഉത്തരവ് നിർബന്ധമാക്കി. ചുരുക്കത്തിൽ റിസർച്ച് ഓഫീസറിന് വേണ്ട യോഗ്യത ബിരുദാന്തര ബിരുദവും എംഎഫിലുമായി ചുരുങ്ങിയെന്നും അത് തന്റെ ഭാര്യയ്ക്ക്  ഉണ്ടെന്നുമാണ് ഷഫീർ പറയുന്നത്. ഇക്കഴിഞ്ഞ വർഷം മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് സീമാറ്റ്  സർവീസ് റൂൾ ബുക്ക് തയാറാക്കി സർക്കാരിന് അയച്ചെങ്കിലും അതിന് അംഗീകാരം ലഭിച്ചിട്ടില്ലെന്നും ഷഫീർ പറയുന്നു . 

ഈ പശ്ചാത്തലത്തിൽ, തന്റെ ഭാര്യയുടെ നിയമനം നിയമവിരുദ്ധമല്ല. അതേ സമയം മറ്റൊരാൾക്ക് അവസരം കിട്ടേണ്ടതായിരുന്നു എന്ന് ധാർമികമായ വശം നോക്കുമ്പോൾ തന്റെ ഭാഗത്ത് പിഴവ് സംഭവിച്ചുവെന്ന് ഷഫീർ പറഞ്ഞു. നിയമനവിവാദത്തോടെ ഭാര്യ കടുത്ത സമ്മർദ്ദത്തിലായെന്നും മനോരമ ന്യൂസ് ഡോട്ട് കോമിന് പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ENGLISH SUMMARY:

Malayala Manorama Online News covers Congress leader BRM Shafeeq admitting a moral lapse regarding his wife's job appointment at Seemat while maintaining it was legally correct. He stated that his family is facing severe mental stress due to the ongoing controversy surrounding the recruitment process.