സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ചവര്‍ക്ക് മരുന്ന് മാറ്റി നല്‍കാമെന്ന നിലപാട് മാറ്റി ആരോഗ്യവകുപ്പ്. മരുന്ന് സുരക്ഷിതമെന്ന സന്ദേശം രോഗികളെ ഫോണ്‍ വിളിച്ച് കൈമാറി. മരുന്ന് മാറ്റിനല്‍കാം എന്നായിരുന്നു ആദ്യ നിലപാട്. ഓര്‍ഡര്‍ ചെയ്ത മരുന്ന് എത്താന്‍ വൈകിയെന്നും നല്‍കിയത് ഡോക്ടര്‍മാര്‍ നല്‍കിയ സാംപിളെന്നും വിശദീകരണം

 

SMA മരുന്ന് നല്‍കിയതില്‍ തെറ്റില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ പ്രതികരിച്ചു. മരുന്ന് മാറ്റാന്‍ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടില്ല. ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് മടിയില്ലെന്നും മന്ത്രി പറഞ്ഞു. മരുന്നിനെക്കുറിച്ച് ഇതുവരെ ആക്ഷേപമില്ല. കൂടുതല്‍ ആളുകള്‍ക്ക് മരുന്ന് എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

 

Also read: ‘എസ്എംഎ ബാധിതരായ കുട്ടികളില്‍ മരുന്ന് പരീക്ഷണം’; ഗുരുതര ആരോപണവുമായി രക്ഷിതാക്കള്‍

അതേസമയം, SMA മരുന്നു വിവാദത്തില്‍ രക്ഷിതാക്കളുടെ ആശങ്കപരിഹരിക്കണമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. ഗുണമേന്‍മയുള്ള മരുന്ന് ഉറപ്പാക്കണമെന്നും ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു.

 

എസ്എംഎ ബാധിതരായ കുട്ടികളില്‍  ആരോഗ്യവകുപ്പ് മരുന്നു പരീക്ഷണം നടത്തുകയാണെന്ന അതീവ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. വർഷങ്ങളായി നൽകി വന്നിരുന്ന മരുന്നിന് പകരം എസ്.എം.എ ക്ലിനിക്കുകളിലൂടെ വിതരണം ചെയ്യുന്ന പുതിയ മരുന്നിന്റെ പാക്കറ്റിൽ ‘ഡോക്ടേഴ്സ് സാംപിൾ’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പഴയ മരുന്നിലൂടെ ആരോഗ്യപുരോഗതി കൈവരിച്ച കുട്ടികൾക്ക് പുതിയ മരുന്ന് ഫലപ്രദമാകുമോ എന്ന ആശങ്കയിലാണ് 108 കുട്ടികളുടെ കുടുംബങ്ങൾ. അതേസമയം, ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി അംഗീകാരം ലഭിച്ച മരുന്നാണ് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. 

 

സർക്കാർ നേരത്തെ നൽകിയിരുന്ന വിദേശകമ്പനിയുടെ മരുന്നിന് പകരം ഇന്ത്യൻ കമ്പനിയുടെ മരുന്നാണ് ഇന്നലെ മുതൽ വിതരണം ചെയ്യുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ലക്ഷങ്ങൾ വിലവന്നിരുന്ന മരുന്ന് യുഡിഎഫ് സർക്കാർ വെറും 8,000 രൂപയ്ക്ക് ലഭ്യമാക്കിയെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശവാദം. എന്നാൽ, സൗജന്യ ചികിത്സയെ ആശ്രയിക്കുന്ന 108 കുട്ടികളുടെ കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കാനോ പുതിയ മരുന്നിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് അവർക്ക് വ്യക്തമായ വിശദീകരണം നൽകാനോ സർക്കാർ വേണ്ടത്ര നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന വിമർശനവും ഉയരുന്നു. അതേസമയം, പുതുതായി വിതരണം ചെയ്യുന്ന ഇന്ത്യൻ നിർമിത മരുന്നിന് രാജ്യത്തെ മരുന്നുകളുടെ ഗുണനിലവാരവും അംഗീകാരവും സംബന്ധിച്ച കാര്യങ്ങൾ നിയന്ത്രിക്കുന്ന സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരമുണ്ടെന്നാണ് വ്യക്തമാക്കുന്നത്.

 

എസ്.എം.എ അപൂർവവും ഗുരുതരവുമായ രോഗമാണ്. രോഗബാധിതരായ കുട്ടികളുടെ കുടുംബങ്ങൾ വലിയ മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ, മരുന്ന് മാറ്റുന്നതിന്റെ കാരണങ്ങൾ, പുതിയ മരുന്നിന്റെ സുരക്ഷ, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകുകയും രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ രക്ഷിതാക്കളുടെ വിശ്വാസം ഉറപ്പാക്കാനും സുതാര്യത പുലർത്താനും ആരോഗ്യവകുപ്പ് തയ്യാറാകണം.

ENGLISH SUMMARY:

Malayala Manorama Online News reports that the Kerala Health Department has clarified that the Spinal Muscular Atrophy (SMA) medicine distributed to patients is safe and meets strict quality standards. Health authorities addressed parents' concerns regarding the new Indian-manufactured medicine while assuring that no compromises are being made on quality.