പിണറായി സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി കടമെടുപ്പ് ധനവകുപ്പ് എതിര്‍ത്തതിന് കൂടുതല്‍ തെളിവ് . കിഫ്ബിയുടെ കടമെടുപ്പ് സര്‍ക്കാരിനെ ബാധിക്കുമെന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാറിന്റെ കുറിപ്പ് പുറത്ത്. എന്നാല്‍ എതിര്‍പ്പ് മറികടന്ന് കടമെടുപ്പുമായി സര്‍ക്കാര്‍ മുന്നോട്ട് പോയെന്നും കുറിപ്പില്‍ പറയുന്നു. 

 

നേരത്തെ കിഫ്ബി വഴിയുള്ള അധിക കടമെടുപ്പിൽ ആശങ്ക രേഖപ്പെടുത്തി അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ എഴുതിയ കുറിപ്പും പുറത്തുവന്നിരുന്നു. കിഫ്ബി വഴിയുള്ള അധിക കടമെടുപ്പ് സർക്കാരിന്റെ ധനലഭ്യതയെയും ദൈനംദിന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . 

 

Also read: 'കണ്ണൂർ കേരളത്തിലല്ലേ?'; കിഫ്ബി ഭൂമി ഇടപാടിൽ മറുപടിയുമായി പിണറായി.

2023 ജൂണിൽ ധനകാര്യ സെക്രട്ടറിയുടെ കുറിപ്പിന് മറുപടിയായാണ് ബാലഗോപാൽ ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ. കിഫ്ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളിലേക്കാണ് കുറിപ്പ് വിരൽചൂണ്ടുന്നത്.

 

കിഫ്ബിയുടെ കടമെടുപ്പിനെതിരെ നേരത്തേ പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾക്ക് ബലം നൽകുന്നതാണ് പുറത്തുവന്ന വിവരങ്ങൾ. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതകളെയും കടമെടുപ്പ് രീതികളെയും ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾക്കിടയിലാണ് മുൻ ധനമന്ത്രിയുടെ നിലപാട് പുറത്തുവന്നിരിക്കുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട പുതിയ വിദഗ്ധ സമിതി റിപ്പോർട്ട് പുറത്തുവരികയും യു.ഡി.എഫ് സർക്കാരിന്റെ തുടർനീക്കങ്ങൾ ചർച്ചയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, ബാലഗോപാലിന്റെ കുറിപ്പ് സിപിഎമ്മിനും എൽഡിഎഫിനും രാഷ്ട്രീയമായി വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. അതിനു പുറമെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാറിന്റെ കുറിപ്പും പുറത്തായിരിക്കുന്നത്. 

 

കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ എത്രത്തോളം ബാധിച്ചുവെന്നതും മുൻ ധനമന്ത്രിയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലവും വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കും.

ENGLISH SUMMARY:

KIIFB loan controversy highlights serious concerns raised by the finance department regarding the LDF government's mounting financial liabilities. The leaked official notes from top officials reveal internal warnings about how excessive borrowing through KIIFB could severely impact Kerala's daily treasury operations.