മുൻ തമിഴ്‌നാട് മുഖ്യമന്ത്രിമാരായ എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്ന അവകാശവാദവുമായി തൃശ്ശൂർ കാട്ടൂർ സ്വദേശിനി കെ.എം. സുനിത വീണ്ടും രംഗത്ത്. ജയലളിതയെ കൊന്നതാണെന്നും സത്യം പുറത്തുകൊണ്ടുവരുന്നതിന് വേണ്ടിയും നീതി ലഭിക്കാനുമായി മറീന ബീച്ചിലെ ജയലളിത സ്മാരകത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം കിടക്കുമെന്നും സുനിത പറഞ്ഞു. 

തനിക്ക് സ്വത്തിലോ രാഷ്ട്രീയത്തിലോ യാതൊരുവിധ താത്പര്യവുമില്ലെന്നും സ്വന്തം ജീവനിൽ ഭയമുള്ളതിനാലാണ് അവസാനമായി വാർത്താസമ്മേളനം വിളിച്ചതെന്നും എറണാകുളം പ്രസ് ക്ലബ്ബിൽ സംസാരിക്കവെ സുനിത പറഞ്ഞു. 

നേരത്തെയും എംജിആറിന്‍റെയും ജയലളിതയുടെയും മകളാണ് താനെന്നുപറഞ്ഞ് സുനിത രംഗത്തെത്തിയിരുന്നു. എം.ജി.ആർ അദ്ദേഹത്തിന്‍റെ ഒരു മലയാളി സഹായിക്ക് തന്നെ നോക്കാന്‍ വേണ്ടിയേല്‍പ്പിച്ചെന്നും 18 വയസ് തികഞ്ഞപ്പോൾ ഡിഎൻഎ പരിശോധന നടത്തി ജയലളിത തന്നെ മകളായി അംഗീകരിക്കുകയായിരുന്നുവെന്നുമാണ് സുനിത അവകാശപ്പെടുന്നത്. 2016 സെപ്റ്റംബർ 22ന് താൻ മകളാണെന്ന കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താൻ ജയലളിത തീരുമാനിച്ചിരുന്നതായി സുനിത പറയുന്നു.

എന്നാൽ അന്ന് രാവിലെ പോയസ് ഗാർഡനിലെത്തിയപ്പോൾ ബോധരഹിതയായി കിടക്കുന്ന ജയലളിതയെ വി.കെ. ശശികല ഉപദ്രവിക്കുന്ന കാഴ്ചയാണ് കണ്ടതെന്നും തുടർന്ന് അവിടുത്തെ ജോലിക്കാരൻ തന്റെ വായ മൂടിക്കെട്ടി അവിടുന്ന് പുറത്താക്കുകയായിരുന്നുവെന്നുമാണ് സുനിതയുടെ ആരോപണം. അന്ന് തന്നെ അമ്മ മരിച്ചുവെന്നും, അതിനുശേഷം നടന്നതെല്ലാം നാടകമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

തന്‍റെ അവകാശവാദം തെളിയിക്കാൻ ജയലളിതയുടെ സഹോദരന്റെ മക്കളുമായി ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്ന് സുനിത പറയുന്നു. പ്രധാനമന്ത്രിക്കും  ആഭ്യന്തര മന്ത്രിക്കും രാഷ്ട്രപതിക്കും പരാതി നൽകിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ടിവികെ കേരള കോർഡിനേറ്റർ സതീഷ് തോന്നയ്ക്കൽ ഉൾപ്പെടെയുള്ളവർക്ക് താൻ ജയലളിതയുടെ മകളാണെന്ന സത്യം അറിയാമെന്നും എന്നാൽ അദ്ദേഹം തന്നിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും സുനിത പറയുന്നു. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ മാധ്യമങ്ങളിൽ മാത്രമാണ് ഇനി പ്രതീക്ഷയുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

A woman from Thrissur named K.M. Sunitha has once again come forward with the claim that she is the daughter of former Tamil Nadu Chief Ministers MGR and Jayalalithaa. During a press meet in Ernakulam, she announced plans to stage an indefinite hunger strike at Jayalalithaa's Marina Beach memorial to demand an investigation into Jayalalithaa's death. Sunitha alleged that she witnessed foul play at Poes Garden before Jayalalithaa's passing and stated that she is willing to undergo a DNA test to prove her claims. She further mentioned that despite submitting petitions to top central authorities, she is turning to the media and public for support in her pursuit of answers.