നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ സത്യരാജ്. വിജയ് രാഷ്ട്രീയ നേതാക്കളെ അഭിസംബോധന ചെയ്യുന്ന രീതിയെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശമനം. വിജയ് നായകനാകുന്ന ജനനായകന്‍റെ റിലീസ് വൈകുന്നതും അദ്ദേഹം പരാമര്‍ശിച്ചു. വിജയ്‌യുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട് അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും സത്യരാജ് പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ വിജയ് 'സ്റ്റാലിൻ അങ്കിൾ' എന്ന് പരിഹസിച്ചതിനെ സത്യരാജ് ശക്തമായി വിമര്‍ശിക്കുകയായിരുന്നു. സ്റ്റാലിനെ വിജയ് ബഹുമാനിക്കുമെന്ന് താൻ കരുതിയിരുന്നു, എന്നാൽ അതുണ്ടായില്ലെന്നും സത്യരാജ് പറഞ്ഞു. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്യേണ്ടിയിരുന്നത് ബഹുമാനത്തോടെ ആകേണ്ടിയിരുന്നു. ‘ജനനായകന്‍റെ’ റിലീസ് പ്രതിസന്ധിയിലാകുന്നതിന് മുൻപ് തന്നെ വിജയ് സ്റ്റാലിനെയും ഡിഎംകെ സർക്കാരിനെയും വിമർശിക്കാന്‍ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
2013 ൽ പുറത്തിറങ്ങിയ വിജയ് ചിത്രം 'തലൈവ'യുടെ റിലീസിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ടൈം ടു ലീഡ്' എന്ന ടാഗ്‌ലൈൻ മൂലം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രം വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. തുടര്‍ന്ന് റിലീസ് സമയത്ത് അന്നത്തെ മുഖ്യമന്ത്രി ജയലളിതയോട് വിജയ് സഹായം അഭ്യര്‍ഥിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നുവെന്നും സത്യരാജ് പറഞ്ഞു. 'ടൈം ടു ലീഡ്' എന്നത് വെറുമൊരു ടാഗ്‌ലൈൻ എന്നതിലുപരി ഒരു രാഷ്ട്രീയ നീക്കമായാണ് അന്ന് എഐഎഡിഎംകെ സർക്കാർ നിരീക്ഷിച്ചിരുന്നത്. അന്ന് വിജയ് ജയലളിതയെ 'ആന്‍റി’ എന്ന് വിളിച്ചിരുന്നെങ്കില്‍ ഇതാകില്ലായിരുന്നു സ്ഥിതി, കൊത്തു പൊറോട്ടയെപ്പോലെ വിജയ് ആക്രമിക്കപ്പെടുമായിരുന്നു എന്നും സത്യരാജ് പറഞ്ഞു. ‘അപ്പോൾ അദ്ദേഹത്തിന് 'നാ റെഡി ധാ' എന്ന് പാടാൻ കഴിയുമായിരുന്നില്ല, പകരം 'തൊട്ട പേട്ട റൊട്ടുമേലെ മുട്ട പൊറോട്ട' എന്ന് പാടേണ്ടി വരുമായിരുന്നു’– സത്യരാജ് പറയുന്നു.
'നൻബൻ, തലൈവ, മെർസൽ തുടങ്ങിയ ചിത്രങ്ങളില്‍ വിജയ്ക്കൊപ്പം അഭിനയിച്ച സത്യരാജ് വിജയ്ക്കെതിരെ രംഗത്തെത്തിയത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. എങ്കിലും സത്യരാജിന്റെ പരാമർശങ്ങൾക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഒരു മുതിർന്ന നടൻ ഇത്തരത്തിൽ സംസാരിക്കാൻ പാടില്ലെന്നാണ് വിജയ് ആരാധകരുടെ പക്ഷം.
അതേസമയം, വിഷയത്തില്‍ സത്യരാജിന്‍റെ മകന്‍ സിബിരാജിന്‍റെ നിലപാടും ചര്‍ച്ചയാകുന്നുണ്ട്. ‘പ്രകോപിപ്പിക്കുകയും വെറുപ്പ് പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് മുൻപിൽ മിണ്ടാതിരിക്കാന്‍ ശീലിച്ചാൽ ജീവിതം സുന്ദരമായിരിക്കും’ എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ സിബിരാജിന്‍റെ പോസ്റ്റില്‍ പറയുന്നത്. വിജയ്‌യുടെ ചിത്രമടക്കം പങ്കിട്ടാണ് പോസ്റ്റ്. ഇത് വിജയ്ക്ക് നൽകുന്ന പരോക്ഷ പിന്തുണയായാണ് വ്യഖ്യാനിക്കുന്നത്.