kseb-report
  • വൈദ്യുതി നിരക്ക് ഇനിയും ഉയരും. നിരക്ക് വ്യത്യാസത്തിന് വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതിയായി. ഏപ്രില്‍ മുതലാണ് മാറ്റം, സര്‍ചാര്‍ജും കൂടും.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും ഉയരാൻ വഴിയൊരുങ്ങുന്നു. വൈദ്യുതി നിരക്ക് പരിഷ്കരണത്തിനും സര്‍ചാര്‍ജ് ഈടാക്കുന്നതിനും വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി വിജ്ഞാപനം പുറത്തിറക്കി. 2027 ഏപ്രിൽ ഒന്നുമുതൽ പുതിയ നയം പ്രാബല്യത്തിൽ വരും. വൈദ്യുതി വാങ്ങിയതിലെ അധിക ചെലവുകൾ ഉൾപ്പെടെ 5,000 കോടി രൂപയുടെ മുൻകാല നഷ്ടം ഉപഭോക്താക്കളിൽനിന്ന് സർച്ചാർജായി ഈടാക്കാനാണ് തീരുമാനം. Also Read: 'തെറ്റുപറ്റി, അന്ന് പിന്തുണച്ചതില്‍ ഖേദിക്കുന്നു'; ഏറ്റുപറഞ്ഞ് ജഗന്‍ മോഹന്‍ റെഡ്ഡി


2027-28 മുതൽ 2031-32 വരെയുള്ള അഞ്ചുവർഷത്തെ വൈദ്യുതി നിരക്ക് നിർണയിക്കുന്നത് പുതിയ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഈ കാലയളവിൽ നാല് വർഷം സർച്ചാർജ് ഈടാക്കും. വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിലെ നിശ്ചിത നിരക്കിന്റെ അടിസ്ഥാനത്തിലും മറ്റ് വിഭാഗങ്ങൾക്ക് നിശ്ചിത ശതമാനത്തിന്റെ അടിസ്ഥാനത്തിലുമാകും സർച്ചാർജ് കണക്കാക്കുക. എന്നാൽ, യൂണിറ്റിന് എത്ര പൈസ വർധിക്കുമെന്നതും പുതുക്കിയ നിരക്ക് ഘടനയും കെഎസ്ഇബി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

വൈദ്യുതി ഉൽപ്പാദനച്ചെലവിൽ ഇന്ധനവില വർധനയെത്തുടർന്നുണ്ടാകുന്ന അധികബാധ്യത ഈടാക്കാൻ നിലവിൽ മാസംതോറും ഇന്ധന സർച്ചാർജ് ചുമത്തുന്നുണ്ട്. ദീർഘകാല വൈദ്യുതി കരാറുകളിലെ അധിക ചെലവ് മാത്രമായിരുന്നു ഇതുവരെ പ്രധാനമായും കണക്കാക്കിയിരുന്നത്. എന്നാൽ, പുതിയ ചട്ടപ്രകാരം ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകളിലുണ്ടാകുന്ന അധിക ചെലവും ഉപഭോക്താക്കളിൽനിന്ന് ഈടാക്കാം. ഇതിനായി റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതി ആവശ്യമില്ല. അതേസമയം, ശരാശരി വൈദ്യുതി വിലയുടെ നാലു ശതമാനത്തിൽ കൂടുതൽ ഇന്ധന സർച്ചാർജായി നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും. വൈദ്യുതി വാങ്ങലിലെ അധികബാധ്യത വേഗത്തിൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുകയാണ് പുതിയ ചട്ടത്തിന്റെ ലക്ഷ്യം.

വൈദ്യുതി ഉപയോഗം കൂടുതലുള്ള പീക്ക് സമയത്തിലും മാറ്റം വരും. നിലവിൽ വൈകിട്ട് ആറുമുതൽ രാത്രി പത്തുവരെയാണ് പീക്ക് സമയം. ഇത് രാത്രി 11.30 വരെ നീട്ടാനാണ് നിർദേശം. ഈ സമയത്ത് ഉയർന്ന നിരക്ക് ഈടാക്കുന്നതിനായി കൂടുതൽ ഉപഭോക്തൃ വിഭാഗങ്ങളിൽ സമയാധിഷ്ഠിത വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കാനും നയം നിർദേശിക്കുന്നു. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയും രാത്രി 11.30 മുതൽ രാവിലെ എട്ടുവരെയും കുറഞ്ഞ നിരക്ക് ഏർപ്പെടുത്താനും നിർദേശമുണ്ട്.

വൈദ്യുതി വിതരണച്ചെലവിന് അനുസരിച്ചായിരിക്കണം നിരക്ക് നിശ്ചയിക്കേണ്ടതെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും നയം വ്യക്തമാക്കുന്നു. ഗാർഹിക ഉപഭോക്താക്കളുടെ സ്ഥിരനിരക്ക് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കാനും നിർദേശമുണ്ട്.

വീടുകളിൽ വൈദ്യുതി സംഭരിക്കുന്നതിനുള്ള സംവിധാനം സ്ഥാപിച്ച് രാത്രികാലങ്ങളിൽ അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്നവർക്ക് പ്രോത്സാഹനകരമായ നിരക്ക് നൽകണമെന്ന നിർദേശവും പുതിയ നയത്തിലുണ്ട്.

മുൻകാല നഷ്ടം നികത്താനുള്ള സർച്ചാർജ്, ഇന്ധനവിലയിലെ മാറ്റങ്ങൾക്കനുസരിച്ചുള്ള അധികബാധ്യത, പീക്ക് സമയത്തെ ഉയർന്ന നിരക്ക് എന്നിവയെല്ലാം ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലിനെ ബാധിക്കാനിടയുണ്ട്. 2027 ഏപ്രിൽ ഒന്നുമുതൽ പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ ഗാർഹിക, വ്യാവസായിക ഉപഭോക്താക്കൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ വൈദ്യുതി ചെലവിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്നത് നിർണായകമാകും.

ENGLISH SUMMARY:

Kerala's electricity tariff policy is set to change from April 1, 2027, following approval from the State Electricity Regulatory Commission. The policy proposes recovering ₹5,000 crore in accumulated losses through surcharges over four years. It also allows additional costs from short-term and emergency power purchases to be passed on to consumers, subject to restrictions. Peak electricity hours may be extended until 11:30 PM, with higher tariffs during peak periods and lower rates at designated off-peak times. Fixed charges for domestic consumers may be linked to connected load. KSEB has not yet announced the exact per-unit tariff increase or the revised tariff structure.