പ്രതീകാത്മക ചിത്രം : (Credit:.facebook.com/AustrianAirlines/vienaspotter)
ഇസ്രയേലില്‍ നിന്ന് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ഓസ്ട്രിയന്‍ എയര്‍ലൈന്‍സിന്റെ ടെല്‍ അവീവ്–വിയന്ന വിമാനമാണ് ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തിലിറക്കിയത്. 51യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. റൊമാനിയന്‍ അതിര്‍ത്തിക്ക് സമീപത്തുവച്ചാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍ ഫൈറ്റര്‍ വിമാനങ്ങള്‍ വിമാനത്തിനടുത്തെത്തി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരെന്നും ബള്‍ഗേറിയന്‍ ഗതാഗതമന്ത്രാലയം വ്യക്തമാക്കി.
എയര്‍ബസ് A320 OS82 വിമാനം പ്രാദേശിക സമയം രാത്രി 9.25 ഓടെ ലാന്‍ഡ് ചെയ്തുവെന്നാണ് ഫ്ലൈറ്റ് ട്രാക്കിങ് ഡേറ്റയിലുള്ളത്. ബള്‍ഗേറിയന്‍ വ്യോമസേനയുടെ ഫൈറ്റര്‍ വിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനം സോഫിയയില്‍ ലാന്‍ഡ് ചെയ്യിച്ചത്.
വിമാനത്തിന്റെ ഡെക്കില്‍ നിന്ന് സംശയാസ്പദമായ വസ്തു കണ്ടെടുത്തുവെന്നും ഇതോടെയാണ് ആശങ്ക ഉയര്‍ന്നതെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎന്നില്‍ പ്രഭാഷണത്തിനായുള്ള യുവാക്കളടങ്ങിയ സംഘമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ പറയുന്നു. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫ്ലൈ ദുബായ് വിമാനത്തില്‍ ക്യാപ്റ്റന്‍ കുത്തേറ്റ സംഭവത്തിന് ആഴ്ചകള്‍ക്ക് ശേഷമുണ്ടായ ബോംബ് ഭീഷണിയെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് വന്ന വിമാനത്തിലെ പൈലറ്റായിരുന്ന സ്മിത് മച്ഛാറിനാണ് അന്ന് സഹ പൈലറ്റിന്റെ ആക്രമണം ഉണ്ടായത്.