ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരം കിട്ടാതെ കുഞ്ഞു മരിച്ച വിവരം ആശവര്‍ക്കറെ അച്ഛന്‍ അറിയിച്ചത് ഇങ്ങനെയാണ്. ‘അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം,ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി’. നിരന്തരം അഭ്യര്‍ഥിച്ചിട്ടും കുഞ്ഞുങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായോ ആശവര്‍ക്കര്‍മാരുമായോ രക്ഷിതാക്കളായ രാജേഷോ താരയോ സഹകരിച്ചിരുന്നില്ല. ഒടുവില്‍ കുഞ്ഞുങ്ങളിലൊരാളുടെ ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ മാത്രമാണ് ആവീട്ടില്‍ സംഭവിച്ചുകൊണ്ടിരുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
രാജേഷ്–താര ദമ്പതികളുടെ ഏറ്റവും ഇളയ കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ബിരുദധാരിയായ രാജേഷ് ഓട്ടോറിക്ഷാ തൊഴിലാളിയാണ്. ദമ്പതികൾക്ക് ഏഴ് കുഞ്ഞുങ്ങൾ ജനിച്ചതായാണ് വിവരം. ഇതിൽ നാലു പെൺകുട്ടികൾ നിലവിൽ ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലാണ്.ആറാമത്തെ കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഏഴാമത്തെ കുഞ്ഞിനെ രണ്ടു ദിവസം മുൻപാണ് താര പ്രസവിച്ചത്. Also Read: 'കാവിന്‍റെ ദോഷമുണ്ട്, മരണം നടക്കുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞു'! രാഹുലിന്‍റെ മരണത്തില്‍ കൂസലില്ലാതെ പിതാവ്
വർഷങ്ങളായി ആശാ വർക്കർമാരും ആരോഗ്യവകുപ്പും ഈ കുടുംബത്തെ നിരീക്ഷിച്ചുവരികയാണ്. എന്നാൽ സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കാൻ ദമ്പതികൾ തയാറായിരുന്നില്ലെന്നാണ് അയൽക്കാർ പറയുന്നത്. നിരീക്ഷണം ശക്തമാകുമ്പോൾ താമസസ്ഥലം മാറും. കുഞ്ഞുങ്ങളെ വീട്ടിലാക്കി താരയും രാജേഷും ഓട്ടോറിക്ഷയുമായി പുറത്തുപോകും. എവിടേക്കാണ് പോകുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ ആർക്കും അറിയില്ല. പ്രസവം നിർത്താനും ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കാനും നിർദേശിക്കുമ്പോൾ അവർ താമസസ്ഥലം മാറിപ്പോകുമായിരുന്നെന്നും അയൽക്കാർ പറയുന്നു.
കോവിഡ് കാലത്താണ് കുടുംബത്തെക്കുറിച്ച് ആരോഗ്യവകുപ്പിനും ഗ്രാമപഞ്ചായത്ത് അധികൃതർക്കും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. ഒന്നര വയസ്സുള്ള കുഞ്ഞിനെ നോക്കിയിരുന്നത് മൂന്നു വയസ്സുള്ള മറ്റൊരു കുഞ്ഞായിരുന്നു. ഒരു ദിവസം കുഞ്ഞ് കരഞ്ഞുകൊണ്ട് ഇഴഞ്ഞുനടക്കുകയാണെന്നും ഭക്ഷണം നൽകിയിട്ടില്ലെന്നും അയൽക്കാർ ആശാ വർക്കർമാരെ അറിയിച്ചു. തുടർന്ന് ആശാ വർക്കറും സൂപ്പർവൈസറും സ്ഥലത്തെത്തി. അങ്ങേയറ്റം വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കുട്ടികളെ കണ്ടത്. വീടിനുള്ളിൽ മുഷിഞ്ഞ വസ്ത്രങ്ങൾ കൂനപോലെ കൂട്ടിയിട്ടിരുന്നു. മാലിന്യം നിറഞ്ഞ സാഹചര്യത്തിൽ കുഞ്ഞുങ്ങൾ വസ്ത്രം പോലുമില്ലാതെ ഇഴഞ്ഞു നടക്കുകയായിരുന്നു. ആശാ വർക്കർമാർ കുഞ്ഞിന് പാലും വസ്ത്രങ്ങളും വാങ്ങിനൽകി. വാർഡ് മെമ്പറുൾപ്പെടെയുള്ളവർ ഇടപെട്ട് അച്ഛനെ വിളിച്ചെങ്കിലും ആദ്യം ഫോണെടുത്തില്ല. നിരന്തരം ബന്ധപ്പെട്ട ശേഷമാണ് രാജേഷ് എത്തിയത്.
കുട്ടികളെ ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മാതാപിതാക്കൾ സമ്മതിച്ചില്ല. വലിയ ബഹളവും തർക്കവുമുണ്ടായി. പിന്നാലെ കുടുംബം അവിടെനിന്ന് മറ്റൊരിടത്തേക്ക് താമസം മാറിയതായും അറിഞ്ഞു. മുതുകുളം, ചിങ്ങോലി, കാർത്തികപ്പള്ളി, മാന്നാർ, ഹരിപ്പാട് തുടങ്ങി പല സ്ഥലങ്ങളിലായി കുടുംബം മാറിമാറി താമസിച്ചു. രണ്ടു കുഞ്ഞുങ്ങളെ ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലേക്ക് മാറ്റിയിരുന്നെങ്കിലും കഴിഞ്ഞ മാർച്ചിൽ രാജേഷും താരയും അവരെ തിരിച്ചുകൊണ്ടുവന്നു. ജൂണിൽ കുട്ടികളെ സ്കൂളിൽ ചേർക്കാമെന്ന് രാജേഷ് അറിയിച്ചെങ്കിലും അതിനുള്ള നടപടികളുണ്ടായില്ല.
തുടർന്ന് കൗൺസിലറുൾപ്പെടെയുള്ളവർ ഇടപെട്ട് കാർത്തികപ്പള്ളിയിലെ സ്കൂളിൽ കുട്ടികൾക്ക് പ്രവേശനം നേടി. എന്നാൽ താമസിയാതെ മുതുകുളത്തേക്ക് പോകുകയാണെന്ന് അറിയിച്ച് കുടുംബം വീണ്ടും സ്ഥലംവിട്ടു. ഒരു അഭിഭാഷകന്റെ പരിചയത്തിൽ അവിടെ താമസമാക്കിയതായാണ് പിന്നീട് അറിഞ്ഞത്. കുറച്ചുദിവസത്തിനുശേഷം തിരിച്ചെത്തിയ കുടുംബം രാജേഷിന്റെ സഹോദരന്റെ വീട്ടിൽ താമസിച്ചു. സഹോദരൻ വീട് പൂട്ടിപ്പോയതോടെ മുറ്റത്തായി താമസം. സമീപത്തെ വീട്ടിലെ സ്ത്രീ നൽകിയ മെത്തയിലായിരുന്നു പിന്നീട് ഉറക്കം.
തുടർന്ന് കൗൺസിലറുടെ ഇടപെടലിൽ പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക് മാറ്റി. എന്നാൽ കുറച്ചുദിവസം കഴിഞ്ഞപ്പോൾ ആത്മഹത്യാഭീഷണി മുഴക്കി അവിടെനിന്നും മടങ്ങി. പിന്നീട് കൈമുട്ടി കോളനിയിൽ താമസമാക്കി. അന്നുമുതൽ ആരോഗ്യവകുപ്പ് വീണ്ടും കുടുംബത്തെ നിരീക്ഷിച്ചുവരികയായിരുന്നു.
ഓഗസ്റ്റ് മുതൽ ദിവസവും ആരോഗ്യവകുപ്പിൽനിന്ന് ഓരോരുത്തർ വീതം എത്തി കുടുംബത്തിന്റെ സ്ഥിതിഗതികൾ അന്വേഷിച്ചിരുന്നു. കുഞ്ഞുങ്ങളെ ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലേക്ക് മാറ്റണമെന്നും പ്രസവശേഷം താരയെ തിരിച്ചെത്തിക്കാമെന്നും അധികൃതർ നിർദേശിച്ചു. എന്നാൽ അപ്പോഴും ദമ്പതികൾ സഹകരിച്ചില്ലെന്നും ആത്മഹത്യാഭീഷണി മുഴക്കിയെന്നുമാണ് വിവരം. ഒൻപതാം മാസമായതിനാൽ താരയ്ക്ക് കൂടുതൽ മാനസിക സമ്മർദമുണ്ടാകാതിരിക്കാൻ അധികൃതർ പിന്മാറുകയായിരുന്നു.
രണ്ടു ദിവസം മുൻപ് താരയ്ക്ക് പ്രസവവേദനയുണ്ടായി. അപ്പോൾ രാജേഷ് വീട്ടിലുണ്ടായിരുന്നില്ല. കുഞ്ഞുങ്ങൾ വിവരം അറിയിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ജീവനക്കാരെത്തിയാണ് താരയെ ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ രാജേഷ് മറ്റു കുഞ്ഞുങ്ങളെ എങ്ങോട്ടോ കൊണ്ടുപോയി. രാത്രി തിരിച്ചെത്തിയതോടെ അയൽക്കാർ അധികൃതരെ വിവരമറിയിച്ചു.
ഇന്നലെ രാവിലെ ആറരയോടെ അയൽക്കാർ വീണ്ടും അധികൃതരെ വിളിച്ചു. ദമ്പതികൾ ഓട്ടോറിക്ഷയിൽ കയറുന്നത് കണ്ടെന്നും ഇളയ കുഞ്ഞിന് എന്തോ സംഭവിച്ചതായും അനക്കമില്ലാത്തതുപോലെ തോന്നുന്നുവെന്നും അവർ അറിയിച്ചു. അന്വേഷിച്ചപ്പോൾ കുഞ്ഞ് വി കെയർ ആശുപത്രിയിലാണെന്നാണ് രാജേഷ് പറഞ്ഞത്. തുടർന്ന് ആശാ വർക്കർമാർ വിളിച്ചപ്പോൾ രാജേഷിന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു.
“അയ്യോ ടീച്ചറേ... ഒരു കാര്യം പറയാം, ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി”,ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് കുഞ്ഞിനെ ഹരിപ്പാട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദമ്പതികൾ കുട്ടികളെ ഉപദ്രവിച്ചതായി അറിവില്ലെന്നാണ് അയൽക്കാർ പറയുന്നത്. ഇവർ അന്ധവിശ്വാസികളാണോ എന്നതിനെക്കുറിച്ചും വ്യക്തമായ വിവരമില്ല. ഏതെങ്കിലും ജ്യോത്സ്യന്റെ നിർദേശപ്രകാരമാണോ ദമ്പതികൾ ഇങ്ങനെ പെരുമാറിയതെന്നും വ്യക്തമല്ല. കുട്ടികൾക്ക് കൃത്യമായി ഭക്ഷണം നൽകിയിരുന്നോ എന്നതിൽ സംശയമുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്. ആശാ വർക്കർമാർ നൽകുന്ന പോഷകാഹാരം പോലും പാകംചെയ്ത് കുട്ടികൾക്ക് നൽകിയിരുന്നില്ലെന്നാണ് ആരോപണം. രാജേഷ് വൈകുന്നേരങ്ങളിൽ മദ്യപിച്ചാണ് വീട്ടിലെത്താറുള്ളതെന്നും അയൽക്കാർ പറയുന്നു.
പ്രസവം നിർത്താനും ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കാനും ആരോഗ്യവകുപ്പ് അധികൃതർ പലതവണ നിർദേശിച്ചെങ്കിലും ഫലമുണ്ടായില്ല. കുടുംബാസൂത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും ഇരുവരും വഴങ്ങിയില്ലെന്നാണ് വിവരം. പ്രസവം നിർത്താൻ തനിക്ക് പേടിയാണെന്നായിരുന്നു താരയുടെ മറുപടി. ഇതിനായി ആശുപത്രിയിൽ പോകാൻ സമയമില്ലെന്നും തനിക്ക് ജോലിക്കു പോകേണ്ടതുണ്ടെന്നുമായിരുന്നു രാജേഷിന്റെ നിലപാട്. ഗർഭിണിയാണോ എന്ന് ആശാ വർക്കർമാർ അന്വേഷിക്കുമ്പോൾ താൻ തടിവച്ചതാണെന്നായിരുന്നു താരയുടെ മറുപടി. എന്നാൽ ഒടുവിൽ കഴിഞ്ഞ ദിവസം പ്രസവം നിർത്താൻ തയാറാണെന്നും ഇനിയും വയ്യെന്നുമാണ് താര പ്രതികരിച്ചത്.
വർഷങ്ങളായി ആരോഗ്യവകുപ്പും പ്രാദേശിക സംവിധാനങ്ങളും ഇടപെട്ടിട്ടും ഈ കുടുംബത്തിലെ കുഞ്ഞുങ്ങളുടെ ദുരിതത്തിന് അറുതിയുണ്ടായില്ലെന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ ഉയർത്തുന്ന പ്രധാന ചോദ്യം. താമസസ്ഥലം മാറിയും അധികൃതരുടെ ഇടപെടലുകളിൽനിന്ന് ഒഴിഞ്ഞുമാറിയും കഴിഞ്ഞ കുടുംബത്തിലെ കുട്ടികൾക്ക് മതിയായ ഭക്ഷണവും പരിചരണവും സുരക്ഷിതമായ ജീവിതസാഹചര്യങ്ങളും ഉറപ്പാക്കാനായോ?
ഒരു കുഞ്ഞിന്റെ മരണത്തോടെ അവസാനിക്കേണ്ടതല്ല ഈ സംഭവം. കുടുംബത്തിലെ മറ്റു കുട്ടികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനൊപ്പം, നേരത്തേ നടന്ന ഇടപെടലുകളിൽ എവിടെയാണ് വീഴ്ചയുണ്ടായതെന്ന് പരിശോധിക്കേണ്ടതുമുണ്ട്. ഇനി ഒരു കുഞ്ഞിനും ഇത്തരമൊരു ദുരവസ്ഥയുണ്ടാകാതിരിക്കാൻ അടിയന്തരമായ ഇടപെടലും അനിവാര്യമാണ്.