ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈ–ചൂരൽമലയിലെ കെട്ടിട ഉടമകൾക്കും സംരംഭകർക്കും കഴിഞ്ഞ എല്‍.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കടലാസിലൊതുങ്ങി. മന്ത്രിസഭായോഗം തീരുമാനമെടുത്ത് എട്ടു മാസം പിന്നിട്ടിട്ടും ഒരു രൂപ പോലും ലഭിച്ചില്ല. ബാങ്ക് വായ്പ തിരിച്ചടയ്ക്കാനാകാതെയും വരുമാനം നിലച്ചും പെരുവഴിയിലാണ് ദുരന്തബാധിതരിപ്പോള്‍. 

കഴിഞ്ഞ ഫെബ്രുവരി 20-നാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സംരംഭകർക്കും കെട്ടിട ഉടമകൾക്കും നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിറക്കിയത്. തകർന്ന ഒരു കടയ്ക്ക് 7 ലക്ഷം രൂപയും, അധികമുള്ള ഓരോന്നിനും രണ്ടര ലക്ഷം വീതവും നൽകുമെന്നായിരുന്നു വാഗ്ദാനം. സംരംഭങ്ങൾക്ക് അവയുടെ നഷ്ടത്തിന്റെ 50 ശതമാനം അല്ലെങ്കിൽ പരമാവധി 20 ലക്ഷം രൂപ വരെ സഹായവും പ്രഖ്യാപിച്ചു. എന്നാൽ ഉത്തരവിറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ഒരു രൂപപോലും ദുരിതബാധിതര്‍ക്ക് ലഭിച്ചിട്ടില്ല.‌ പരാതിയുമായി ജില്ലയുടെ ചുമതലയുള്ള നിലവിലെ മന്ത്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 

മാർച്ചിൽ കലക്ടറേറ്റിൽ ക്യാംപ് സംഘടിപ്പിച്ച് പട്ടിക തയ്യാറാക്കിയെങ്കിലും പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല. ഇതിനിടെ, ഭാഗികമായി തകർന്ന കടകൾ അറ്റകുറ്റപ്പണി നടത്താൻ അനുവദിക്കാത്ത പഞ്ചായത്ത്, 'നോ ഗോ സോണിലെ' തകർന്ന കെട്ടിടങ്ങൾക്ക് പോലും നികുതി ആവശ്യപ്പെട്ട് നോട്ടിസ് അയക്കുന്നുണ്ട്. മുണ്ടക്കൈയിലും ചൂരൽമലയിലുമായി 52 പേരുടേതായി 122 കെട്ടിടങ്ങളാണ് തകർന്നടിഞ്ഞത്. 15 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. പ്രതിമാസം പതിനായിരം മുതൽ അരലക്ഷം രൂപ വരെ വാടകയിനത്തില്‍ ലഭിച്ചിരുന്നവർ ഇന്ന് വഴിയോരക്കച്ചവടവും സെക്യൂരിറ്റി ജോലിയും ചെയ്താണ് കുടുംബം പോറ്റുന്നത്.