മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്ന് 2 വർഷം പിന്നിട്ടിട്ടും പുനരധിവാസം എങ്ങുമെത്തിയില്ലെന്ന് പരാതി. രണ്ടാം ഘട്ട ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പും പട്ടയ വിതരണവും നവംബർ ഒന്നിനകം പൂർത്തിയാക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം നവംബർ രണ്ടു മുതൽ ശക്തമായ സമരവുമായി തെരുവിലിറങ്ങുമെന്ന് ദുരന്തബാധിതർ

ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ ജീവിതങ്ങൾ തിരിച്ചുപിടിക്കാൻ കാത്തിരിക്കുന്ന മുണ്ടക്കൈ-ചൂരൽമല നിവാസികൾ വീണ്ടും ആശങ്കയിലാണ്. രണ്ടാം ഘട്ട ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണെന്നാണ് പ്രധാന ആക്ഷേപം. ഒക്ടോബർ 31-നകം പണികൾ പൂർത്തിയാകുമോ എന്ന കാര്യത്തിൽ ജനങ്ങൾക്ക് കടുത്ത സംശയമുണ്ട്. പണികൾ തീർത്ത ഉടൻ തന്നെ വീടുകളുടെ നറുക്കെടുപ്പ് നടത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

കുടുംബങ്ങൾക്ക് കയറിക്കിടക്കാൻ ആദ്യം വീടുകൾ ഒരുക്കുന്നതിന് പകരം, റോഡുകളുടെയും മറ്റ് അനുബന്ധ കെട്ടിടങ്ങളുടെയും പണികൾക്കാണ് അധികൃതർ മുൻഗണന നൽകുന്നതെന്നാണ് പരാതി. പുനരധിവാസ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച സ്മാർട്ട് കാർഡുകളുടെ വിതരണം പോലും ഇനിയും പൂർത്തിയായിട്ടില്ല. മൈക്രോ പ്ലാനിൽ വാഗ്ദാനം ചെയ്ത ധനസഹായം ലഭ്യമാക്കുക, ബാങ്ക് വായ്പകൾ പൂർണമായും എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളിലും സർക്കാർ നടപടി വൈകുകയാണ്. നവംബർ ഒന്നിനകം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ നവംബർ രണ്ടിന് കലക്ടറേറ്റ് ഉപരോധം അടക്കമുള്ള സമരങ്ങളിലേക്ക് നീങ്ങാനാണ് ദുരന്തബാധിതരുടെ തീരുമാനം.

ENGLISH SUMMARY:

Mundakkai Chooralmala landslide victims are facing severe distress as their rehabilitation process continues to face major delays even after two years. Residents have warned of intense protests if housing allotment and title deed distribution are not completed by November first.