രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിലെ അന്വേഷണം നിലച്ചതായി ആരോപണം. മൂന്ന് കേസുകളിൽ രണ്ടെണ്ണത്തിൽ കേസെടുത്ത് പത്ത് മാസത്തിലേറെ പിന്നിട്ടിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരിൽ പലരെയും സ്ഥലംമാറ്റിയതോടെ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രവർത്തനവും നിർജീവമായെന്നാണ് സൂചന. Also Read: സുഹൈല് മൂന്നു ബാറില്ക്കയറി അടിച്ചത് അഞ്ച് ഇരട്ടിയിലധികം മദ്യം; ലക്കുകെട്ട ഡ്രൈവിങ്, ശരീരത്തിൽ രാസലഹരിയുടെ സാന്നിധ്യമില്ല
ആദ്യഘട്ടത്തിൽ ആരോപണങ്ങൾ നിഷേധിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പിന്നാലെ തുടർച്ചയായി കേസുകളെത്തി. 2025 നവംബർ 28-നാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. ഡിസംബർ 3-ന് രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു. ഇതരസംസ്ഥാനത്ത് പഠിക്കുന്ന യുവതിയെ വിവാഹവാഗ്ദാനം നൽകി ആളൊഴിഞ്ഞ വില്ലയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
ഈ കേസുകൾക്ക് പിന്നാലെ ഒളിവിൽ പോയ രാഹുൽ മുൻകൂർ ജാമ്യം നേടിയശേഷം പാലക്കാട് എം.എൽ.എ എന്ന നിലയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് മൂന്നാമത്തെ കേസും അറസ്റ്റും ഉണ്ടായത്. ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലായിരുന്നു നടപടി. രാഹുലിന് 17 ദിവസം ജയിലിൽ കഴിയേണ്ടിവന്ന ഈ കേസിൽ മാത്രമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരിക്കെ തന്നെയായിരുന്നു നടപടി.
എന്നാൽ, സർക്കാർ മാറിയതോടെ പൊലീസിൽ വ്യാപകമായ അഴിച്ചുപണിയും സ്ഥലംമാറ്റങ്ങളും നടന്നു. ഇതോടെ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ പല ഭാഗങ്ങളിലായി ചിതറിയെന്നും അന്വേഷണത്തിന്റെ വേഗം കുറഞ്ഞെന്നുമാണ് ആരോപണം.
ആദ്യ കേസിൽ പത്തരമാസവും രണ്ടാമത്തെ കേസിൽ പത്ത് മാസവും പിന്നിട്ടിട്ടും കുറ്റപത്രം തയ്യാറാക്കാനുള്ള നടപടികൾ പോലും തുടങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ട്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് ഇതിന് അധികൃതർ നൽകുന്ന വിശദീകരണം.