• അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയില്‍ ആശ്വാസം.

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ.ജെ.തച്ചങ്കരിക്ക് ആശ്വാസം. നാലുവർഷം തടവിനു ശിക്ഷിച്ച കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. ജാമ്യം ലഭിച്ചതോടെ 28 ദിവസത്തെ ജയിൽവാസത്തിന് ശേഷം തച്ചങ്കരി പുറത്തിറങ്ങും.  തച്ചങ്കരി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഇടക്കാല ഉത്തരവ്.  Also Read: പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; അപ്പീൽ അനുമതി അപേക്ഷ തള്ളി

അനധികൃത സ്വത്വ സമ്പാദന കേസിൽ നാലുവർഷം തടവിന് ശിക്ഷിച്ച കോട്ടയം വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന അപ്പീലിലെ ഇടക്കാല ആവശ്യം സിംഗിൾ ബെഞ്ച് അനുവദിച്ചു. ഇതോടെ സെപ്റ്റംബർ 17 മുതൽ ജയിലിൽ കഴിയുന്ന തച്ചങ്കരിക്ക് പുറത്തിറങ്ങാം.

ഡിഐജിയായിരിക്കെ 2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു തച്ചങ്കരിക്കെതിരായ കേസ്. അന്വേഷണ ഉദ്യോഗസ്ഥർ വരുമാനം കണക്കാക്കിയതിൽ വലിയ പിഴവുകൾ വരുത്തിയെന്നും തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നുമായിരുന്നു അപ്പീലിൽ തച്ചങ്കരിയുടെ വാദം. 

അന്വേഷണ ഉദ്യോഗസ്ഥരുടെ തെറ്റായ കണക്കിന്റെ അടിസ്ഥാനത്തിലാണു വിചാരണക്കോടതി വിധി പ്രസ്താവിച്ചത്. വരുമാന സ്രോതസ്സുകൾ പലതും അന്വേഷണസംഘം പരിഗണിച്ചില്ലെന്നും ഇതിനെ അടിസ്ഥാനമാക്കിയുള്ള വിധി നിയമപരമായി നിലനിൽക്കില്ലെന്നുമാണ് തച്ചങ്കരി വാദിച്ചത്.

ENGLISH SUMMARY:

Former Kerala DGP Tomin J. Thachankary has received bail from the Kerala High Court in a disproportionate assets case. The court stayed the execution of the Kottayam Vigilance Court's four-year prison sentence while his appeal is being considered. The Vigilance Court had also imposed a fine of ₹30.84 lakh over allegations that he accumulated assets disproportionate to his known sources of income between 2003 and 2007. Thachankary argued that he had received the assets through his mother, while the High Court questioned whether oral testimony alone could establish the claim.