കൊടുങ്ങല്ലൂരില് പൊലീസ് ചോദ്യംചെയ്തതിനുപിന്നാലെ ജീവനൊടുക്കിയ പതിനെട്ടുകാരനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസ്. അസ്ലം ഇഷ്ടത്തിലായിരുന്നുവെന്ന് പറയുന്ന പെണ്കുട്ടിയുടെ കുടുംബം നല്കിയ പരാതിയുടെ വിവരങ്ങളാണ് പുറത്തുവന്നത്. അസ്ലം പെണ്കുട്ടിയെ ഭീഷണിപ്പെടുത്തി പണവും സ്വര്ണവും ആവശ്യപ്പെട്ടിരുന്നുവെന്നും 20 പവനോളം സ്വര്ണവും അന്പതിനായിരം രൂപയും വാങ്ങിയെടുത്തെന്നുമാണ് പരാതി. ഇതിന്റെ തെളിവായി ശബ്ദസന്ദേശങ്ങളും കുടുംബത്തിന് ലഭിച്ചു.
ഇന്സ്റ്റഗ്രാമില് പരിചയപ്പെട്ട പെണ്കുട്ടിയുമായി അടുപ്പം സ്ഥാപിച്ചശേഷം അസ്ലം ഈ പെണ്കുട്ടിക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും എടുക്കുകയും അതുവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പെണ്കുട്ടിയുടെ വിദേശത്തുള്ള സഹോദരിയില് നിന്നടക്കം പണം തട്ടാന് ശ്രമിച്ചിരുന്നു. പെണ്കുട്ടി നാലുമാസം മുന്പ് അസ്ലമിന്റെ ഫോണ് നമ്പര് ബ്ലോക്ക് ചെയ്തതിനെത്തുടര്ന്ന് ഇരുവര്ക്കും അടുത്ത പരിചയമുള്ള മറ്റൊരാള് വഴിയാണ് അസ്ലം സന്ദേശങ്ങള് അയച്ചിരുന്നത്. ഇതിലുള്ള ശബ്ദ സന്ദേശങ്ങളില് ചിലതാണ് പുറത്തായത്.
അസ്ലമിന്റേതെന്ന് കരുതുന്ന ഒരു ശബ്ദസന്ദേശത്തില് പറയുന്നത് ഇങ്ങനെ: ‘വേണ്ട, മെസേജ് അയക്കാന് പറയണമെന്നൊന്നും ഇല്ല. അവള്ക്ക് വേണമെങ്കില് അവളുടെ കയ്യിലുള്ള മൂന്നെണ്ണം തന്നാല് മതി. അവളുടെ ചേച്ചിയുടെ കയ്യില് നിന്ന് വാങ്ങിക്കുകയാണെങ്കില് ഞാന് പൈസയായിട്ടേ വാങ്ങിക്കുള്ളു. ചിലപ്പോ മൂന്നുലക്ഷം രൂപ ഞാന് വാങ്ങിക്കും. അങ്ങനത്തെ രീതിയിലുള്ള വകുപ്പ് ഞാന് ഉണ്ടാക്കും. മനസിലായോ, വിത്ത് പ്രൂഫ് ഞാന് ഉണ്ടാക്കും. അയക്കുമ്പോ എന്റെ കയ്യില് ഉള്ളതെല്ലാം മൊത്തമായി ഞാന് അയക്കും, മനസിലായോ...’
പെണ്കുട്ടിയെ ഭീഷണിപ്പെടുത്തി വാങ്ങിയ സ്വര്ണം വിറ്റതിന്റെ തെളിവുകള് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ചോദ്യംചെയ്യലില് ഇക്കാര്യം അസ്ലമും സഹോദരനും സമ്മതിച്ചിരുന്നെന്ന് കൊടുങ്ങല്ലൂര് പൊലീസ് അവകാശപ്പെടുന്നു. ജ്വല്ലറി ഉടമയും ഇക്കാര്യം സ്ഥിരീകരിച്ചിടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഈ സ്വര്ണം റിക്കവറി ചെയ്യാന് നീക്കം ആരംഭിച്ചിട്ടുണ്ട്. സ്വര്ണം വിറ്റ പണം കൊണ്ട് ഇന്നോവ കാറും ഐ ഫോണും വാങ്ങിയെന്നും കണ്ടെത്തിയതായി പൊലീസ് പറയുന്നു. കാറും കാറിന്റെ രേഖകളും കസ്റ്റഡിയിലുണ്ട്. അസ്ലമിനെയും സഹോദരനെയും മര്ദിച്ചെന്ന ആരോപണം തെറ്റാണെന്നും കൊടുങ്ങല്ലൂര് പൊലീസ് പറയുന്നു.
എന്നാല് പെണ്കുട്ടിയുമായുള്ള പ്രണയം വീട്ടുകാര് അറിഞ്ഞതിനെത്തുടര്ന്നുള്ള പ്രതികാരമാണ് പരാതിയെന്നാണ് അസ്ലമിന്റെ പിതാവിന്റെ ആരോപണം. മകനെ പൊലീസ് കസ്റ്റഡിയില് വച്ച് ക്രൂരമായി മര്ദിച്ചെന്നും പിതാവ് നൗഷാദ് ആരോപിച്ചു. സര്ക്കിള് ഇന്സ്പെക്ടറും സബ് ഇന്സ്പെക്ടറും ജുവനൈല് ജസ്റ്റിസ് ബോര്ഡ് അംഗത്തെ സ്വാധീനിച്ചെന്ന ഗുരുതര ആരോപണവും നൗഷാദ് ഉന്നയിച്ചിട്ടുണ്ട്.
മകന്റെ മരണത്തെക്കുറിച്ച് നൗഷാദ് ഫെയ്സ്ബുക്കില് പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്ണരൂപം ചുവടെ:
‘സുഹൃത്തുക്കളെ, 06-10-2026. പഴുപറമ്പിൽ നൗഷാദ് മകൻ മുഹമ്മദ് അസ്ലം 18 വയസ്സ് മരണപെടാൻ ഉണ്ടായ കാരണം. ഒരു പിതാവിന്റെ വേദനയെന്ന നിലയിൽ ചുവടെ കൊടുക്കുന്നു....
27- 09-2026 ഞായറാഴ്ച വൈകുന്നേരം 6.45ന് കൊടുങ്ങല്ലൂർ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നിന്നും എനിക്ക് ഒരു നമ്പറിൽ നിന്നും CI ആണെന്ന് പറഞ്ഞു കാൾ വന്നു. നിങ്ങൾ അസ്ലം എന്ന കുട്ടിയുടെ ആരാണെന്ന് ചോദിച്ചു ഞാൻ പറഞ്ഞു അവന്റെ പിതാവ് ആണെന്ന്. അന്നേരം മറുതലക്കൽ നിന്നും പോലീസ്, നിന്റെ മകൻ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും പെട്ടന്ന് ഇവിടെ വരെ വരണമെന്നും പറഞ്ഞു. ഞാൻ അദ്ദേഹത്തോട് എന്താണ് കാരണമെന്ന് ചോദിച്ചു അത് ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. നീ കാരണം അറിഞ്ഞാൽ മാത്രമേ ഇവിടെ വരികയുള്ളോ എന്ന് മറുപടി തന്നു. ഞാൻ ഒരു ടാക്സി ഡ്രൈവർ ആണെന്നും ഞാൻ ഒരു ഓട്ടം പോയ് കൊണ്ടിരിക്കുകയാണെന്നും വണ്ടിയിൽ ഉള്ള ആളുകളെ വഴിയിൽ ഇറക്കി വിട്ട് എനിക്ക് ഇപ്പോൾ വരാൻ സാധിക്കില്ലയെന്നും ഞാൻ ഓട്ടം കഴിഞ്ഞ് അവിടെ വരാമെന്നും പറഞ്ഞു കാൾ അവസാനിപ്പിച്ചു...
ഉടനെ ഞാൻ വീട്ടിലേക്ക് വിളിച്ച് എന്റെ മൂത്ത മകനോട് കാര്യം പറഞ്ഞു നിന്റെ അനുജൻ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും വേഗം അവിടെ വരെ ചെന്ന് കാര്യങ്ങൾ അന്വേഷിക്കാനും പറഞ്ഞുവിട്ടു. കുറച്ചുകഴിഞ്ഞ് രണ്ട് മക്കളുടെയും ഫോണിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ല. എന്റെ ഓട്ടം കഴിഞ്ഞപ്പോൾ 10.30 കഴിഞ്ഞിരുന്നു. ഞാൻ വേഗം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പുറത്ത് എല്ലിൻ കഷ്ണം നുണഞ്ഞു നിൽക്കുന്ന കുറെ രാഷ്ട്രീയക്കാരെ കണ്ടു. ആകെ വെട്ടി വിയർത്ത് വായിൽ എല്ലിൻ കഷ്ണം കടിച്ച് CI ബൈജു സാറിനെയുമാണ് കണ്ടത്...
ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്യാൻ പോകുന്ന CI ബൈജുവിന്റെ അടുത്തേക്ക് ഞാൻ ചെന്നു. ‘സാർ എന്നെ വിളിച്ചിരുന്നു എന്റെ മക്കൾ ഇവിടെയുണ്ട്.’ അന്നേരം CI ബൈജു സാർ എന്റെ അടുത്ത് നിന്റെ മുടിയനായ ഇളയ പുത്രൻ ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്നും 20 പവൻ സ്വർണ്ണവും 50000 രൂപയും ഫോണിൽ ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് പറഞ്ഞു. എന്നിട്ട് ആ പൈസ കൊണ്ട് ഒരു ഇന്നോവ കാർ വാങ്ങിയെന്നും പറഞ്ഞു. ഞാൻ അവരുടെ മേൽ FIR ഇട്ടിട്ടുണ്ട് കേസ് ആക്കിയെന്നും പറഞ്ഞു...
ഞാൻ ഉടനെ എന്റെ മക്കളെ കാണാൻ സ്റ്റേഷന്റെ അകത്തേക്ക് പോയി. മൂത്ത മകനെ സെല്ലിലും ഇളയ മകനെ ഒരു ബെഞ്ചിലും ഇരുത്തിയിരുന്നു. ഞാൻ ഇളയ മകന്റെ അടുത്തുചെന്ന് കാര്യങ്ങൾ ചോദിച്ചു നീ ഒരു പെൺകുട്ടിയുടെ കയ്യിൽനിന്ന് 20 പവൻ സ്വർണ്ണവും 50000 രൂപയും വാങ്ങിയോ എന്ന് ചോദിച്ചു. അവൻ ‘വാപ്പിച്ചി ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല ഞാൻ ഒരു പെൺകുട്ടിയുമായി രണ്ട് വർഷത്തോളമായി ഇഷ്ടത്തിലാണെന്നും അവളുടെ വീട്ടുകാർ ഈ വിവരം അറിഞ്ഞപ്പോൾ അവളുടെ ഫോൺ വാങ്ങി വെക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾ ആയി അവളുമായി ബന്ധപ്പെടാൻ സാധിക്കാത്തത് കൊണ്ട് അവളെ ഒരു നോക്ക് കാണാൻ ഞാൻ അവളുടെ വീട്ടിൽ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു ചെന്നു. അപ്പോൾ അവളുടെ വീട്ടുകാർ പ്രശ്നങ്ങൾ ഉണ്ടാക്കി വെറുതെ പോലീസിനെ വിളിച്ചു വരുത്തി...’
ഞാൻ മകനുമായി കാര്യങ്ങൾ ചോദിച്ചുമനസിലാക്കുന്ന നേരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു വനിതാ പോലീസും മറ്റൊരു പോലീസ് ഓഫീസറും കൂടി എന്നോട് ഇവിടെ നിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, ഇത് എന്റെ മക്കൾ ആണെന്നും എനിക്ക് ഇവരോട് കാര്യങ്ങൾ ചോദിച്ചറിയണമെന്നും പറഞ്ഞു. അപ്പോൾ വനിതാ പോലീസും മറ്റേ പോലീസുകാരനും കൂടി എന്റെയടുത്ത് ചോദ്യംചെയ്യാൻ ഇവിടെ പോലീസ് ഉണ്ടെന്നും നിങ്ങൾ പുറത്ത് പോകൂ എന്നും പറഞ്ഞു...
ഞാൻ പുറത്തേക്ക് പോകുന്ന വഴിയിൽ മൂത്ത മകനോട് കാര്യങ്ങൾ ചോദിച്ചു. അവൻ പറഞ്ഞു എനിക്ക് ഒന്നും അറിയില്ല ഞാൻ ആ പെൺകുട്ടിയെ കണ്ടിട്ടുപോലുമില്ല. ഫോണിൽ കൂടി ചാറ്റ് ചെയ്തിട്ടില്ല, വിളിച്ചിട്ടുമില്ല. എന്റെ അനുജനെ എന്റെ മുന്നിൽ ഇട്ട് ഒരുപാട് ശാരീരികമായി ഉപദ്രവിക്കുകയും അവന്റെ നാഭിക്ക് ചവിട്ടുകയും മണിയിൽ പിടിച്ച് അമർത്തുകയും കുനിച്ചു നിർത്തി അയാൾ വിയർക്കുന്നത് വരെ ഇടിക്കുകയും കഴുത്തില് അടിക്കുകയും ചെയ്യുന്നത് കണ്ട് സഹിക്കാൻ പറ്റാതെ അവൻ SI അതുൽ മോഹനൻ സാറിനോട് അവനെ വെറുതെ വിട്ടേക്ക്, ഞാൻ ആണ് ഇതൊക്കെ ചെയ്തതെന്ന് സ്വയം കുറ്റം ഏറ്റുപറഞ്ഞു....
സാധാരണ കുറ്റം ഏറ്റുപറഞ്ഞാൽ പോലീസുകാർക്ക് ഈ കാലഘട്ടത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാസ്ത്രീയമായി തെളിവ് ശേഖരിക്കാമായിരുന്നു. 3 ദിവസമാണ് CI ബൈജുവും SI അതുൽ മോഹനും കൂടി എന്റെ മക്കളെ സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത ഒരു പയ്യനെയും മറ്റൊരു മകനെയും കോടതിയിൽ ഹാജർ ആക്കിയത് 3 ദിവസം കഴിഞ്ഞ് ആണ്... മൂന്നാംദിവസം എന്നോട് ഒരു പേപ്പറിൽ ഒപ്പിടാൻ പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കണം, ഞാൻ ആ പേപ്പർ വാങ്ങി വായിച്ച് നോക്കിയപ്പോൾ ഇന്നലെ ഉച്ചക്ക് ആണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് എഴുതിയിരിക്കുന്നു. ഞാൻ എന്റെ വക്കീലിനെ വിളിച്ച് ആ കാര്യം പറഞ്ഞു. അത് സാരമില്ല എന്നോട് ഒപ്പിട്ട് കൊടുക്ക് നമുക്ക് അവരെ ജാമ്യത്തിൽ എടുക്കാമെന്നും പറഞ്ഞു.
22 വയസ്സുള്ള ബികോം പാസായ മൂത്ത മകനെ പോലീസ് സ്റ്റേഷനിൽ നിർത്തി പോലീസുകാർ അവനെക്കുറിച്ച് വീഡിയോ ചെയ്യുകയും ന്യൂസ് ചാനലുകളിൽ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും പത്രങ്ങളിൽ കൊടുക്കുകയും ചെയ്ത് അവന്റെ ജീവിതം തന്നെ നശിപ്പിച്ചു... പ്രായപൂർത്തി ആകാത്ത ഇളയ മകനെ ജുവൈനൽ ജസ്റ്റിസ് ബോര്ഡിലെ ഒരു മെംബറിന്റെ അടുത്തേക്ക് വിടുകയും ചെയ്തു.
അവനെ ജാമ്യത്തിൽ എടുക്കാൻ ഞാനും വക്കീലും രണ്ട് ജാമ്യക്കാരെയും കൂട്ടി രണ്ട് പോലീസ് ഓഫിസർമാർക്കൊപ്പം തൃശൂർ രാമപുരത്തുള്ള അവരുടെ വസതിയിൽ ചെന്നു. വീനിത എന്നാണ് അവരുടെ പേര്. അവർ വക്കീലുമല്ല, ജഡ്ജിയുമല്ല, ഒരു ബോർഡ് മെംബർ മാത്രം. വക്കീൽ ജാമ്യാപേക്ഷ അവരെ കാണിച്ച് കാര്യങ്ങൾ പറഞ്ഞു. പക്ഷേ എന്തോ മുൻ വിധിയോടെയാണ് അവർ പെരുമാറിയത്. മകന് ഒരിക്കലും ജാമ്യം കിട്ടരുതെന്ന ഉദ്ദേശത്തിൽ ആണ് അവർ പെരുമാറിയത്.. ( NB: അവരുടെ സംസാരത്തിനിടയിൽ പെട്ടന്ന് അവരുടെ വായിൽ CI ബൈജു സാർ ഇന്നലെ വിളിച്ചിരുന്നു എന്ന് പറയാൻ ഇടയായി.)
ഞാൻ വക്കീലിന്റെ മുഖത്ത് ഒന്ന് നോക്കി CI നേരത്തെ സെറ്റപ്പ് ആക്കിയ ടീം ആയിരുന്നു ഈ ബോർഡ് മെമ്പർ എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഇളയ മകനെ 4 ദിവസം അവരുടെ കസ്റ്റഡിയിൽ ഇട്ടു. ഇളയ മകനെ പോലീസ് ക്രൂരമായി മർദിച്ചത് ഞാൻ ആ വനിതയോട് പറഞ്ഞു. അവനെ ആശുപത്രിയിൽ കാണിക്കണമെന്നും നല്ല പരിക്കുണ്ടെന്നും പറഞ്ഞു. അപ്പോൾ ജുവനൈൽ അധികൃതർ ആശുപത്രിയിൽ കൊണ്ട് പോകുമെന്ന് അവർ എന്നോട് പറഞ്ഞു. ജാമ്യം കിട്ടി പുറത്ത് ഇറങ്ങിയപ്പോൾ ഞാൻ മകനോട് നിന്നെ അവർ ഡോക്ടറെ കാണിച്ചോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി തന്നു...
4 ദിവസം കഴിഞ്ഞ് വക്കീലുമായി ചെന്ന് എന്റെ ഇളയ മകനെ ജാമ്യത്തിൽ എടുത്ത് വീട്ടിൽ കൊണ്ടുവന്ന് രണ്ടുദിവസം കഴിഞ്ഞപ്പോൾ ഇളയ മകൻ സബ്ജയിലിൽ കിടക്കുന്ന ജേഷ്ഠനെ കാണണമെന്ന് പറഞ്ഞു. ഞാൻ അവന്റ ഉമ്മയെ കൂട്ടി പറഞ്ഞയച്ചു. അവനെ കണ്ടപ്പോൾ രണ്ടുപേരും പൊട്ടിപ്പൊട്ടി കരഞ്ഞു. അനുവദിച്ച സമയം കഴിഞ്ഞപ്പോൾ അവനെയും കൂട്ടി തിരികെപ്പോന്നു. പോരുന്ന വഴിയിൽ കൊടുങ്ങല്ലൂർ എത്തിയപ്പോൾ അവൻ കുഴിമന്തി വാങ്ങി കൊടുക്കാൻ ഉമ്മയോട് പറഞ്ഞു. അത് അവന്റെ അവസാനത്തെ ആഗ്രഹം ആണെന്ന് അവൾക്ക് അറിയില്ലായിരുന്നു. കുറച്ച് പാർസൽ വാങ്ങി വീട്ടിൽ വന്ന് അഞ്ചാംക്ലാസ്സിൽ പഠിക്കുന്ന ഇളയ സഹോദരന് കൊടുത്തു.
ഞാൻ വീട്ടിൽ വന്നപ്പോൾ രാത്രി 10 മണിയായി. ഏകദേശം ഒരു മണിക്കൂർ ഞങ്ങൾ സംസാരിച്ചു ഇരുന്നു. അവൻ മുകളിലെ റൂമിൽ ആണ് കിടന്നിരുന്നത് അവൻ ഉറങ്ങാനായി മുകളിലേക്ക് പോയ്ി. ഞങ്ങൾ താഴെ റൂമിൽ ആണ് കിടന്നിരുന്നത്. നേരം വെളുത്തപ്പോൾ എന്റെ അയൽവാസിയായ ആൾ വന്ന് കോളിങ് ബെൽ അടിച്ചു. ആ ശബ്ദം കേട്ടാണ് ഞാൻ വാതിൽ തുറന്നത്. എന്നെ അയാൾ പുറത്തേക്ക് വിളിച്ചുകൊണ്ട് പോയി നിങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന് ചോദിച്ചു. എന്ത് അറിഞ്ഞില്ലേയെന്ന് ഞാൻ തിരിച്ചുചോദിച്ചു. വീടിന്റെ മറുവശത്തേക്ക് എന്നെ കൊണ്ടുപോയി മുകളിലേക്ക് ചൂണ്ടിക്കാണിച്ചു. ആ നിമിഷം എന്തുചെയ്യണമെന്ന് എനിക്ക് അറിയില്ല. തൊണ്ടയിടറി കണ്ണുകൾ നിറഞ്ഞ് ഞാൻ മുകളിലേക്ക് ഓടിക്കയറി. ജീവൻ ഒരു തരിയെങ്കിലും ഉണ്ടാവണമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു. ആറടി രണ്ടിഞ്ച് പൊക്കമുള്ള ആ 18 വയസുകാരന്റെ വായിൽ നിന്നും നുര വരുന്നുണ്ടായിരുന്നു...
പത്തുമാസം നൊന്തുപ്രസവിച്ച ഒരു അമ്മ ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും കാണാൻ പറ്റാത്ത ഒരു കാഴ്ച. അതും 18 വയസ്സ് തികയാത്ത ഒരു മകന്റെ ചേതനയറ്റ ശരീരം തൂങ്ങി നിൽക്കുന്നത് നേരിട്ട് കാണേണ്ടി വരുന്നത് ഓർക്കാൻ കൂടി വയ്യാ. ഒരു മകനെ നഷ്ടപ്പെട്ടു. മറ്റൊരു മകൻ ജയിലിൽ. എന്തു പറഞ്ഞു ആശ്വാസിപ്പിക്കണമെന്ന് എനിക്കിറിയില്ല....
സ്വന്തം സഹോദരന്റെ ജീവനറ്റ ശരീരം ഒരു നോക്കുകാണാൻ ആഗ്രഹമുണ്ടോ എന്ന് പോലീസ് കസ്റ്റഡിയിൽ കഴിയുന്ന എന്റെ മകനോട് ഞാൻ പോയി ചോദിച്ചു.
അവനെ കാണാൻ നിന്നെ കൊണ്ടുവരുമ്പോൾ കയ്യിൽ വിലങ്ങ് വെച്ചിട്ടുണ്ടാകും അത്രയും ആളുകൾ കൂടിനിൽക്കുന്ന സമയത്ത് അങ്ങനെ ഒരു സീനിൽ നിനക്ക് അവനെ കാണണോ എന്ന് ഞാൻ ചോദിച്ചു. അല്ലെങ്കിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്ുമോർട്ടം കഴിഞ്ഞ് തിരികെ പോരുമ്പോൾ പോലീസ് സ്റ്റേഷന്റെ അടുത്ത് ആംബുലൻസ് നിർത്തി കാണിച്ചാൽ മതിയോ എന്നും ഞാൻ ചോദിച്ചു.
എനിക്ക് വീട്ടിൽ വന്ന് അവനെ കാണണമെന്ന് അവന് പറഞ്ഞു. വൈകുന്നേരം 5 മണി കഴിഞ്ഞ് ആംബുലൻസ് വീട്ടിൽ എത്തുന്നതിന് മുൻപ് പോലീസ്കാർ മൂത്ത മകനുമായി വീട്ടിൽ എത്തിയിരുന്നു ആ കാഴ്ച കണ്ട് നിന്ന മുഴുവൻ ആളുകളുടെയും കണ്ണുകൾ നിറച്ചു...
ഒരു പെൺകുട്ടിയെ സ്നേഹിച്ചതിന്റെ പേരിൽ സ്വന്തം ജേഷ്ഠന് പോലീസിന്റെ ക്രൂരമായ മർദ്ദനം എൽക്കേണ്ടി വരുകയും അതിന്റെ ഭാഗമായി ജേഷ്ഠൻ ജയിലിൽ കിടക്കേണ്ടി വരുകയും ചെയ്ത മനോവിഷമം, എന്റെ മോനെ നേരം വെളുക്കുന്നത് കാണാൻ അവന്റെ മനസ്സ് അനുവദിച്ചില്ല. അവൻ ഓമനിച്ചു വളർത്തിയ റൂബി എന്ന നായ്ക്കുട്ടിയെ ലോക്ക് ചെയ്താണ് ഈ കടുംകൈ ചെയ്തത്.
എനിക്ക് പോലീസ് സിസ്റ്റത്തോട് ചോദിക്കാനുള്ള കുറച്ച് ചോദ്യങ്ങൾ...?
1. ഒരു പരാതി കിട്ടിയാൽ അതിനെക്കുറിച്ച് വിശദമായി പഠിച്ച ശേഷമാണോ ഏത് കേസും കൈകാര്യം ചെയ്യുന്നത്...?
2. ഇത്രയും ടെക്നോളജി വളർന്ന സ്ഥിതിക്ക് ഒരു ഇന്നോവ കാർ ആരുടെ പേരിലാണ് എന്ന് അറിയാൻ ഒരു സർക്കിൾ ഇൻസ്പെക്ടർക്കും ഒരു സബ് ഇൻസ്പെക്ടർക്കും കഴിയാതെ പോയത് എങ്ങനെയെന്ന് മനസ്സിലാവുന്നില്ല. ഫോണിൽ ഒരു കാറിൽ ചാരി നിന്ന് ഫോട്ടോ എടുത്താൽ അത് അയാളുടെ കാർ തന്നെ ആവണമെന്നുണ്ടോ...?വാർത്ത ചാനലുകളിൽ ന്യൂസ് കൊടുക്കുമ്പോൾ ആ പ്രതിയുടെ പേരിൽ ഒരു കാർ എങ്കിലും ഉണ്ടോയെന്ന് ഒന്ന് ചെക്ക് ചെയ്യാമായിരുന്നു.
3. 20 പവൻ സ്വർണ്ണവും 50000 രൂപയും ഫോണിൽ കൂടി ഭീഷണിപ്പെടുത്തി വാങ്ങി എന്ന് പരാതിയിൽ ആരോപിക്കുന്ന പെൺകുട്ടിയെ എന്റെ മൂത്ത മകൻ ഫോണിൽ കൂടി ചാറ്റ് ചെയ്യുകയോ മെസ്സേജ് ചെയ്യുകയോ കാൾ ചെയ്യുകയോ ചെയ്തിട്ടുണ്ടോ? ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ ആണ് അവന്റെ ഫോൺ ഇരിക്കുന്നത്. ആ വിവരം എന്നെ ഒന്ന് കാണിക്കാമോ...?
4. ഒരു പരാതി കിട്ടിയാൽ പ്രായപൂർത്തി ആകാത്ത പയ്യന്മാരെ ക്രൂരമായി തല്ലി ചതക്കാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നത്....?
5. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്ന രക്ഷിതാക്കളോട് പോലീസ് മാന്യമായി പെരുമാറണോ...? ഇനി സ്വന്തം വീട്ടിൽ നിന്നും 20 പവൻ സ്വർണ്ണവും 50000 രൂപയും കട്ടെടുത്ത് മറ്റുള്ളവർക്ക് കൊടുത്ത ആ പെൺകുട്ടിക്ക് എതിരെ പോലീസ് കേസ് എടുക്കുമോ...?
രണ്ട് കുട്ടികൾ പരസ്പരം ഇഷ്ടപ്പെട്ടതിന്റെ പേരിൽ ഒരു മകനെ കൊലക്ക് കൊടുക്കുകയും മറ്റൊരു മകനെ ജയിലിൽ ആക്കുകയും ചെയ്ത കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ CI ബൈജുവിനെയും SI അതുൽ മോഹനനേയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു...