അഹമ്മദാബാദില്‍ ബീഫ് വിറ്റ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 340 കിലോയോളം പശുവിന്‍റെയും എരുമയുടെയും ഇറച്ചി പിടിച്ചെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സയദ്‌വാദി മേഖലയിലുള്ള ജിയ മസ്ജിദിന് സമീപത്തെ രണ്ട് കടകളിൽ നടത്തിയ പരിശോധനയിലാണ് 60,000 രൂപ വിലമതിക്കുന്ന ഇറച്ചി പിടികൂടിയത്. കാസിം അലിജാൻ ഖുറേഷി (36), ഷാരൂഖ് അബ്ദുൾ റഷീദ് ഖുറേഷി (39), മുഹമ്മദ് റാഷിദ് എന്ന ജുനൈദ് മുഹമ്മദ് റഫീഖ് സയദ് (21) എന്നിവരാണ് അറസ്റ്റിലായത്. 

എ എസ് ഗാർഡൻ സൊസൈറ്റിയിലെ 4-ാം നമ്പർ കടയിലും, ഷബ്നം റോ ഹൗസിലെ 5-ാം നമ്പർ കടയിലുമാണ് പരിശോധന നടന്നത്. പിടിച്ചെടുത്ത മാംസത്തിനും ഉപകരണങ്ങൾക്കുമായി ഏകദേശം 1,71,000 രൂപ വിലമതിക്കുമെന്ന് പൊലീസ് അറിയിച്ചു. വലിയ ഇരുമ്പ് കത്തികൾ, ചെറിയ കത്തികൾ, തടികൊണ്ടുള്ള വെട്ടുപലകകൾ, ഇറച്ചി തൂക്കിയിടുന്ന കൊളുത്തുകൾ, കത്തി മൂർച്ച കൂട്ടുന്ന ഉപകരണങ്ങൾ, മാനുവൽ/ഇലക്ട്രോണിക് ത്രാസുകൾ, അളവുതൂക്കങ്ങൾ, മാംസം അരയ്ക്കുന്ന യന്ത്രം എന്നിവയാണ് പിടിച്ചെടുത്ത ഉപകരണങ്ങള്‍.

കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ഡാനിലിംഡയിലെ ബോംബെ ഹോട്ടൽ മേഖലയിലുള്ള അഷ്റഫ് സകിൽഅഹമ്മദ് ഖുറേഷിയാണ് ഇക്കൂട്ടത്തിലൊരാൾ. അറസ്റ്റിലായ കാസിം അലിജാൻ ഖുറേഷിയിൽ നിന്ന് കന്നുകാലികളെ വാങ്ങി, ഇറച്ചിയാക്കി വിൽക്കാൻ നൽകിയത് ഇയാളാണെന്നാണ് കരുതപ്പെടുന്നത്. മറ്റൊരാൾ 'ലംബു' എന്ന് വിളിക്കപ്പെടുന്ന, ചാർ മാലിയ സ്വദേശിയാണ്.

സംഭവവുമായി ബന്ധപ്പെട്ട് വത്വ പൊലീസ് സ്റ്റേഷനിൽ ഒരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത 2023, ഗുജറാത്ത് മൃഗ സംരക്ഷണ നിയമം 2011, ഗുജറാത്ത് പ്രൊവിൻഷ്യൽ മുനിസിപ്പൽ കോർപ്പറേഷൻസ് ആക്ട് 1949, ഗുജറാത്ത് പൊലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്. 

ഗുജറാത്തിൽ ഗോവധവും ബീഫ് (പശു, കാള എന്നിവയുടെ ഇറച്ചി) കൈവശം വെക്കുന്നതും വിൽക്കുന്നതും കടത്തുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്.

ENGLISH SUMMARY:

Police in Ahmedabad arrested three men and seized nearly 340 kg of cow and buffalo meat worth ₹60,000 following a tip-off during inspections at two shops near Jia Masjid in the Saiyedwadi area. The arrested men were identified as Kasim Alijan Qureshi, Shahrukh Abdul Rashid Qureshi, and Junaid Mohammed Rafiq Saiyed alias Mohammed Rashid, while total seized meat and equipment were valued at around ₹1,71,000.