സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഇനി കൂടുതല്‍ ഇനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മല്‍സരിക്കാം. മൂന്ന് വ്യക്തിഗത ഇനങ്ങളിലേ മല്‍സരിക്കാവൂ എന്ന നിബന്ധന ഒഴിവാക്കി. കലോത്സവ മാനുവലിലെ പൊതു നിര്‍‌ദേശമാണ് വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കിയത്. ഒരു വിദ്യാര്‍ഥിക്ക് രണ്ട് ഗ്രൂപ്പിനങ്ങളിലെ മാത്രമേ മല്‍സരിക്കാന്‍ പാടുള്ളുവെന്ന നിബന്ധനയിലും മാറ്റമുണ്ട്. 

65-ാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന് എറണാകുളമാണ് വേദിയാകുന്നത്. 2027 ജനുവരി നാല് മുതൽ എട്ട് വരെയാണ് നടക്കുക. 20 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എറണാകുളം ജില്ല സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.

കൊച്ചിയിലെ മറൈൻ ഡ്രൈവ് ആണ് ഇത്തവണത്തെ പ്രധാന വേദി. ഇതോടൊപ്പം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മറ്റ് 27 ഉപവേദികളും ഉണ്ടായിരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 14,000 വിദ്യാർഥികൾ ഈ കലോത്സവത്തിൽ പങ്കെടുക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്. ആകെ 249 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സംസ്ഥാന കലോത്സവത്തിന് മുന്നോടിയായുള്ള സ്കൂൾ, ഉപജില്ലാ, ജില്ലാ തല മത്സരങ്ങൾ 2026 നവംബർ 30-നകം പൂർത്തിയാക്കേണ്ടതുണ്ട്.

ENGLISH SUMMARY:

Kerala School Kalolsavam rules have been updated to allow students to participate in more events by removing previous individual and group participation limits. The 65th edition of the state arts festival will be hosted in Ernakulam from January 4 to 8, 2027.