നാട്ടികയില്‍ ടോള്‍ പിരിവ് നിര്‍ത്താന്‍ ആര് ഉത്തരവിടുമെന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ക്കു ചൂടുപിടിച്ചു. തൃശൂരിലെ മുന്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് നിര്‍ത്താനിട്ട ഉത്തരവ് മണിക്കൂറുകള്‍ക്കുള്ളിലാണ് പിന്‍വലിച്ചത്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്തും ചീഫ് സെക്രട്ടറിയാണ് അന്നത്തെ കലക്ടര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. രണ്ടു മാസത്തോളം പാലിയേക്കരയില്‍ ടോള്‍ നിര്‍ത്തിയത് പിന്നീട് ഹൈക്കോടതി വിധിപ്രകാരമായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 28നാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് നിര്‍ത്തി അന്നത്തെ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടത്. പക്ഷേ, ഉത്തരവിന് ഒരു ദിവസത്തെ ആയുസ് പോലുമുണ്ടായില്ല. ഏപ്രില്‍ 29ന് ഉത്തരവ് പിന്‍വലിക്കേണ്ടി വന്നു. മുന്‍ സര്‍ക്കാരിന്‍റെ ഭരണകാലത്തും ചീഫ് സെക്രട്ടറിയാണ് അന്നത്തെ കലക്ടര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഉത്തരവ് പിന്‍വലിപ്പിച്ചത്. ടോള്‍ പിരിവ് നിര്‍ത്തിയത് റദ്ദാക്കിയതിന്‍റെ ഉത്തരവാണിത്. കലക്ടര്‍ ടോള്‍ പിരിവ് നിര്‍ത്തിയത് സര്‍ക്കാര്‍തലത്തില്‍ അന്നും വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചു.  തൃശൂരിലെ കാലാവധി പൂര്‍ത്തിയാകും മുമ്പ് കാസര്‍കോട്ടേയ്ക്കുഅര്‍ജുന്‍ പാണ്ഡ്യനെ സ്ഥലംമാറ്റയതിന്‍റെ മൂലകാരണം ഇതുതന്നെയായിരുന്നു.

എന്‍.എച്ച്.എ.ഐയെ പിണക്കാന്‍ അന്നും സര്‍ക്കാര്‍ തയാറല്ലായിരുന്നു. പിരിവ് നിര്‍ത്തുമ്പോഴത്തെ നഷ്ടം സംസ്ഥാന സര്‍ക്കാര്‍ നികത്തേണ്ടിവരും. പാലിയേക്കരയില്‍ മുന്‍ കലക്ടര്‍ക്കു കൈപ്പൊള്ളിയതിന്‍റെ അനുഭവമുള്ളതിനാല്‍ ഇപ്പോഴത്തെ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ ജാഗ്രതയോടെയാണ് മുന്നോട്ടു പോകുന്നത്. 

മുന്‍ എം.പി.: ടി.എന്‍.പ്രതാപന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമതീരുമാനം മാത്രമാണ് ഇനി പോം വഴി. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍.എച്ച്.എ.ഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട് . ഈ മൂന്നാഴ്ച ടോള്‍ പിരിവ് കോടതി സ്റ്റേ ചെയ്തിട്ടുമില്ല. സംസ്ഥാന സര്‍ക്കാര്‍ ടോള്‍ പിരിവ് നിര്‍ത്താന്‍ ഇടപെടണമെന്നാണ് ഹര്‍ജിക്കാരനായ ടി.എന്‍.പ്രതാപന്‍റെ നിലപാട്.

ഒരാഴ്ച നീണ്ട നാട്ടിക ടോള്‍ സമരത്തിനിടെ ഒരിക്കല്‍പ്പോലും രേഖാമൂലം സര്‍ക്കാര്‍തലത്തില്‍ ടോള്‍ പിരിവ് നിര്‍ത്തിയിട്ടില്ല. അറുപത്തിരണ്ടു കിലോമീറ്റര്‍ ദൂരമാണ് തൃശൂരിന്‍റെ പുതിയ തീരദേശ ദേശീയപാത. തൊണ്ണൂറു ശതമാനം പണി കഴിഞ്ഞെന്ന് എന്‍.എച്ച്.എ.ഐ.. മറുഭാഗത്താകട്ടെ ഇനിയും പോരായ്മകളുണ്ടെന്ന് കലക്ടര്‍ ശിഖ സുരേന്ദ്രനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 62 കിലോമീറ്ററിന്‍റെ പദ്ധതി രേഖ സഹിതം എന്‍.എച്ച്.എ.ഐ. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇക്കാര്യത്തില്‍ ഹൈക്കോടതി നിലപാടാണ് നിര്‍ണായകം. 

ENGLISH SUMMARY:

Paliyekkara toll collection controversy intensifies in Thrissur as discussions and legal battles continue over suspension orders.