തൃശൂർ കാറളത്ത് എഴുപത്തിയൊൻപതുകാരിയെ പട്ടാപകൽ വീട്ടിൽക്കയറി ഉടുത്തിരുന്ന സാരിയുടെ തലപ്പ് കൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്വർണം തട്ടി. നാടിനെ നടുക്കിയ കൊലപാതകത്തിൽ കൊലയാളി ആരെന്നറിയാൻ പൊലീസിന്‍റെ അന്വേഷണം തുടരുന്നു. 

കാറളം സ്വദേശിയായ സാവിത്രി കൊല്ലപ്പെട്ടത് ഇന്നലെ ഉച്ചതിരിഞ്ഞാണ്. വീട്ടിൽ തനിച്ചായിരുന്നു. മകനും മരുമകളും അച്ഛനെ കൊണ്ട് ആശുപത്രിയിൽ പോയതായിരുന്നു. പേരക്കുട്ടിയായ മകൾ സ്കൂളിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കട്ടിലിൽ മരിച്ചനിലയിലായിരുന്നു സാവിത്രി. അയൽവാസികൾ ഉടനെ പൊലീസിനെ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ഉടുത്തിരുന്ന സാരിക്കൊണ്ടുതന്നെ കഴുത്തുഞെരിച്ച നിലയിലായിരുന്നു. മുഖംപൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചിട്ടുമുണ്ട്. പതിനാറു പവന്‍റെ ആഭരണങ്ങൾ നഷ്ടപ്പെട്ടു. ധരിച്ചിരുന്ന കമ്മൽ എടുത്തിട്ടില്ല. പൊലീസ് നായ വീടിനു പുറകുവശത്തുക്കൂടെ പോയി മെയിൻ റോഡിൽ എത്തി. വീട്ടുകാർ പുറത്തുപോയത് നിരീക്ഷിച്ച ശേഷം നടത്തിയ കൊലപാതകം

2019 നവംബർ പതിനാലിന് ഇരിങ്ങാലക്കുടയിൽ സമാനമായ കൊലപാതകം നടന്നു. അൻപത്തിയെട്ടുകാരിയായ ആനീസിനെ കഴുത്തറുത്ത് കൊന്നതും ആഭരണങ്ങൾ തട്ടാനായിരുന്നു. കാതിൽ ധരിച്ചിരുന്ന കമ്മൽ മോഷ്ടാവ് എടുത്തിരുന്നില്ല. ഈ കേസിൽ കൊലയാളിയെ കണ്ടെത്തിയിട്ടില്ല. കാറളത്തു നിന്ന് പന്ത്രണ്ടു കിലോമീറ്റർ അകലെയാണ് ആനീസ് കൊലക്കേസ് നടന്ന വീട്. എത്രയും വേഗം കൊലയാളിയെ പിടിക്കാൻ പൊലീസിൻ്റെ ഊർജിത അന്വേഷണം തുടരുകയാണ്.