ഓച്ചിറ–കായംകുളം റെയിൽവേ സെക്ഷനിൽ വൈദ്യുതിലൈനിലുണ്ടായ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെയുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് കുറച്ചുസമയം തീവണ്ടി ഗതാഗതം പൂർണ്ണമായി സ്തംഭിച്ചെങ്കിലും, നിലവിൽ തകരാർ പരിഹരിച്ച് സർവീസുകൾ പുനഃരാരംഭിച്ചിട്ടുണ്ട്. എന്നാൽ ലൈനിലെ തടസ്സം മൂലം തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് ഉൾപ്പെടെയുള്ള പ്രധാന ദീർഘദൂര, പാസഞ്ചർ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
തിരുവനന്തപുരത്തുനിന്ന് വൈകുന്നേരം 4 മണിക്ക് പുറപ്പെട്ട തിരുവനന്തപുരം–മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് അരമണിക്കൂറോളം വൈകിയാണ് യാത്ര തുടരുന്നത്. കൂടാതെ കൊല്ലം–കോട്ടയം മെമു (MEMU), തിരുവനന്തപുരം സെൻട്രൽ–ഹസ്രത്ത് നിസാമുദ്ദീൻ സ്വർണ്ണജയന്തി സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം സെൻട്രൽ–ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്, ചെന്നൈ മെയിൽ, തിരുവനന്തപുരം നോർത്ത്–ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യൽ തുടങ്ങി ഇരുദിശകളിലേക്കുമുള്ള നിരവധി പ്രധാന സർവീസുകളെ തകരാർ ബാധിച്ചു. ചില ട്രെയിനുകൾ കൊല്ലം സ്റ്റേഷനിൽ ഉൾപ്പെടെ കുറച്ചുസമയം നിർത്തിയിടേണ്ടി വന്നതാണ് സർവീസുകൾ വൈകാൻ കാരണമായത്.
തടസ്സം നേരിട്ട ഉടൻ തന്നെ റെയിൽവേ സാങ്കേതിക വിഭാഗം സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.
നിലവിൽ ഇരുദിശകളിലേക്കുമുള്ള ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക് എത്തുന്നതേയുള്ളൂവെന്നും വരും മണിക്കൂറുകളിൽ ട്രെയിനുകളുടെ സമയക്രമം പൂർണ്ണമായി പുനഃസ്ഥാപിക്കപ്പെടുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.