Image: Manorama

  • നിയമസഭാ സമ്മേളനം തുടങ്ങുന്ന ഇന്നുതന്നെ പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്ന് ആവശ്യപ്പെടുന്ന പ്രമേയം സഭയില്‍

നിയമസഭാ സമ്മേളനം തുടങ്ങുന്ന ഇന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും എം.എൽ.എ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കും. സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെ കേസെടുക്കാനാണ് വിജിലൻസിന്റെ ആലോചന. കേസെടുക്കാൻ ഹൈക്കോടതി വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയതിനാൽ മറ്റു നിയമ തടസങ്ങൾ ഇല്ലെന്നാണ് സർക്കാരിന്റെയും വിലയിരുത്തൽ. 

Also Read: പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുപ്രീംകോടതിയിലേക്ക് ഇന്ത്യാസഖ്യത്തിന്‍റെ 'ചലോ ദില്ലി' മാര്‍ച്ച്

പിണറായി വിജയൻ ഒന്നും മുഹമ്മദ് റിയാസ് രണ്ടും ടി.വീണ മൂന്നും പ്രതികളായേക്കും. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘവും ഇന്ന് രൂപീകരിക്കും. 3 കോടി 28 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നതാണ് പിണറായിക്കെതിരായ ആരോപണം.  അനധികൃത സ്വത്ത് സമ്പാദ്യവും ഹവാല ഇടപാടുമാണ് മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപിക്കുന്നത്

സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അപ്പീല്‍ പോകില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഈ മാസം 9നായിരുന്നു മാസപ്പടിക്കേസില്‍ പിണറായിക്കും റിയാസിനും വീണക്കുമെതിരായ ഇഡി കത്തില്‍ കേസെടുക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ണായ ഉത്തരവ് വന്നത്. എഫ്ഐആർ ഇട്ട് കേസെടുക്കാൻ വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോതി നിർദേശം നൽകുകയായിരുന്നു.

ഇഡി സമർപ്പിച്ച വിവരങ്ങളിൽ ഇവര്‍ക്കെതിരെ കേസെടുക്കുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എസ്ഐടി രൂപീകരണം നിയവിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം സംസ്ഥാന സർക്കാരിനും വലിയ തിരിച്ചടിയായെങ്കിലും രാഷ്ട്രീയപരമായി നേട്ടമെന്ന വിലയിരുത്തലിലായിരുന്നു സര്‍ക്കാര്‍. കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടത്. 

ലക്ഷക്കണതിന് പൗരൻമാരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് കേരള നിയമസഭയിൽ. മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിക്കുന്ന പ്രമേയത്തെ പ്രതിപക്ഷം പിന്തുണക്കുമെന്നാണ് കരുതുന്നത്. ഇതോടെ വോട്ട് ചോരിയിൽ നിലപാട് സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ നിയമനിർമാണ സഭയായി കേരള നിയമസഭ മാറും. 

SIR വഴി പുറത്താക്കിയവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കുക, മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കുന്ന സമിതിയിൽ പ്രധാനമന്ത്രിക്കൊപ്പം പ്രതിപക്ഷനേതാവിനെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളും പ്രമേയം മുന്നോട്ട് വെക്കുന്നു . ഒൻപതു ദിവസം നീളുന്ന സമ്മേളനത്തിന്റെ  ആദ്യ ദിവസം മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്ര, മന്ത്രിമാരുടെ വിദേശ സന്ദർശനം എന്നിവ ചോദ്യോത്തര ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവ സഭാതലത്തിൽ വരാൻ ഇടയില്ല. മുൻസർക്കാർ പാസാക്കിയ വിദേശ സർവകലാശാല ബിൽ പിൻവലിക്കണമെന്ന പ്രമേയവും സഭയ്ക്ക് മുന്നിലെത്തും. 

Kerala Assembly Session: Vigilance Case Against Pinarayi, Riyas; Gyanesh Kumar Resolution:

The Kerala Legislative Assembly’s nine-day session begins today, with the Vigilance Department expected to register a case against Pinarayi Vijayan, Mohammed Riyas and T. Veena in connection with the CMRL-Exalogic financial dealings, following a Kerala High Court directive. The allegations include accepting ₹3.28 crore in bribes, along with alleged disproportionate assets and hawala transactions, and a special investigation team is expected to be formed. The Assembly will also consider a resolution seeking the removal of Chief Election Commissioner Gyanesh Kumar over the deletion of lakhs of voters from electoral rolls, restoration of voting rights for those excluded through the Special Intensive Revision (SIR), and reforms to the committee that selects the Chief Election Commissioner. Other issues expected to feature during the session include the previous government's foreign university bill, the Chief Minister's controversial flight journey and ministers' foreign visits