എറണാകുളം നെടുമ്പാശ്ശേരി അത്താണി എയർപോർട്ട് റോഡിൽ ഇന്നുപുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ മൂന്ന് പേർക്ക് ദാരുണാന്ത്യം. കർണാടക സുളിയ സ്വദേശി ഇയാസ്, പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക എന്നിവരാണ് മരിച്ചത്. തൃക്കാക്കരയിലെ ആന്റിക് ഷോപ്പിൽ ജോലി ചെയ്യുന്നവരും ഒപ്പം പഠിക്കുന്നവരുമാണ് ഇവർ.
എയർപോർട്ട് ഭാഗത്തെ ചായക്കടയിൽ ചായ കുടിച്ച ശേഷം മടങ്ങുകയായിരുന്ന മൂവരും സഞ്ചരിച്ച സ്കൂട്ടറിലേക്ക് അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് കാരണക്കാരനായ തൃക്കാക്കര സ്വദേശി സുഹൈലിനെയും ഒപ്പമുണ്ടായിരുന്നയാളെയും നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു.
ഇവർ രാത്രി ഒന്നേമുക്കാലോടെ എയർപോർട്ട് റോഡിലെ കടയിൽ എത്തിയതായിരുന്നു. തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നിൽ നിന്നും അമിതവേഗത്തിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും യാത്രക്കാരും റോഡിലേക്ക് തെറിച്ചുവീണു. ഇടിയുടെ വേഗതയിൽ കാറിന്റെ മുൻഭാഗവും ചില്ലുകളും പൂർണ്ണമായി തകർന്നു. കാറിന്റെ വൈപ്പറിൽ മരിച്ചയാളുടെ ഷാളും രക്തക്കറയും കുടുങ്ങിക്കിടന്നത് അപകടത്തിന്റെ ആഘാതം വ്യക്തമാക്കുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ മൂവരുടെയും മരണം സംഭവിച്ചിരുന്നു. അപകടശേഷം നാട്ടുകാരുമായി തർക്കത്തിൽ ഏർപ്പെട്ട പ്രതി സുഹൈൽ, "എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ അപ്പ നോക്കിക്കോളും" എന്ന തരത്തിൽ സംസാരിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. പ്രതി ഇതിനുമുമ്പും 218 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവസ്ഥലത്തെത്തിയ നെടുമ്പാശ്ശേരി പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. പ്രതി മദ്യപിച്ചിരുന്നതായി പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ടെന്നും, രാസലഹരി ഉൾപ്പെടെ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി വിശദമായ വൈദ്യപരിശോധന നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. എയർപോർട്ട് റോഡിൽ രാത്രികാലങ്ങളിൽ നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങളും മോഡിഫൈഡ് വാഹനങ്ങളും വെച്ചുള്ള മത്സരയോട്ടം പതിവാണെന്നും, ഇതിനെതിരെ കർശന പരിശോധനകളോ നടപടികളോ ഉണ്ടാകുന്നില്ലെന്നും പ്രദേശവാസികളും ടാക്സി ഡ്രൈവർമാരും പരാതിപ്പെടുന്നു.