നാട്ടികയില്‍ ടോള്‍പിരിവ് തുടങ്ങിയ പുതിയ തീരദേശപാതയില്‍, തൃശൂര്‍ ജില്ലയില്‍ അഞ്ചിടത്ത് പാലം പണി ഇനിയും തീരാനുണ്ട്. തൊണ്ണൂറു ശതമാനം പണി തീര്‍ന്നെന്ന ദേശീയപാത അധികൃതരുടെ നിലപാട് ശരിയല്ലെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. ജനരോഷത്തെ തുടര്‍ന്ന് ടോൾ പിരിവ് നിർത്താൻ പൊതുമരാമത്തു മന്ത്രി പി.കെ. ബഷീർ നിർദേശം നൽകിയിരുന്നു.
തൃശൂര്‍ ജില്ലയിലെ പുതിയ തീരദേശപാതയുടെ നീളം 62 കിലോമീറ്ററാണ്. വാടാനപ്പള്ളി, ചേറ്റുവ, കൊടുങ്ങല്ലൂര്‍ മൂത്തക്കുന്നം ഭാഗത്താണ് വലിയ പാലങ്ങളുടെ പണി തീരാന്‍ ബാക്കിയുള്ളത്. ചേറ്റുവയില്‍ പാലം പണി ഇഴഞ്ഞു നീങ്ങുകയാണ്. ചേറ്റുവയില്‍ പാലം പണി അടുത്തൊന്നും തീരുന്ന ലക്ഷണമില്ല. നിര്‍മാണം പേരിനു മാത്രം. സമീപത്തെ കടയുടമകള്‍ കച്ചവടമില്ലാതെ പത്തു മാസമായി പ്രയാസത്തിലാണ്. തൃശൂര്‍-എറണാകുളം അതിര്‍ത്തിയായ മൂത്തക്കുന്നത്തും കൊടുങ്ങല്ലൂര്‍ ടൗണിലും പെരിഞ്ഞനം കൊറ്റംകുളത്തും പാലം പണി തീര്‍ന്നിട്ടില്ല. സൈന്‍ ബോര്‍ഡുകളും തെരുവു വിളക്കുകളും എല്ലായിടത്തും സ്ഥാപിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.