ഒരുവിഭാഗം മീറ്റര്‍ റീഡര്‍മാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ സ്വന്തംനിലയില്‍ വൈദ്യുതി ഉപഭോഗം നിര്‍ണയിക്കാനുള്ള നിര്‍ദേശവുമായി കെ.എസ്.ഇ.ബി. രണ്ട് മാസത്തിലൊരിക്കല്‍ ബില്‍ തുക നിര്‍ണയിച്ചില്ലെങ്കില്‍ അധികനിരക്ക് ഈടാക്കുമെന്നത് അടിസ്ഥാനരഹിതമാണ്. താല്‍ക്കാലിക മീറ്റര്‍ റീഡര്‍മാര്‍ മീറ്ററുകള്‍ ഉള്‍പ്പെടെ തിരികെ ഏല്‍പ്പിച്ചെങ്കിലും പ്രശ്നപരിഹാരത്തിനുള്ള ഫലപ്രദമായ നിര്‍ദേശങ്ങളില്ലെന്നാണ് പരാതി.
കോവിഡ് കാലത്ത് പരീക്ഷിച്ച മാര്‍ഗം. സ്വന്തംനിലയില്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ രേഖപ്പെടുത്താനുള്ള വഴി. മീറ്റര്‍ റീഡിങിന് ആളെത്തിയില്ലെങ്കിലും ബില്ലടയ്ക്കാന്‍ താല്‍പര്യമുണ്ടെന്ന് കസ്റ്റമര്‍ കെയറില്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് അറിയിക്കാം. പിന്നാലെ വാട്സ്ആപ്പ് സന്ദേശം ഉള്‍പ്പെടെ നല്‍കാന്‍ കഴിയുന്ന ഫോണിലൂടെ വിളിയെത്തും. നിലവിലെ വൈദ്യുതി ഉപഭോഗത്തിന്‍റെ കണക്ക് ഫോട്ടോയിലൂടെയും വിഡിയോ ദൃശ്യങ്ങള്‍ വഴിയും കൈമാറാം. മുന്‍കാല ഉപയോഗത്തിന്‍റെ ശരാശരി കണക്കാക്കി ബില്ലൊടുക്കാനുള്ള നിര്‍ദേശമെത്തും. രണ്ട് മാസം കഴിഞ്ഞിട്ടും മീറ്റര്‍ റീഡിങിന് ആളെത്തിയില്ല. അങ്ങനെയെങ്കില്‍ ഒടുക്കേണ്ട തുക ഉയരുന്നത് സ്വാഭാവികമല്ലേ എന്ന സംശയം ഇതിനകം പല ഉപഭോക്താക്കളും പ്രകടിപ്പിക്കുന്നുണ്ട്. ഒരു പൈസ പോലും അധികം ഈടാക്കില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
നേരത്തെയുള്ള ആറ് മാസത്തെ ബില്ലിന്‍റെ ശരാശരി കണക്കാക്കി മാത്രം തുക ഈടാക്കും. ബില്ലടയ്ക്കാന്‍ രണ്ടല്ല നാല് മാസം കഴിഞ്ഞാലും നിരക്കുയര്‍ത്തില്ല. കെ.എസ്.ഇ.ബിയുടെ നിര്‍ദേശപ്രകാരം കൈവശമുണ്ടായിരുന്ന മീറ്ററുകളെല്ലാം താല്‍ക്കാലിക മീറ്റര്‍ റീഡര്‍മാര്‍ തിരികെ ഏല്‍പ്പിച്ചു. സമരത്തിലുണ്ടായിരുന്നതില്‍ പകുതിയിലധികം ആളുകള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചെന്ന് അവകാശപ്പെടുന്ന വൈദ്യുതി മന്ത്രി വേണ്ടി വന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന നിലപാടിലാണ്. എന്നാല്‍ ചര്‍ച്ച എന്നുണ്ടാവുമെന്ന കാര്യത്തില്‍ മന്ത്രിക്കും വ്യക്തതയില്ല.