സെക്ഷനോഫീസിൽ പോസ്റ്റ് സ്റ്റോക്കില്ലാത്തതുകൊണ്ട് കണക്ഷൻ കിട്ടാൻ വൈകുന്നു, സോളർ പ്ലാന്‍റ് സ്ഥാപിച്ചിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും നെറ്റ് മീറ്റർ കിട്ടാനില്ല എന്നിങ്ങനെയുള്ള ഉപഭോക്താക്കളുടെ ആവലാതികൾ ഇനി പഴങ്കഥ. നിർമാണ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും ലഭ്യതയിലെ കാലതാമസത്തിന് സ്ഥിരം പരിഹാരമൊരുക്കാൻ കെഎസ്ഇബി. മെറ്റീരിയൽ പർച്ചെയ്സ് നടപടിക്രമങ്ങളാകെ പൂർണമായും കംപ്യൂട്ടർവല്‍ക്കരിച്ച് കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി മാറ്റി കാലതാമസം പരമാവധി കുറയ്ക്കാനാണ് നീക്കം. 

പർച്ചെയ്സ് പ്ലാനിങ് മുതൽ മെറ്റീരിയൽ ഡെലിവറി വരെ എല്ലാ ഘട്ടങ്ങളും പൂർണമായും കടലാസ് രഹിതമാക്കും. സാങ്കേതിക പരിശോധനകളും ടെൻഡർ നടപടിക്രമങ്ങളും കെഎസ്ഇബിയുടെ സ്വന്തം  ഇആർപി സോഫ്റ്റ്‍വെയറായ സമഗ്രയുമായി ചേർത്ത് അതിവേഗത്തിലാക്കും. സപ്ലൈ ചെയിൻ മാനേജ്മെന്‍റെ ഡാഷ്ബോർഡിലൂടെ മെറ്റീരിയൽ പർച്ചെയ്സിന്‍റെ വിവിധഘട്ടങ്ങൾ തത്സമയം നിരീക്ഷിക്കാനും തടസങ്ങൾ ഒഴിവാക്കി നടപടികൾ സുഗമമാക്കാനും കഴിയും. നിലവിൽ ശരാശരി നാല് മുതൽ ആറ് മാസം വരെ കാലതാമസമെടുക്കുന്ന പർച്ചെയ്സ് പ്രക്രിയ കേവലം ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലാണ് ഈ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്.

നിലവിൽ, ഉയർന്ന തുകയ്ക്കുള്ള പർച്ചെയ്സിന് ടെൻഡർ നോട്ടിഫിക്കേഷൻ, പ്രീബിഡ് മീറ്റിംഗ്, പ്രീ ക്വാളിഫിക്കേഷൻ, ടെൻഡർ ഓപ്പണിംഗ്, പർച്ചെയ്സ് കമ്മിറ്റിയുടെ അംഗീകാരം തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സുദീർഘമായ നടപടിക്രമങ്ങളാണുള്ളത്. സംസ്ഥാന സർക്കാരിന്‍റെ ‘ഇ ടെൻഡർ’ പ്ലാറ്റ്ഫോമിലൂടെ ഒരു പർച്ചെയ്സ് ടെൻഡർ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുകയാണ് ആദ്യ ഘട്ടം. അതിനെത്തുടർന്ന് ഒരു പ്രീ ബിഡ് മീറ്റിംഗ് വിളിച്ച് ടെൻഡർ സംബന്ധിച്ച വിശദാംശങ്ങൾ നൽകുകയും സപ്ലൈയർമാരുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുകയുംചെയ്യും.  ലഭ്യമാകുന്ന ടെൻഡറുകൾക്ക് രണ്ടു ഭാഗങ്ങളാണ് ഉണ്ടാവുക. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും. ആദ്യം പ്രീ ക്വാളിഫിക്കേഷൻ ഘട്ടമാണ്. ടെക്നിക്കൽ ബിഡ് നേരത്തെ പ്രഖ്യാപിച്ചിരിക്കുന്ന തീയതിയിൽ തുറക്കുന്നു. സപ്ലൈയറുടെ സാമ്പത്തികഭദ്രതയും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഉല്പന്നത്തിന്‍റെ സ്പെസിഫിക്കേഷനും ഗുണമേന്മയും കെഎസ്ഇബിയുടെ ആവശ്യത്തിന് അനുയോജ്യമാണോ എന്നും പരിശോധിച്ച് അത്തരം ടെക്നിക്കൽ ബിഡുകൾ ഫിനാൻഷ്യൽ അഡ്വൈസറുടെ അഭിപ്രായത്തിന് അയക്കുന്നു. തുടർന്ന് അവ പ്രീക്വാളിഫിക്കേഷൻ കമ്മിറ്റിയുടെ അംഗീകാരത്തിന് സമർപ്പിക്കുന്നു. അംഗീകാരം ലഭിച്ച സപ്ലൈയർമാരുടെ ഫിനാൻഷ്യൽ ബിഡ് തുറന്ന് പരിശോധിക്കുകയാണ് അടുത്തപടി. ഏറ്റവും കുറവ് തുക ക്വോട്ട് ചെയ്ത സപ്ലൈയർമാരെ കണ്ടെത്തി ആ പട്ടിക ഫിനാൻഷ്യൽ അഡ്വൈസറുടെ അഭിപ്രായത്തിനായി വീണ്ടും അയക്കുന്നു. തുടർന്ന് 5 കോടി വരെ അടങ്കൽതുക വരുന്ന ടെൻഡറുകൾ ചീഫ് എഞ്ചിനീയറും 5-20 കോടി വരെയുള്ളവ പർച്ചെയ്സ് സബ് കമ്മിറ്റിയും 20-50 കോടി വരെയുള്ളവ പർച്ചെയ്സ് കമ്മിറ്റിയും 50 കോടിക്ക് മുകളിലുള്ളവ ഡയറക്ടർ ബോർഡും പരിശോധിച്ച് അംഗീകാരം നൽകുന്നു. ഇ ടെൻഡർ രേഖകൾ പ്രിന്‍റെടുത്ത് ഫയൽ ചെയ്യുന്നതും  കടലാസിൽ രേഖപ്പെടുത്തി ലഭിക്കുന്ന രേഖകൾ സ്കാൻ ചെയ്ത് വെബ്സൈറ്റിലേക്ക് അപ്‍ലോഡ് ചെയ്യുന്നതുൾപ്പെടെയുള്ള സങ്കീർണ്ണവും കാലതാമസവും മനുഷ്യാധ്വാനവും ഏറിയതുമായ ഇത്തരം നടപടിക്രമങ്ങളെ പാടേ ഒഴിവാക്കി കടലാസ് രഹിതവും പൂർണ്ണമായും കമ്പ്യൂട്ടർ/ വെബ് അധിഷ്ഠിതവുമായ പരിഷ്ക്കാരങ്ങളാണ് നടപ്പാക്കുക.

കെഎസ്ഇബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ അധ്യക്ഷതയിൽ നവംബർ 5ന് ചേർന്ന പർച്ചെയ്സ് & സപ്ലൈ ചെയിൻ മാനേജ്മെന്‍റ് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം നിലവിലെ പർച്ചെയ്സ് നടപടിക്രമങ്ങളുടെ അപാകതകൾ വിലയിരുത്തി. ടെൻഡർ രേഖകൾ പൂർണ്ണമായും പേപ്പർ രഹിതമാക്കുക, ടെൻഡർ രേഖകളുടെ സാങ്കേതികപരിശോധന സോഫ്റ്റ്‍വെയർ അധിഷ്ഠിതമാക്കുക, ടെൻഡർ രേഖകൾ നവീകരിക്കുക, ടെൻഡറിംഗ് നടപടികളുടെ സമയക്രമം പുതുക്കി നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങളിൽ നിർണ്ണായകമായ തീരുമാനങ്ങൾ കൈക്കൊണ്ടു.

പരിഷ്ക്കാരങ്ങൾ യാഥാർഥ്യമാകുന്നതോടെ സാധനസാമഗ്രികളുടെ ലഭ്യത വേഗത്തിലാകുമെന്നതിനാൽ ഉപഭോക്താക്കൾക്ക് ഏറെ ഗുണകരമാകും. നിർമ്മാണസാമഗ്രികൾ സുലഭമാകുന്നതോടെ വികസനപ്രവൃത്തികളുടെ ഗതിവേഗവും വർധിക്കും. ആവശ്യമായ സാധനസാമഗ്രികൾക്ക് വിപണിയിലെ വിലയുടെ കയറ്റിറക്കങ്ങൾ മനസ്സിലാക്കി ആവശ്യമായ അളവിൽമാത്രം തത്സമയം ഓർഡർ നൽകിയാൽമതി എന്നതിനാൽ പൊതുവെ കെഎസ്ഇബിക്ക് സാമ്പത്തിക ലാഭവും ഉണ്ടാകും.  ‘സമഗ്ര’യുമായി ചേർത്ത് എല്ലാ നടപടിക്രമങ്ങളും ഏകോപിപ്പിക്കുന്നതുവഴി സുതാര്യതയും തുടർച്ചയായ അവലോകനവും ആസൂത്രണവും സാധ്യമാവുകയും ചെയ്യും.

ENGLISH SUMMARY:

KSEB material purchase computerization aims to eliminate delays in providing electricity connections and net meters for solar plants. This new initiative introduces a paperless, automated tender system integrated with the Samagra ERP software to streamline operations.