കൊച്ചി– ലക്ഷദ്വീപ് സീ പ്ലെയിന്‍ സര്‍വീസ് തുടങ്ങുന്നത് അനിശ്ചിതത്വത്തിലായതോടെ വിമാന കമ്പനി കൊച്ചിയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഭോപ്പാല്‍ കേന്ദ്രമാക്കി വിമാന സര്‍വീസ് നടത്താനുള്ള ശ്രമത്തിലാണ് കമ്പനി. ജീവനക്കാരെയും സാങ്കേതിക വിദഗ്ധരെയും കൊച്ചിയില്‍ നിന്ന് തിരികെ വിളിപ്പിച്ചു. സീ പ്ലെയിന്‍ സര്‍വീസിന് അവസാന നിമിഷം അനുമതി റദ്ദാക്കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. 

കൊച്ചി–ലക്ഷദ്വീപ് സീ പ്ലെയിന്‍ പദ്ധതിയുടെ ചിറകരിഞ്ഞത് ലക്ഷദ്വീപ് ഭരണകൂടമാണ്. സീ പ്ലെയിന്‍ സര്‍വീസ് നടത്തുന്ന സ്കൈ ഹോപ് ഏവിയേഷന് നല്‍കിയിരുന്ന അനുമതികളെല്ലാം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഇടപെട്ടു റദ്ദാക്കുകയായിരുന്നു. സര്‍വീസ് നടത്തുന്നതിനുള്ള സാങ്കേതിക ജ്ഞാനം ലക്ഷദ്വീപിലില്ല എന്ന ന്യായം പറഞ്ഞാണ് അവസാന നിമിഷം അധികൃതര്‍ പിന്‍വാങ്ങിയത്. സീ പ്ലെയിന്‍ സര്‍വീസിനുള്ള അനുമതികള്‍ റദ്ദാക്കിയ വിവരം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ രേഖാമൂലം ലക്ഷദ്വീപ് കലക്ടര്‍ മുഖേന അറിയിക്കുകയും ചെയ്തു. അനുമതി നേടിയെടുക്കാനുള്ള എല്ലാ ശ്രമങ്ങളും പാഴായതോടെ സ്കൈ ഹോപ് അവരുടെ പ്രവര്‍ത്തനം മാറ്റുകയാണ്. സീ പ്ലെയിന്‍ സര്‍വീസ് തല്‍ക്കാലം നിര്‍ത്തിവച്ചു. കൊച്ചിയിലെ ഓഫീസിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി. ജീവനക്കാരോടും സാങ്കേതിക വിദഗ്ധരോടും കൊച്ചിയില്‍ നിന്ന് മടങ്ങാന്‍ നിര്‍ദേശിച്ചു. ഭോപ്പാല്‍ കേന്ദ്രീകരിച്ച് വിമാന സര്‍വീസ് തുടങ്ങാനുള്ള ശ്രമങ്ങള്‍ സ്കൈ ഹോപ് കമ്പനി തുടങ്ങി. കൊച്ചി–ലക്ഷദ്വീപ് സീ പെയിന്‍ സര്‍വീസിന് അവസാന നിമിഷം അനുമതി നിഷേധിച്ചതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നാണ് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 40ല്‍ അധികം പരീക്ഷണ സര്‍വീസുകള്‍ക്ക് ശേഷമാണ് സീ പ്ലെയിന്‍ സര്‍വീസ് തുടങ്ങാനിരുന്നത്. ലക്ഷദ്വീപിലെ അഞ്ചു ദ്വീപുകളെ ബന്ധിപ്പിക്കുന്നതായിരുന്നു പദ്ധതി. പദ്ധതി വൈകാതെ തുടങ്ങുവെന്ന് വ്യോമയാനമന്ത്രി ഉറപ്പുനല്‍കിയിരുന്നതാണ്. 

Kochi-Lakshadweep Seaplane Service Suspended Indefinitely:

Kochi Lakshadweep seaplane service faces an indefinite delay, forcing the operating company to shut down its Kochi office and relocate operations to Bhopal. The abrupt cancellation of permits by the Lakshadweep administration has prompted an official inquiry by the Ministry of Civil Aviation