pinarayi-riyas-veena

File image

സിഎംആര്‍എല്‍–എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആര്‍ റജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാരിനും തിരിച്ചടി. എസ്ഐടി രൂപീകരിച്ച ഡിജിപിയുടെ ഉത്തരവ് നിയമവിരുദ്ധമെന്നു വിലയിരുത്തിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കി. പ്രതിപക്ഷ നേതാവ് പിണറായി വിജയനൊപ്പം മു‍ന്‍മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ വീണ എന്നിവരും പ്രതികളാകും. വിജിലന്‍സ് എഫ്ഐആര്‍ ഇട്ടാല്‍ ഇ.ഡി ഉടന്‍ പുതിയ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യും. 

 

ഇ.ഡി നൽകിയ കത്തിൽ ഗുരുതരമായ കുറ്റകൃത്യമാണു വെളിപ്പെടുന്നതെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനു മുൻപ് പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി അഡ്വ.കെ.എം.ഷാജഹാൻ നൽകിയ ഹർജിയിലാണു ജസ്റ്റിസ് എ.ബദറുദ്ദീൻ വിധി പറഞ്ഞത്. കോടതി ഉത്തരവോടെ കേസുമായി ബന്ധപ്പെട്ട  സി.പി.എം വാദങ്ങള്‍ പൊളിഞ്ഞെന്ന്  ഹര്‍ജി നല്‍കിയ കെ.എം.ഷാജഹാന്‍ പ്രതികരിച്ചു. പിണറായി തുടരാന്‍ അര്‍ഹനാണോയെന്ന് പാര്‍ട്ടി തീരുമാനിക്കണം. താന്‍ തുടരുന്നത് അന്തരിച്ച മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പോരാട്ടമാണ്. വിഎസിന്‍റെ അഴിമതിവിരുദ്ധ പോരാട്ടത്തിന്‍റെ തുടര്‍ച്ചയാണിത്. കോടതിയില്‍ നേടിയ വിജയം വി.എസിന് സമര്‍പ്പിക്കുന്നെന്നും ഷാജഹാന്‍ പറഞ്ഞു. 

 

Also read: സിഎംആര്‍എല്‍–എക്‌സാലോജിക് ഇടപാട്: എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി; പിണറായിക്ക് തിരിച്ചടി


അതേസമയം, കോടതി ഉത്തരവിനെ  നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം  സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജന്‍ പറഞ്ഞു . കോടതി ഉത്തരവ് ബന്ധപ്പെട്ടവരെ കേള്‍ക്കാതെയാണ്.  ഇ.ഡി വ്യാജരേഖകളും മൊഴികളും ഉണ്ടാക്കി.  റിയാസിന്റെ സുഹൃത്തിനെ ഇ.ഡി ഭീഷണിപ്പെടുത്തിയെന്നും എം.വി ജയരാജന്‍ കുറ്റപ്പെടുത്തി. കോടതി ഉത്തരവിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ജോണ്‍  ബ്രിട്ടാസ് എം.പി പറഞ്ഞു. ഇ‍ഡിയുടെ രാഷ്ട്രീയക്കളിയെന്ന് ഇതിനു പിന്നിലെന്ന് സിപിഎം നേതാവ് പി.ജയരാജന്‍ ആരോപിച്ചു. എഫ്ഐആര്‍ ഇടണമെന്ന ഹര്‍ജിയടക്കം രാഷ്ട്രീയക്കളിയാണ്. ഹര്‍ജിക്കാരന്‍ െകഎം. ഷാജഹാന്‍ പിണറായി വേട്ടക്കാരനാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

 

അന്വേഷണത്തിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ഇ.ഡി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആദ്യം തന്നെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടതു നിർബന്ധമാണോ എന്നതിലെ നിയമപ്രശ്നമാണു ഹൈക്കോടതി പരിശോധിച്ചത്. ഡിജിപിക്ക് ഇ.ഡി നൽകിയ കത്തിന്റെ പകർപ്പ് മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഹർജി തന്നെ നിലനിൽക്കില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. ആദ്യം തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഇതുസംബന്ധിച്ചു സുപ്രീം കോടതി ഉത്തരവുണ്ടെന്നും സർക്കാർ നേരത്തെ അറിയിച്ചിരുന്നു

 

അതേസമയം, ഹർജിക്കാരന്റെ വാദത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഇ.ഡി, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ 66 (2) പ്രകാരം നൽകിയ കത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതു സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിർബന്ധമാണെന്നു വാദിച്ചു. ഗുരുതര സ്വഭാവമുള്ളതാണ് കുറ്റകൃത്യം. പ്രാഥമിക അന്വേഷണത്തിന്റെ ചോദ്യം ഉയരുന്നില്ലെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ബാധ്യതയുണ്ടെന്നുമാണ് ഇ.ഡിയുടെ വാദം.

ENGLISH SUMMARY:

CMRL Exalogic case high court verdict highlights a major setback for the Kerala government as the court ordered a vigilance FIR against prominent political figures. The ongoing legal and political developments indicate intensified scrutiny by investigative agencies like the ED and Vigilance.