File image
സിഎംആര്‍എല്‍–എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആര്‍ റജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്നും കോടതി വിലയിരുത്തി. മുന്‍മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ വീണ എന്നിവര്‍ പ്രതികളാകും.എസ്ഐടി രൂപീകരിച്ച ഡിജിപിയുടെ ഉത്തരവ് നിയമവിരുദ്ധമെന്നു വിലയിരുത്തിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കി.
ഇ.ഡി നൽകിയ കത്തിൽ ഗുരുതരമായ കുറ്റകൃത്യമാണു വെളിപ്പെടുന്നതെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനു മുൻപ് പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി അഡ്വ.കെ.എം.ഷാജഹാൻ നൽകിയ ഹർജിയിലാണു ജസ്റ്റിസ് എ.ബദറുദ്ദീൻ വിധി പറഞ്ഞത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തി എഫ്ഐആര്‍ റജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇ.ഡിയുടെ ഹർജിയിലെ ആവശ്യം.
കോടതി ഉത്തരവോടെ കേസുമായി ബന്ധപ്പെട്ട സി.പി.എം വാദങ്ങള്‍ പൊളിഞ്ഞെന്ന് ഹര്‍ജി നല്‍കിയ കെ.എം.ഷാജഹാന്‍ പ്രതികരിച്ചു. പിണറായി തുടരാന്‍ അര്‍ഹനാണോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും കെ.എം.ഷാജഹാന്‍ പറഞ്ഞു.
അതേസമയം, കോടതി ഉത്തരവിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജന്‍ പറഞ്ഞു . കോടതി ഉത്തരവ് ബന്ധപ്പെട്ടവരെ കേള്‍ക്കാതെയാണ്. ഇ.ഡി വ്യാജരേഖകളും മൊഴികളും ഉണ്ടാക്കി. റിയാസിന്റെ സുഹൃത്തിനെ ഇ.ഡി ഭീഷണിപ്പെടുത്തിയെന്നും എം.വി ജയരാജന്‍ കുറ്റപ്പെടുത്തി. കോടതി ഉത്തരവിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു.
അന്വേഷണത്തിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ഇ.ഡി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആദ്യം തന്നെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടതു നിർബന്ധമാണോ എന്നതിലെ നിയമപ്രശ്നമാണു ഹൈക്കോടതി പരിശോധിച്ചത്. ഡിജിപിക്ക് ഇ.ഡി നൽകിയ കത്തിന്റെ പകർപ്പ് മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഹർജി തന്നെ നിലനിൽക്കില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. ആദ്യം തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഇതുസംബന്ധിച്ചു സുപ്രീം കോടതി ഉത്തരവുണ്ടെന്നും സർക്കാർ നേരത്തെ അറിയിച്ചിരുന്നു
അതേസമയം, ഹർജിക്കാരന്റെ വാദത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഇ.ഡി, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ 66 (2) പ്രകാരം നൽകിയ കത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതു സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിർബന്ധമാണെന്നു വാദിച്ചു. ഗുരുതര സ്വഭാവമുള്ളതാണ് കുറ്റകൃത്യം. പ്രാഥമിക അന്വേഷണത്തിന്റെ ചോദ്യം ഉയരുന്നില്ലെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ബാധ്യതയുണ്ടെന്നുമാണ് ഇ.ഡിയുടെ വാദം.