സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയേക്കില്ല. ഉത്തരവ് പ്രത്യക്ഷത്തില്‍ സര്‍ക്കാരിന് തിരിച്ചടിയാണങ്കിലും രാഷ്ട്രീയമായി ആശ്വാസമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. ഇ.ഡി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിച്ചെവെന്ന ആക്ഷേപം ഒഴിവാക്കാനും കേസിന്‍റെ ഉത്തരവാദിത്തം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാകാനും ഇതോടെ കഴിയുമെന്നും വിലയിരുത്തുന്നു.
ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും പരിശോധിച്ച് തുടര്‍നടപടിയെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. നിയമോപദേശമനുസരിച്ചാണ് എസ്.ഐ.ടിയെ നിയോഗിച്ചത്. സര്‍ക്കാര്‍ ഇ.ഡിയെ വിശ്വസിക്കുന്നുണ്ടോ എന്നതല്ല പ്രശ്നമെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. പിണറായിക്കെതിരെ കേസ് എടുക്കണം എന്ന കോടതി വിധിയെ കുറിച്ചു ഇപ്പോൾ പ്രതികരികരിക്കുന്നില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മാധ്യമങ്ങളിൽ കണ്ട വിവരം മാത്രമെയുള്ളൂ. സ്പീക്കർ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
പിണറായിക്കെതിരെ തുടരുന്നത് വിഎസ് തുടങ്ങിവച്ച പൊരാട്ടമെന്ന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കെ.എം.ഷാജഹാന്‍. വിഎസിന് മുഴുമിപ്പിക്കാന്‍ കഴിയാതിരുന്ന സമരം ഏറ്റെടുത്ത അദ്ദേഹത്തിന്‍റെ ശിഷ്യനാണ് താനെന്ന് ഷാജഹാന്‍ അവകാശപ്പെട്ടു . തന്‍റെ ഹര്‍ജിക്ക് അനുകൂലനിലപാട് എടുക്കാതിരുന്ന ഹൈക്കോടതി ഇപ്പോള്‍ പിണറായിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത് കാവ്യനീതിയെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പ്രതികരിച്ചു.
കോണ്‍ഗ്രസ്–സിപിഎം ഡീല്‍ പൊളിഞ്ഞെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ പ്രതികരണം. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. വിധി രാഷ്ട്രീയവേട്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആരോപിച്ചു. രാഷ്ട്രീയമായും നിയമപരമായും നേരിടും.
പിണറായി വിജയന് വന്‍ തിരിച്ചടി
സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന് വന്‍ തിരിച്ചടി. പിണറായി വിജയനും മുഹമ്മദ് റിയാസ് എം.എല്‍.എയ്ക്കുമെതിരായ ഇഡി കണ്ടെത്തലുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി. എഫ്ഐആർ ഇല്ലാതെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് വൈകാതെ സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
ഇ.ഡി.യുടെ വിവരങ്ങളിൽ സാക്ഷിമൊഴികളും രേഖകളും ഉൾപ്പെടെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യാൻ മതിയായ പ്രാഥമിക വിവരങ്ങളുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനെന്ന പേരിൽ മറ്റൊരു പ്രാഥമിക അന്വേഷണം നടത്തുന്നത് ഈ കേസിലെ സാഹചര്യങ്ങളിൽ ന്യായീകരിക്കാനാവില്ല. അതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം എന്നാണ് സർക്കാർ വാദം തള്ളി വിജിലൻസ് ഡയറക്ടർക്ക് ജസ്റ്റിസ് എ.ബദറുദീൻ ഉത്തരവ് നൽകിയത്. സംസ്ഥാന പോലീസ് മേധാവിയുടെയോ, പ്രത്യേക അന്വേഷണസംഘത്തിന്റെയോ കൈവശമുള്ള ഇ.ഡി.യുടെ വിവരങ്ങളും രേഖകളും ഉടൻ വിജിലൻസിന് കൈമാറണം. ആവശ്യമായ എല്ലാ രേഖകളും ഇ.ഡി. വിജിലൻസിന് ഉടൻ നൽകണം.
എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്തശേഷം അന്വേഷണത്തിനായി കൂടുതൽ രേഖകൾ ആവശ്യപ്പെടാൻ വിജിലൻസിന് അധികാരമുണ്ടാകും. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് വൈകാതെ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ച ഡിജിപിയുടെ നടപടി കോടതി റദ്ദാക്കി. അഴിമതി നിരോധനം നിയമപ്രകാരം അന്വേഷണം നടത്തേണ്ടത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയാണ്. അഴിമതി നിരോധന നിയമപ്രകാരം കുറ്റം വെളിപ്പെടുത്തുന്ന വിവരങ്ങൾ ലഭിച്ചാൽ എല്ലാ കേസുകളിലും പ്രാഥമിക അന്വേഷണം നിർബന്ധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇ.ഡി കത്തിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, ടി.വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു കെ.എം.ഷാജഹാന്റെ ഹർജിയിലെ ആവശ്യം. ഇഡിയും സമാന നിലപാട് തന്നെയാണ് കോടതിയിൽ സ്വീകരിച്ചത്. എഫ്ഐആർ റജിസ്റ്റർ ചെയ്താൽ ഉടൻതന്നെ ECIR റജിസ്റ്റർ ചെയ്ത് കള്ളപ്പണ ഇടപാടിൽ അന്വേഷണം ആരംഭിക്കുമെന്ന് ഇഡി വ്യക്തമാക്കി.
Also read: പിടിമുറുക്കാന്‍ വിജിലന്‍സും ഇഡിയും; പിണറായിയും റിയാസും വീണയും പ്രതികളാകും; സര്‍ക്കാരിനും തിരിച്ചടി
ഇ.ഡിയുടെ രാഷ്ട്രീയവേട്ട തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് സി.പി.എം. ആരോപണവിധേയരെ കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി. ഇഡി സമര്‍പ്പിച്ച വ്യാജരേഖകള്‍ക്കും വ്യാജമൊഴികള്‍ക്കുമെതിരായ തെളിവുകള്‍ കോടതിയിലെത്തിയില്ല. ഡിവിഷന്‍ ബെഞ്ചില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നുവെന്നും സി.പി.എം നേതാക്കള്‍ പ്രതികരിച്ചു.
സിപിഎം പ്രതിരോധത്തില്‍
ഹൈക്കോടതി വിധി സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി. ലാവലിന്‍ കേസിനുശേഷം മാസപ്പടി കേസ് , പിണറായിക്കും സി.പി.എമ്മിനും വെല്ലുവിളിയായി മാറുകയാണ്. തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ തിരുത്തല്‍ നടപടികളിലൂടെ സി.പി.എം കരുത്തു കൂട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് കോടതിയില്‍ നിന്നുള്ള പ്രഹരം.
സര്‍ക്കാരിനെതിരെ സമരപരമ്പരയ്ക്ക് തിരികൊളുത്തേണ്ട സമയത്ത് മാസപ്പടികേസില്‍ ന്യായീകരിച്ച് പ്രതിരോധം തീര്‍ക്കണ്ട ദുരവസ്ഥയിലായി സി.പി.എം. സംസ്ഥാന സെക്രട്ടറിയെ ശാസിച്ച വിശാല സംസ്ഥാനസമിതി യോഗം മുതല്‍ തുടങ്ങിയ രാഷ്ട്രീയ–സംഘടനാ കരുത്തുകൂട്ടല്‍ ശ്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തവേയാണ് മാസപ്പടി കേസ് എവിടേക്ക് എന്ന കടുത്ത ആശങ്ക പാര്‍ട്ടിയെ വരിഞ്ഞുമുറുക്കുന്നത്. പ്രതിപക്ഷനേതൃസ്ഥാനത്ത് പിണറായി വിജയന്‍ തുടരുന്നതിനെതിരെയും ചോദ്യങ്ങളുയരും. ലാവലിന്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന കാലത്ത് പിണറായി പാര്‍ലമെന്‍ററി പദവികളില്‍ നിന്ന് മാറി നിന്നിരുന്നു. കേസില്‍ നിന്ന് ഹൈക്കോടതി വിടുതല്‍ നല്‍കിയ ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രി പദവിയിലേക്ക് വരുന്നത്. സി.പി.എമ്മിലെ വിഭാഗീയത കൊടുമ്പിരി കൊണ്ട കാലത്തായിരുന്നു ലാവലിന്‍ കേസ്. പാര്‍ട്ടിക്കകത്തും പുറത്തും അന്ന് വി.എസ് അച്യുതാനന്ദന്‍ പിണറായിയെ മുള്‍മുനയില്‍ നിര്‍ത്തി.
എന്നാല്‍ മാസപ്പടിക്കേസിന്‍റെ വര്‍ത്തമാനകാലത്ത് അങ്ങനെയൊരു വെല്ലുവിളി പിണറായി നേരിടുന്നില്ല. രാഷ്ട്രീയപ്രേരിതമായ കള്ളക്കേസെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പറഞ്ഞ് കൂട്ടത്തോടെ നേതാക്കള്‍ രംഗത്തുവന്നു കഴിഞ്ഞു. പാര്‍ട്ടിയുടെ പോക്കിലുള്ള എതിര്‍പ്പ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത് പ്രകടിപ്പിച്ച കണ്ണൂരിലെ അണികളുടെ അനിഷേധ്യ നേതാവ് പി.ജയരാജന്‍ ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗമാണ്. ഹൈക്കോടതി ഉത്തരവിനു പിന്നാലെ പിണറായിക്ക് കവചം തീര്‍ത്ത് ആദ്യം രംഗത്തെത്തിയ നേതാക്കളിലൊരാളും അദ്ദേഹമാണ്.
സര്‍ക്കാര്‍ അപ്പീല്‍ നല്‍കാതെ എഫ്.ഐ.ആര്‍ ഇട്ട് വിജിലന്‍സ് അന്വേഷണം ആരംഭിച്ചാല്‍ കോണ്‍ഗ്രസ് – ബി.ജെ.പി കൂട്ടുകെട്ട് വേട്ടയാടുന്നു എന്നാവും സി.പി.എം പ്രതിരോധം.