നെടുമ്പാശേരി വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് കാക്കനാട് ബോസ്റ്റൽ സ്കൂളിൽ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് മോചനം. മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടക്കേസിൽ പ്രതി പുറത്തിറങ്ങിയതോടെ പരിസരത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മാധ്യമപ്രവർത്തകരെ തള്ളിമാറ്റി സുരക്ഷാവലയം തീർത്താണ് ബന്ധുക്കൾ സുഹൈലിനെ വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. കേസിലെ മറ്റ് പ്രതികൾക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. Also Read: 'ബാറില്‍ പാട്ടും നൃത്തവും പാടില്ലെന്ന് പറയാനാകുമോ?' ഡിജെ നിയന്ത്രണത്തിൽ ഹൈക്കോടതി
മനഃപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. കഴിഞ്ഞ ആറാം തീയതി സുഹൈൽ ഉൾപ്പെടെ നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കേസിലെ അന്വേഷണ നടപടികളും ഡിജിറ്റൽ തെളിവുകളുടെ ശേഖരണവും പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് സുഹൈലിന്റെ മോചനം കോടതി പത്ത് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചതോടെ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം. കഴിഞ്ഞ ഒക്ടോബർ 11നാണ് മദ്യപിച്ച് അമിതവേഗത്തിൽ സുഹൈൽ ഓടിച്ച കാർ ഇടിച്ച് രണ്ട് യുവതികളടക്കം മുന്നുപേര്‍ മരിച്ചത്. സംഭവത്തിൽ മനഃപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.