ചിത്രം മനോരമ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷത്തിന് ഹൈക്കോടതി ഉത്തരവ്. ബാലഭാസ്കറിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് നടപടി. സിബിഐ അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ജി.ഗിരീഷ്, തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവ് റദ്ദാക്കി.

എ.എസ്.പി റാങ്കിൽ കുറയാത്ത, സത്യസന്ധതയും കഴിവും തെളിയിച്ച ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്ന് സിബിഐയോട് കോടതി നിർദേശിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കണം. അപകടത്തിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നതടക്കം നേരത്തേ കോടതി ചൂണ്ടിക്കാട്ടിയ 20 സംശയകരമായ സാഹചര്യങ്ങൾ ഗൗരവമായി പരിശോധിക്കണമെന്നും നിർദേശമുണ്ട്.

2018 സെപ്റ്റംബർ 25-ന് പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറും മകളും മരിച്ചത്. പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ മകളുടെ വഴിപാടുകള്‍ക്കായി തൃശൂരിലെത്തിയതായിരുന്നു കുടുംബം. നേര്‍ച്ച കഴിഞ്ഞ് മടങ്ങിയ യാത്രയിലായിരുന്നു അപകടം. അര്‍ജുനായിരുന്നു ഡ്രൈവര്‍ സീറ്റില്‍. ലക്ഷ്മിയും മകളും മുന്‍ സീറ്റില്‍. പുറകില്‍ മധ്യഭാഗത്ത് ബാലഭാസ്കറും. പുലര്‍ച്ചെ 4.20ന് തിരുവനന്തപുരം പള്ളിപ്പുറത്തിനടുത്ത് ദേശീയപാതയോരത്തെ മരത്തിലിടിക്കുകയായിരുന്നു. മകള്‍ രണ്ടര വയസുകാരി തേജസ്വിനി ബാല ആദ്യം മരിച്ചു. ഒരാഴ്ചയോളം ജീവന് വേണ്ടി പൊരുതിയ ശേഷം ബാലഭാസ്കറും മരിച്ചു. ഭാര്യ ലക്ഷ്മി അതിഗുരുതര പരുക്കുകളോടെ രക്ഷപ്പെടുകയാണ്. ഡ്രൈവര്‍ അര്‍ജുനും പരുക്കേറ്റു.

ENGLISH SUMMARY:

The Kerala High Court has ordered a fresh probe into the mysterious death of renowned violinist Balabhaskar and his daughter in a 2018 car crash. Highlighting significant lapses in the initial CBI probe, Justice G. Girish set aside the Thiruvananthapuram CJM Court's earlier order that had dismissed the petition seeking further investigation. The court directed the CBI to appoint an officer not below the rank of Assistant Superintendent of Police (ASP) within two weeks of receiving the order. Furthermore, the investigating team has been instructed to seriously examine 20 suspicious circumstances previously noted by the court, including potential links to gold smuggling syndicates.