ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ പരിധി കൂട്ടുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ അനുമതി തേടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദിവസേന ബുക്കിങ് പൂര്‍ണമാവുകയും സ്വാമിമാരുടെ വരവ് പകുതിയായി കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം കൂട്ടുന്നതിനൊപ്പം സ്പോട്ട് ബുക്കിങ്ങിന്റെ എണ്ണവും ഉയര്‍ത്താനുള്ള സാധ്യതയും തേടും. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സ്പെഷല്‍ കമ്മിഷണര്‍ അടുത്ത ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഭക്തരുടെ തിരക്ക് കൂടുതലാണ്.
വൃശ്ചികം നാലാംതീയതിയായ ഇന്നും ശബരിമലയില്‍ അറുപതിനായിരത്തില്‍ അധികം ബുക്കിങ്. ഇതുവരെ തുറന്നുകൊടുത്ത എല്ലാദിവസത്തേയും ബുക്കിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നു കേന്ദ്രങ്ങളിലെ സ്പോട്ട് ബുക്കിങ് മാത്രമാണ് തീര്‍ഥാടകര്‍ക്ക് ആശ്രയം. ബുക്കിങ് നിറഞ്ഞിട്ടും തീര്‍ഥാടകര്‍ കുറയുന്നത് എന്തെന്ന് അന്വേഷിക്കാന്‍ ദേവസ്വം മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
അന്പതിനായിരത്തില് താഴെ തീര്‍ഥാടകരാണ് ഇന്നലെ പമ്പയില്‍ നിന്ന് മലകയറിയത്. ഡിസംബര്‍ 25,26, ജനുവരി 10 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലാണ് ഇനി ബുക്കിങ് തുറക്കാനുള്ളത്. മണ്ഡല പൂജാക്കാലത്തും, മകരവിളക്ക് കാലത്ത് വളരെ കുറച്ച് തീര്‍ഥാടകരെ മാത്രമേ അനുവദിക്കൂ. ജനുവരി16 മുതല്‍ കൂടുതല്‍ തീര്‍ഥാടകരെ അനുവദിക്കും.