കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്ഷന് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീലുമായി വിസി സിസ തോമസ്. ഡിവിഷന് ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്. സര്‍വകലാശാലയിലെ 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതും തുടര്‍ന്നുള്ള അച്ചടക്ക നടപടികളും കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി റദ്ദാക്കിയത്.
അതേസമയം, പകയുടെ രാഷ്ട്രീയ അജന്‍ഡയാണ് സര്‍വകലാശാല നടപ്പിലാക്കുന്നതെന്നും പ്രതികാര നടപടി പ്രതീക്ഷിച്ചിരുന്നുവെന്നും എസ്എഫ്ഐ പ്രതികരിച്ചു. മന്ത്രി റോജി എം.ജോണിന്റെ അറിവോടെയാണ് നടപടിയെന്നും സമരവും നിയമപോരാട്ടവും തുടരുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.
സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന് വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി റദ്ദാക്കിയത്. സസ്പെന്‍ഷനിലായതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന പത്ത് വിദ്യാര്‍ഥികള്‍ക്ക് ആറാഴ്ചയ്ക്കകം പരീക്ഷ പ്രത്യേകമായി നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. 84 ദിവസത്തെ സസ്പെന്ഷന് ശിക്ഷയാണെന്നും വിദ്യാര്‍ഥികള്‍ മാപ്പുപറയേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. രൂക്ഷ വിമര്‍ശനമാണ് സര്‍വകലാശാലയ്ക്കെതിരെ അന്ന് ഹൈക്കോടതി നടത്തിയത്.