Image Credit: x/gemis (right)
അനാവശ്യ ആന്‍ജിയോപ്ളാസ്റ്റികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ പരാമര്‍ശത്തെ എതിര്‍ത്തും അനുകൂലിച്ചും വിദഗ്ദര്‍. ആരോഗ്യരംഗത്തെ കള്ളനാണയങ്ങളെ തുറന്നുകാട്ടുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. അടിയന്തര ചികില്‍സയുടെ സമയത്ത് അനാവശ്യ തര്‍ക്കങ്ങള്‍ക്കും ആശങ്കള്‍ക്കും ഇടയാക്കുന്നതാണ് പ്രതികരണമെന്നാണ് എതിര്‍ക്കുന്നവരുടെ വിമര്‍ശനം.
കോഴിക്കോട് നടന്ന കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയുടെ രജത ജൂബിലി ചടങ്ങിലാണ് അനാവശ്യ ആന്‍ജിയോപ്ളാസ്റ്റികള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ ജി.രാജേഷ് മുഖ്യമന്ത്രിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് വിവാദം കത്തിയത്. ഏതെങ്കിലും മെഡിക്കല്‍ സ്പെഷല്‍റ്റി വല്ലാതെ തരം താഴ്ന്നിട്ടുണ്ടെങ്കില്‍ അതു കാര്‍ഡിയോളജി ആണെന്നുകൂടി ഡോ. രാജേഷ് പറഞ്ഞതോടെ എതിര്‍ത്തും അനുകൂലിച്ചും വിദഗ്ധര്‍ അനേകം പേര്‍ രംഗത്തെത്തി. മുഖ്യമന്ത്രി പറഞ്ഞത് അനാവശ്യ ആന്‍ജിയോപ്ളാസ്റ്റി ശസ്ത്രക്രിയകളില്‍ നിയന്ത്രണം വേണമെന്നാണെന്ന് ഡോ. എസ്.എസ് .ലാല്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുമെന്ന് ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോ ജോസഫ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. ആശയക്കുഴപ്പം കാരണം അടിയന്തരഘട്ടങ്ങളില്‍ രോഗികള്‍ കൃത്യമായ ചികില്‍സയെടുക്കാന്‍ മടിക്കുമെന്നും പ്രസ്താവനയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇന്‍റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സിലും മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. 39,000 രൂപയാണ് ഒരു സ്റ്റെന്‍റിന് ഈടാക്കാവുന്ന പരമാവധി തുക. ഹൃദയശസ്ത്രക്രിയകളുടെ സങ്കീര്‍ണ്ണതകള്‍ക്ക് അനുസരിച്ച് 1ലക്ഷത്തി നാല്പതിനായിരം മുതല്‍ മുകളിലേയ്ക്കാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്.