Image Credit: x/gemis (right)

Image Credit: x/gemis (right)

  • ആരോഗ്യരംഗത്തെ കള്ളനാണയങ്ങളെ തുറന്നുകാട്ടുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ അടിയന്തര ചികില്‍സയുടെ സമയത്ത് അനാവശ്യ തര്‍ക്കങ്ങള്‍ക്കും ആശങ്കള്‍ക്കും ഇടയാക്കുന്നതാണ് പ്രതികരണമെന്ന് എതിര്‍ക്കുന്നവരും വാദിക്കുന്നു

മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി' പരാമര്‍ശത്തെ ചൊല്ലി ആരോഗ്യം രംഗത്ത് ഭിന്നാഭിപ്രായം. അനാവശ്യ ആന്‍ജിയോപ്ളാസ്റ്റികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ വാക്കുകളാണ് മെഡിക്കല്‍ രംഗത്ത് ചര്‍ച്ചയാകുന്നത്. ആരോഗ്യരംഗത്തെ കള്ളനാണയങ്ങളെ തുറന്നുകാട്ടുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ അടിയന്തര ചികില്‍സയുടെ സമയത്ത് അനാവശ്യ തര്‍ക്കങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കുന്നതാണ് പ്രതികരണമെന്ന് എതിര്‍ക്കുന്നവരും വാദിക്കുന്നു.

​കോഴിക്കോട് നടന്ന കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയുടെ രജത ജൂബിലി ചടങ്ങിലാണ് അനാവശ്യ ആന്‍ജിയോപ്ലാസ്റ്റികള്‍ ഒഴിവാക്കണമെന്ന ആഹ്വാനം മുഖ്യമന്ത്രി നല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ ജി. രാജേഷ്, തുറന്നു പറച്ചില്‍ 100 ശതമാനം സത്യമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് പിന്തുണയുമായെത്തിയോടെ വിവാദം കത്തി. ഏതെങ്കിലും മെഡിക്കല്‍ സ്പെഷല്‍റ്റി വല്ലാതെ തരം താഴ്ന്നിട്ടുണ്ടെങ്കില്‍ അതു കാര്‍ഡിയോളജി ആണെന്നും കൂടി ഡോക്ടര്‍ രാജേഷ് പറഞ്ഞതോടെ എതിര്‍ത്തും അനുകൂലിച്ചും വിദഗ്ധര്‍ നിരവധി പേര്‍ രംഗത്തെത്തുകയാണ്. 

മുഖ്യമന്ത്രി പറഞ്ഞത് അനാവശ്യ ആന്‍ജിയോപ്ളാസ്റ്റി ശസ്ത്രക്രിയകളില്‍ നിയന്ത്രണം വേണമെന്നാണെന്ന് ഡോ എസ്.എസ്.ലാല്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി തന്നെ ഇങ്ങനെ പറയുന്നത് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുമെന്ന് ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോക്ടര്‍ ജോ ജോസഫ് സമൂഹമാധ്യമത്തില്‍കുറിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ആശയക്കുഴപ്പം കാരണം രോഗികള്‍ കൃത്യമായ ചികില്‍സയെടുക്കാന്‍ മടിക്കുമെന്നുമാണ് കാരണമായി പറയുന്നത്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇന്‍റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി കൗണ്‍സിലും മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ രംഗത്തെത്തി. 39000 രൂപയാണ് ഒരു സ്റ്റെന്‍റിന് ഈടാക്കാവുന്ന പരമാവധി തുക. ഹൃദയശസ്ത്രക്രിയകളുടെ സങ്കീര്‍ണ്ണതകള്‍ക്ക് അനുസരിച്ച് ഒരു ലക്ഷത്തി നാല്‍പതിനായിരം മുതല്‍ മുകളിലേക്കാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. 

ENGLISH SUMMARY:

Chief Minister V.D. Satheesan’s remarks calling for the elimination of unnecessary angioplasty procedures have triggered a debate among medical professionals in Kerala. Supporters say the Chief Minister has highlighted the problem of unnecessary procedures in the healthcare sector, while critics argue that such statements could create confusion and anxiety among patients during medical emergencies. Kozhikode Medical College cardiology department head Dr G. Rajesh supported the Chief Minister, while doctors including Dr S.S. Lal and cardiac surgeon Dr Jo Joseph offered differing views on the issue. The Indian Medical Association and the Interventional Cardiology Council have also opposed the Chief Minister’s remarks, amid discussions over the costs of stents and cardiac surgeries in private hospitals.