എംജി സർവകലാശാലയിൽ ഇടത് അധ്യാപക സംഘടന ഇന്‍റേണല്‍ മാർക്ക് രേഖപ്പെടുത്താനുള്ള പോർട്ടൽ ഹാക്ക് ചെയ്തെന്ന് പരാതി. കഴിഞ്ഞ ഇടത് സിൻഡിക്കറ്റിന്‍റെ കാലത്ത് തയാറാക്കിയ പോര്‍ട്ടലാണ് വിവാദമായിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് അധ്യാപകസംഘടനയായ കെ.പി.സി.ടി.എ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കി.
എംജി സർവകലാശാലയിൽ നാലുവർഷ ബിരുദ പ്രോഗ്രാമിന്‍റെ ഇന്റേണൽ മാർക്കുകൾ രേഖപ്പെടുത്താനുള്ള പോർട്ടലിനെച്ചൊല്ലിയാണ് വിവാദം. അഞ്ചാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് മുന്നോടിയായി ഇന്‍റേണല്‍ മാര്‍ക്ക് രേഖപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതമായി കാണപ്പെട്ടെന്നാണ് അധ്യാപകരുടെ പരാതി. കഴിഞ്ഞ ഇടത് സിൻഡിക്കറ്റിന്‍റെ കാലത്ത് ഇടത് അധ്യാപക സംഘടനയിൽപ്പെട്ടവര്‍ സ്വകാര്യ സെർവർ വഴി തയാറാക്കിയ പോര്‍ട്ടലിലൂടെ മറ്റുളളവര്‍ക്ക് ഇന്‍റേണല്‍ മാര്‍ക്ക് രേഖപ്പെടുത്താന്‍ കഴിയുന്നില്ല.
ഇടതുഅധ്യാപക സംഘടനയായ എകെപിസിടിഎയുടെ പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് അധ്യാപകസംഘടനായായ കെപിസിടിഎ ആവശ്യപ്പെട്ടു. പരീക്ഷകള്‍ കൃത്യമായി നടക്കുന്നില്ലെന്ന് വരുത്താന്‍ ഇടതുസംഘടന മനപൂര്‍വം ചെയ്തതെന്നാണ് ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് കെപിസിടിഎയും സർവകലാശാല സെനറ്റംഗം ഡോ. കെ. സിന്ധുവും ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി.