muttil-tree-cutting-jayathilak-2
  • മുട്ടിൽ മരംമുറി കേസിൽ മുൻ ചീഫ് സെക്രട്ടറി എ.ജയതിലക് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കാലത്ത് ഇടപെട്ടതിന് തെളിവുകൾ പുറത്ത്

മുട്ടിൽ മരംമുറി കേസിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എ.ജയതിലക് ദുരൂഹമായി ഇടപെട്ടതിന് തെളിവുകൾ പുറത്ത്. വിവാദ മരമുറ ഉത്തരവ് റദ്ദാക്കാൻ ഫയലിൽ മുട്ടിൽ മരംമുറി കേസിൽ റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിനായി മുൻ ചീഫ് സെക്രട്ടറി എ. ജയതിലക് ഇടപെട്ടുവെന്ന ആരോപണത്തിന് പിന്നാലെ നിർണായക രേഖ പുറത്തുവന്നു. മുറിച്ച ഈട്ടിത്തടികൾ കൊണ്ടുപോകുന്നതിനുള്ള പാസ് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ നൽകിയ കത്തിൽ തീരുമാനമെടുക്കാൻ ജയതിലക് വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതിന്റെ രേഖയാണ് പുറത്തുവന്നത്. കത്തിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. മുട്ടിൽ മരംമുറി കേസിൽ ആന്റോ അഗസ്റ്റിൻ ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകൾക്ക് പുറമെ സർക്കാർ തലത്തിലും ഗൂഢാലോചന നടന്നിരുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പുതിയ രേഖ പുറത്തുവരുന്നത്.

2020 ഒക്ടോബർ 24നാണ് പട്ടയഭൂമികളിലെ തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയ രാജകീയ മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്ന റവന്യൂ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഈട്ടി ഉൾപ്പെടെയുള്ള മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തിയെന്നാണ് ആരോപണം. എന്നാൽ ഉത്തരവ് വനനിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2020 നവംബർ 19ന് അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് തന്നെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുറിപ്പ് നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് മുട്ടിൽ വില്ലേജിലെ തന്റെ ഭൂമിയിൽനിന്ന് മുറിച്ച ഈട്ടിത്തടികൾ കൊണ്ടുപോകുന്നതിനുള്ള പാസ് ജില്ലാ ഭരണകൂടം അനുവദിക്കുന്നില്ലെന്നും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ ജയതിലകിന് കത്ത് നൽകിയത്. ആ കത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുറിച്ച മരങ്ങളുടെ സാഹചര്യം പരിശോധിക്കണമെന്നും നിർദേശിച്ച് ജയതിലക് കത്ത് വയനാട് ജില്ലാ കളക്ടറായിരുന്ന അദീല അബ്ദുള്ളയ്ക്ക് കൈമാറുകയായിരുന്നു.

വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് സർക്കാരിന് കുറിപ്പ് നൽകിയതിന് ശേഷമാണ് അതേ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുറിച്ച മരങ്ങൾ കൊണ്ടുപോകുന്നതിനുള്ള പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ആന്റോ അഗസ്റ്റിന്റെ കത്തിൽ ജയതിലക് ഇടപെട്ടതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന രേഖ വ്യക്തമാക്കുന്നത്. കീഴിലുള്ള ജില്ലാ കളക്ടർക്ക് ഇത്തരത്തിൽ നിർദേശം നൽകിയത് ഏത് സാഹചര്യത്തിലാണെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഒരു വ്യക്തി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ, ഉത്തരവ് റദ്ദാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ തന്നെ മുറിച്ച മരങ്ങൾ കൊണ്ടുപോകുന്നതിനുള്ള പാസ് സംബന്ധിച്ച് ഇടപെട്ടതിലും ദുരൂഹത ഉയരുന്നുണ്ട്.മുട്ടിൽ മരംമുറി കേസിൽ കെ. ജയതിലകിന്റെ ഭാഗത്തുനിന്ന് ദുരൂഹമായ ഇടപെടലുകൾ ഉണ്ടായിരുന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇപ്പോൾ പുറത്തുവന്ന കത്തിന്റെ പശ്ചാത്തലത്തിൽ ഈ ആരോപണങ്ങൾ വീണ്ടും ചർച്ചയാകുകയാണ്.