മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനത്തിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. തിരുവനന്തപുരത്തുനിന്നെത്തിയ അന്വേഷണ സംഘം മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷം മലപ്പുറത്തുവെച്ചാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ നിലവിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും ആരോപണവിധേയമായ വിഷയം എന്ന നിലയിലാണ് മന്ത്രിയുടെ മൊഴിയെടുത്തിട്ടുള്ളത്.
സർക്കാർ സ്പോൺസർ ചെയ്ത പദ്ധതിയെന്ന രീതിയിലാണ് വിഷയത്തിൽ താൻ ഇടപെട്ടതെന്നും, നടപടികൾ വേഗത്തിലാക്കാൻ മന്ത്രിയെന്ന നിലയിൽ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അബ്ദുറഹിമാൻ നൽകിയ മൊഴി.
അതേസമയം, ടെണ്ടർ നടപടികളില്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി തിരഞ്ഞെടുത്തത്, കായിക വകുപ്പിന് പകരം മന്ത്രിയുടെ ഓഫീസിൽനിന്ന് നേരിട്ട് കത്തിടപാടുകൾ നടത്തിയത്, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ചർച്ചകൾക്കായി നടത്തിയ വിദേശയാത്ര എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ചോദ്യം ചെയ്യൽ. വഴിവിട്ട സഹായം നൽകിയതിൽ അബ്ദുറഹിമാന് പങ്കുണ്ടോയെന്നും സാമ്പത്തിക സ്രോതസ്സുകളിലോ ക്രമക്കേടുകളിലോ ഇദ്ദേഹത്തിന്റെ പങ്ക് എന്താണെന്നും അന്വേഷണസംഘം സമാന്തരമായി പരിശോധിച്ച് വരികയാണ്.
ചോദ്യം ചെയ്യലിൽ ശേഖരിച്ച വിവരങ്ങളും മൊഴികളും വരുംദിവസങ്ങളിൽ എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറും. മൊഴികളിലെ വൈരുധ്യങ്ങളും തെളിവുകളും പരിശോധിച്ച ശേഷമായിരിക്കും കേസിൽ മുൻ മന്ത്രിയെ പ്രതിയാക്കണമോ എന്നതിലടക്കം എസ്.ഐ.ടി അന്തിമ തീരുമാനമെടുക്കുക.